അശ്വാനാം ഉച്ചൈഃശ്രവം മാം വിദ്ധി (24)
കൊമ്പ് ഇല്ലാത്ത മൃഗങ്ങളില്‍ വച്ച് ഏറ്റവും വേഗത്തില്‍ ഓടാനുള്ള ശക്തിയുള്ള മൃഗമാണ് കുതിര. കുതിരകളില്‍ വച്ച് ഏറ്റവും ശ്രേഷ്ഠമായത്, പാലാഴി കടയുമ്പോള്‍ അമൃത് ഉണ്ടായപ്പോള്‍ അതോടൊപ്പം ഉണ്ടായ കുതിരയുടെ പേരാണ് ഉച്ചൈശ്രവസ്സ്. ഭഗവാന്റെ വിശേഷ വിഭൂതിയാണ്. ആ കുതിരയെ മഹാബലിക്കാണ് ഭഗവാന് കൊടുത്തത്.
ഗജേന്ദ്രാണാം ഐരാവതം (25)
ശുഭലക്ഷണങ്ങളുള്ള ആനകളെ ഗജേന്ദ്രന്മാര്‍ എന്നു പറയാം. അത്തരം ആനകളില്‍ വച്ച് ഐരാവതം എന്ന ആന ഭഗവാന്റെ വിശേഷ വിഭൂതിയാണ്. അമൃതിന്റെ ഒന്നിച്ച് പാലാഴിയില്‍ നിന്നാണ് ഈ ആന ഉണ്ടായത്. നാലുകൊമ്പും വെളുത്ത നിറവും ആ ആനയുടെ പ്രത്യേകതയാണ്. ഐരാവതമാണ് ഇന്ദ്രന്റെ വാഹനം. ഭഗവാന്റെ വിഭൂതിയാണ്.
നരാണാം നരാധിപം മാം വിദ്ധി (26)
മൃഗങ്ങളെക്കാള്‍ പൂര്‍ണമായി പ്രവര്‍ത്തിക്കാന്‍ കഴിവുള്ളവരാണ് നരന്മാര്‍-മനുഷ്യര്‍. മനുഷ്യരില്‍ മൃഗങ്ങളെക്കാള്‍ ബുദ്ധിയും മനസ്സും ഇന്ദ്രിയങ്ങളും പ്രവര്‍ത്തിക്കുന്നത് ഭഗവച്ചൈതന്യാംശം കൂടുതല്‍ ഉള്ളതുകൊണ്ടാണ്. അവരെ പരസ്പരം രഞ്ജിപ്പിച്ച് വളര്‍ത്തുകയും രക്ഷിക്കുകയും ചെയ്യുന്നതുകൊണ്ട് രാജാവ് ഭഗവാന്റെ വിഭൂതിയത്രെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: