ചരിത്രത്തില്‍ ഇടംപിടിച്ചുകൊണ്ടാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ശ്രീലങ്കന്‍ പര്യടനം പൂര്‍ത്തിയാക്കിയിരിക്കുന്നത്. ക്രിക്കറ്റിലെ മൂന്നു ഫോര്‍മാറ്റുകളും ഉള്‍ക്കൊള്ളുന്ന പരമ്പരയില്‍ സമ്പൂര്‍ണ വിജയം നേടുന്ന ആദ്യ സന്ദര്‍ശക ടീം എന്ന ചരിത്രമാണ് ഇന്ത്യ സ്വന്തമാക്കിയത്.
മൂന്ന് ടെസ്റ്റ് ഉണ്ടായിരുന്ന പരമ്പരയില്‍ അഞ്ച് ഏകദിനങ്ങളുടെ പരമ്പരയും അവസാനം ട്വന്റി ട്വന്റിയും ഏകപക്ഷീയമായി ജയിച്ചാണ് വിരാട് കോഹ്ലിയും സംഘവും ലങ്കന്‍ മണ്ണില്‍ വിരാടവിജയം സ്വന്തമാക്കിയത്. ഒരു രാജ്യത്തിനെതിരെ ഇത്തരത്തില്‍ സമ്പൂര്‍ണ പരമ്പര വിജയം നേടിയ ടീം ആസ്ട്രേലിയയായിരുന്നു. എന്നാല്‍ അത് പാകിസ്ഥാനെതിരെ സ്വന്തം നാട്ടില്‍വച്ചായിരുന്നു.
ഒരു രാജ്യത്തെ അവരുടെ നാട്ടില്‍ ചെന്ന് ഇത്തരത്തില്‍ തോല്‍പ്പിക്കുന്ന ആദ്യത്തെ ടീം എന്നതാണ് ഇന്ത്യയുടെ പ്രത്യേകത. ലങ്കന്‍ മണ്ണില്‍ അഞ്ച് ഏകദിനങ്ങളുള്ള പരമ്പര തൂത്തുവാരുന്ന ആദ്യ ടീമും ഇന്ത്യയാണ്. മാത്രമല്ല ട്വന്റി 20 യില്‍ ഇന്ത്യയുടെ ലങ്കയ്ക്കെതിരായ ഏഴാം വിജയമായിരുന്നു. ഒരു ടീമിനെതിരെ ഏറ്റവും കൂടുതല്‍ തവണ ട്വന്റി 20 കളിക്കുന്ന രാജ്യമെന്ന റെക്കോഡ് ഇന്ത്യയ്ക്ക് സ്വന്തമായി.
പരമ്പരയ്ക്ക് പോകുംമുന്‍പ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി പറഞ്ഞത് പ്രവചനാതീതമായിരിക്കും ഇന്ത്യന്‍ ടീമിന്റെ സ്വഭാവമെന്നാണ്. ഒരു കളിയില്‍ മികച്ച പ്രകടനം കാഴ്ചവച്ചവരെ അടുത്ത മത്സരത്തില്‍ കളിപ്പിക്കണമെന്നില്ല. കാരണം ലക്ഷ്യം അടുത്ത ലോകകപ്പിനുള്ള സമ്പൂര്‍ണ ടീമാണ്. ബാറ്റിങ് പൊസിഷനില്‍ കോഹ്ലി ഉള്‍പ്പെടെയുള്ളവരുടെ കാര്യത്തില്‍ ചെറിയ മാറ്റങ്ങള്‍ വന്നതൊഴിച്ചാല്‍ കാര്യമായ അത്ഭുതങ്ങളൊന്നും ടീം ഘടനയില്‍ ഉണ്ടായില്ല. രണ്ട് ഏകദിനത്തിലൊഴിച്ച് ഇന്ത്യന്‍ ടീമിന്റെ പ്രകടനം പ്രവചനാതീതവുമായിരുന്നില്ല.
ഇന്ത്യന്‍ സംഘത്തിലെ ഒന്നിലധികം താരങ്ങള്‍ മികച്ച പ്രകടനം നടത്തിയെങ്കിലും ക്യാപ്റ്റന്‍ കോഹ്ലിയുടെയും മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയുടെയും തിളക്കത്തില്‍ അവരെല്ലാം മങ്ങിപ്പോയി. ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെന്‍ഡുല്‍ക്കറുടെ റെക്കോഡുകള്‍ കോഹ്ലി മറികടക്കുന്നതിനും അധികം താമസം വേണ്ടായെന്ന് തെളിയിക്കുന്നതായിരുന്നു ഇന്ത്യന്‍ നായകന്റെ പ്രകടനം. ഏകദിന ക്രിക്കറ്റില്‍ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയ കോഹ്ലി, സച്ചിനൊപ്പം ഇന്ത്യക്കാരന്റെ ഉയര്‍ന്ന പോയിന്റായ 887ല്‍ എത്തുകയും ചെയ്തു.
പ്രായത്തിന്റെയും പ്രകടനത്തിന്റെയും പേരില്‍ പേരുദോഷം ഏറെ കേട്ട ധോണി വിമര്‍ശകര്‍ക്ക് നല്കിയ മറുപടികൂടിയായിരുന്നു പരമ്പര. ടീമിലെ സ്ഥാനം തന്നെ സംശയത്തിന്റെ നിഴലിലായ അവസ്ഥയില്‍ ലങ്കയില്‍ കാലുകുത്തിയ ഇന്ത്യന്‍ കീപ്പര്‍ തിരിച്ചുവരുന്നത് പ്രകടനത്തിന്റെയും റെക്കോഡുകളുടെയും പിന്തുണയോടെ ‘വിമര്‍ശകരുടെ’ വായടപ്പിച്ചാണ്.
300 ഏകദിന മത്സരങ്ങള്‍ എന്ന നാഴികക്കല്ല് പിന്നിട്ട ധോണി 2019ലെ ലോകകപ്പിലും ഇന്ത്യയ്ക്ക് വേണ്ടി വിക്കറ്റിനുപിന്നില്‍ ഗ്ലൗസ് അണിയാന്‍ തനിക്ക് ആവുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നു. സ്റ്റമ്പിംഗില്‍ ഏകദിനത്തില്‍ 100 പേരെ പുറത്താക്കുന്ന ആദ്യ കീപ്പറായി ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ മാറി. ഏറ്റവും കൂടുതല്‍ സ്റ്റമ്പിംഗ് നടത്തിയ താരവും ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ ക്യാപ്റ്റന്‍ പദവി വഹിച്ച വിക്കറ്റ് കീപ്പറും അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ നടത്തുന്ന ഏകദിനം, ട്വന്റി 20, ചാമ്പ്യന്‍സ് ട്രോഫി എന്നീ മൂന്ന് ടൂര്‍ണമെന്റുകളിലും ട്രോഫി ഏറ്റുവാങ്ങിയ ഏക നായകന് തുടങ്ങി വിശേഷണങ്ങള്‍ ഏറെയുള്ള ധോണി ലോകത്തിലെ ഏറ്റവും മികച്ച ഫിനിഷര്‍ ആണ് താനെന്ന് അരക്കിട്ട് ഉറപ്പിക്കുന്ന പ്രകടനമാണ് ലങ്കയിലും കാഴ്ചവച്ചത്.
ടെസ്റ്റിലും ഏകദിനത്തിലുമായി മൂന്ന് സെഞ്ച്വറികള്‍ സ്വന്തമാക്കിയ ശിഖര്‍ ധവാനും രണ്ട് സെഞ്ച്വറികള്‍ നേടിയ വിരാട് കോഹ്ലിയും ചേതേശ്വര്‍ പൂജാരയും, ഓരോ സെഞ്ച്വറി കണ്ടെത്തിയ ഹാര്‍ദിക് പാണ്ഡ്യയും, അജിങ്ക്യാ രഹാനെയും ബാറ്റിങ്ങില്‍ ഇന്ത്യന്‍ അപ്രമാദിത്വം വിളിച്ചോതി. ഏകദിനത്തില്‍ 15 ലങ്കന്‍ വിക്കറ്റ് പിഴുത് ജസ്പ്രീത് ബുംറ പേസ് ബൗളിങ്ങില്‍ ഇന്ത്യയുടെ കണ്ടെത്തലായി. അക്ഷര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, യസ്വേന്ദ്ര ചഹല്‍ എന്നീ ബൗളര്‍മാരും ഇന്ത്യന്‍ വിജയം അനായാസമാക്കാന്‍ പന്ത് എറിഞ്ഞു.
2019 ജൂണില്‍ ഇംഗ്ലണ്ടിലാണ് ഏകദിന ലോക കപ്പ് ക്രിക്കറ്റ് മത്സരം. റാങ്കിംഗില്‍ ദക്ഷിണാഫ്രിക്കയ്ക്കും ആസ്ട്രേലിയയ്ക്കും പിന്നില്‍ മൂന്നാം സ്ഥാനത്താണെങ്കിലും സമീപകാല പ്രകടനങ്ങള്‍ ഇന്ത്യയ്ക്ക് മൂന്നാമതൊരു ലോകകപ്പ് പ്രതീക്ഷ നല്‍കുന്നതാണ്. ലോകകപ്പിനുമുമ്പ് ആസ്ട്രേലിയയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കുമെതിരെ ഓരോ ഏകദിന പരമ്പര കളിക്കാനുള്ള അവസരവും ഇന്ത്യയ്ക്കുണ്ട്. ആ പരമ്പരകള്‍ക്കും ലോകകപ്പിനും ആത്മവിശ്വാസം ലഭിക്കുന്നതാണ് ലങ്കന്‍ മണ്ണിലെ സമ്പൂര്‍ണ വിജയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: