ചെങ്ങന്നൂര്‍: കെഎസ്ആര്‍ടിസി ബസ്സിനുള്ളില്‍ മാല കവരാന്‍ ശ്രമിച്ച നാടോടി സ്ത്രീകളെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. തമിഴ്നാട് ട്രിച്ചി, സമയപുരം മാരിയമ്മന്‍ കോവില്‍ ഏഴാമത് തെരുവില്‍ സ്വദേശിനികളായ മധു(30), അംബിക (26)എന്നിവരാണ് പിടിയിലായത്.
ഇന്നലെ രാവിലെ 10ന് ചെങ്ങന്നൂരില്‍ നിന്നും തിരുവല്ലയിലേക്ക് പുറപ്പെട്ട കെഎസ്ആര്‍ടി ബസ്സില്‍ മഴുക്കീര്‍ ഭാഗത്തേക്ക് യാത്ര ചെയ്തിരുന്ന കല്ലിശ്ശേരി മഴുക്കീര്‍ ചക്കാലയില്‍ ആശവില്ലയില് ശാന്തമ്മ എബ്രഹാമിന്റെ (62) രണ്ടുപവന്‍ തൂക്കമുള്ള സ്വര്‍ണ്ണമാലയാണ് ഇവര്‍ കവരാന്‍ ശ്രമിച്ചത്. ബസ്സ് കല്ലിശ്ശേരി ജങ്ഷനില്‍ എത്തിയപ്പോഴാണ് മധുവും അംബികയും കയറിയത്.
തുടര്‍ന്ന് ശാന്തമ്മയുടെ കഴുത്തില്‍ കിടന്ന മാല ഇവര്‍ അറത്തു മാറ്റുകയായിരുന്നു. ഇതു കണ്ട ബസ്സ് കണ്ടക്ടര്‍ ബഹളം വച്ചതിനെ തുടര്‍ന്ന് മഴുക്കീര്‍ തടിഡിപ്പോയുടെ സമീപത്ത് ബസ് നിര്‍ത്തിയതോടെ ഇരുവരും ഇറങ്ങി ഓടി. യാത്രക്കാരും, നാട്ടുകാരും പിന്തുടര്ന്ന് ഇരുവരേയും പിടികൂടി ചെങ്ങന്നൂര്‍ പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ആലപ്പുഴ ഇറിഗേഷന്‍ വകുപ്പ് ജില്ലാ ഓഫീസിലിലെ അസിസ്റ്റന്റ് ഡയറക്ടര്‍ ആലപ്പുഴ മാളികമുക്ക് കനാന്‍ വാര്‍ഡില്‍ തൈപ്പൂയം വീട്ടില്‍ ശോഭനകുമാരി (55) യുടെ അഞ്ചര പവന് തൂക്കം വരുന്ന സ്വര്‍ണ്ണമാലയും ചെങ്ങന്നൂരിലേക്കുള്ള യാത്രാമദ്ധ്യേ നഷ്ടപ്പെട്ടതായി ചെങ്ങന്നൂര്‍ പോലീസില്‍ പരാതി നല്കി.
ഇന്നലെ രാവിലെ പത്തു മണിക്ക് കെസ്ആര്‍ടിസി ബസ്സില്‍ ആലപ്പുഴ നിന്നും ചെങ്ങന്നൂരില്‍ എത്തി, തുടര്‍ന്ന് ബസ്സ് സ്റ്റാന്‍ഡില്‍ നിന്നും മറ്റൊരു ബസ്സില്‍ ഐടിഐ ജംഗ്ഷനില്‍ ഇറങ്ങി ഇറിഗേഷന്‍ ഓഫീസില്‍ എത്തിയപ്പോഴാണ് മാല നഷ്ടപ്പെട്ട വിവരം ശോഭനകുമാരി അറിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: