അപ്പോഴേക്കും പിതാവിന്റെ ദേഹവിയോഗം സംഭവിച്ചിരുന്നു. പിതാവിന്റെ ഉദകക്രിയകളും മറ്റും ചെയ്തുകൊണ്ടിരിക്കുമ്പോള്‍, ജീവിതത്തിന്റെ നശ്വരതയെപ്പറ്റി ചിന്തിക്കുകയും ഇനിയുള്ള കാലം സത്യമാര്‍ഗ്ഗത്തില്‍ ജീവിക്കുകയും, വേണ്ടിവന്നാല്‍ ആധ്യേയമാര്‍ഗ്ഗത്തിനു വേണ്ടിത്തന്നെ ജീവന് ത്യജിക്കാനും ദൃഢതയോടെ തയ്യാറെടുക്കുന്നു. ഈ സമയത്തായിരുന്നു നദിയില്‍ കുളിച്ചുകൊണ്ടിരിക്കുമ്പോള്‍ കാലില്‍ മുതല കടിക്കുന്നതും. ആര്യാംബ ഗത്യന്തരമില്ലാതെ ശങ്കരാചാര്യര്‍ക്ക് സംന്യാസത്തിനുള്ള സമ്മതം മൂളുന്നതും. എന്നാല്‍ അമ്മയുടെ പിണ്ഡോദകക്രിയകള്‍ ചെയ്യാന്‍ വാഗ്ദാനവും ഉണ്ടായിരുന്നു. പിന്നീട് അമ്മയുടെ അന്ത്യദിനമായപ്പോള്‍ തല്‍ക്ഷണം വരികയും മരണാനന്തര കര്‍മ്മങ്ങള്‍ ചെയ്യുകയുമുണ്ടായി. അ സമയത്താണ് ‘-മാതൃപഞ്ചകം’ എന്ന കൃതി രചിക്കുന്നത്. ഗര്‍ഭാവസ്ഥയില്‍ അമ്മ അനുഭവിക്കുന്ന വ്യഥകളും പ്രസവവേദനയും അതിനുശേഷം വളര്ത്തുന്നതിലുള്ള കഷ്ടപ്പാടുകളും വ്യസനങ്ങളും ഇതില്‍ വിശദീകരിക്കുന്നു.
വേദ-വേദാംഗപാരംഗതനായ ശങ്കരാചാര്യര്‍, ആത്മോന്നതിക്കുവേണ്ടി തന്റെ ഉള്ളില്‍ ദൃഢതരമായി ഉറഞ്ഞുകൂടിയ അഭിവാഞ്ഛയുടെ പുറംതോട് പൊട്ടിച്ചുകളയുകയും പൂജ്യ മാതാവിനെ വന്ദിച്ചുകൊണ്ട് ഗുരുവിനെത്തേടി യാത്ര പുറപ്പെടുകയും ചെയ്തു. തന്റെ ഹൃദയാന്തരാളത്തില്‍ അമേയമായ ഒരു ശക്തി കുടികൊള്ളുന്നുവെന്നുള്ള ബോധത്തില്‍ നിന്നുമാണ് നമുക്ക് അദ്ദേഹത്തില്‍ നിന്ന് ‘-അച്യുതാഷ്ടകം’ എന്ന കൃതി ലഭിച്ചത്. അങ്ങനെ ഗോവിന്ദ ഭഗവദ്പാദരുടെ ആശ്രമത്തിലേക്കുള്ള യാത്രാമദ്ധ്യേ കാല്‍നടയായി സഞ്ചിരിച്ച് ഗോകര്‍ണക്ഷേത്രത്തില്‍ എത്തി. അവിടെവച്ചാണ് മുമ്പ് കാലടിയിലെ സഹപാഠി വിഷ്ണുശര്‍മ്മനെ കണ്ടുമുട്ടുന്നതും. സംന്യാസത്തെ സംബന്ധിച്ച് അവര്‍ തമ്മിലുള്ള സംവാദത്തിന്റെ ഫലമായി വിഷ്ണുശര്‍മ്മനും സഹയാത്രികനാകേണ്ടിവന്നു. ഇരുവരുടെയും യാത്രയ്ക്കൊടുവില്‍ നര്‍മ്മദാ തീരത്തുള്ള അമരശാന്തമെന്ന സ്ഥലത്ത് വസിച്ചിരുന്ന ഗോവിന്ദ ഭഗവദ്പാദരെ കണ്ടുമുട്ടി.
അമിതതേജസ്വിയായ ശങ്കരാചാര്യരെ കണ്ട മാത്രയില്‍ തന്നെ ഗോവിന്ദ ഭഗവദ്പാദര്‍ ആകൃഷ്ടനാവുകയും ആനന്ദാതിരേകത്താല്‍ അദ്ദേഹത്തിന്റെ മുഖപത്മം വിടരുകയും ചെയ്തു. യഥാര്‍ത്ഥത്തില്‍, ശങ്കരചാചാര്യരെയും പ്രതീക്ഷിച്ചിരിക്കുകയായിരുന്നു അദ്ദേഹം. ഉത്തമഗുണസമ്പന്നരായ യോഗ്യരായ തന്മയീഭാവം പ്രാപിച്ച ശിഷ്യരെ അന്തഃകരണത്തില്‍ സങ്കല്പിക്കുകയും അതിന്റെ പൂര്‍ത്തീകരണത്തില്‍ ആനന്ദിക്കുകയും ചെയ്യുക എന്നത് പല മഹാത്മാക്കളുടേയും സ്വഭാവമാണ്. ഇത്തരം പല മഹാത്മാക്കളുടേയും ജീവചരിത്രം നാം മനസ്സിലാക്കിയതുമാണ്. ഉടനെ തന്നെ ശങ്കരാചാര്യര്‍ക്ക് ആശ്രമത്തില്‍ താമസിക്കാനുള്ള വ്യവസ്ഥകള്‍ ചെയ്തു.
ഗോവിന്ദ ഭഗവദ്പാദര്‍ തത്കാലം ആശ്രമത്തിന്റെ ചുമതല ശങ്കരാചാര്യരെ ഏല്‍പ്പിച്ചുകൊണ്ട് ബദരികാശ്രമത്തിലേക്കു പോയി. ഈ സമയത്തായിരുന്നു ആ പ്രദേശത്ത് വെള്ളപ്പൊക്കമുണ്ടായത്. പേമാരിയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കക്കെടുതിയില്‍ അകപ്പെട്ടവരുടെ നിസ്സഹായത ശങ്കരാചാര്യരുടെ ഉള്ളില്‍ത്തട്ടുകയും അവര്‍ക്കുവേണ്ടി സേവാപ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിനു നേതൃത്വം നല്‍കുകയും ചെയ്തു.
ഗോവിന്ദ ഭഗവദ്പാദര്‍ തിരിച്ചുവന്നപ്പോള്‍ വെള്ളപ്പൊക്കക്കെടുതിയില്‍ അകപ്പെട്ടവര്‍ക്ക് ശങ്കരാചാര്യര്‍ ചെയ്ത സേവനങ്ങള്‍ അറിയുകയും അതില്‍ സന്തുഷ്ടനാവുകയും ചെയ്തു. ഇനി ശങ്കരനെ ധര്‍മ്മോദ്ധാരണപ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി പരിവ്രജനത്തിനയക്കണമെന്നും അതിനുമുമ്പായി പരമഗുരു ഗൗഡപാദാചാര്യരെ ദര്‍ശിക്കാനും അനുഗ്രഹം നേടുന്നതിനുവേണ്ടി അങ്ങോട്ടയക്കാനും നിശ്ചയിച്ചു. ഇതറിഞ്ഞപ്പോള്‍ ശങ്കരാചാര്യര്‍ അത്യന്തം ആനന്ദിച്ചു. അങ്ങനെ രണ്ടുപേരും കൂടി ഹിമവല്‍സാനുക്കളിലൂടെ സഞ്ചരിച്ച് ബദരികാശ്രമത്തില്‍ എത്തി. ഗൗഡപാദാചാര്യരുടെ സ്നേഹഭാജനത്തിനു പാത്രീഭൂതരായി. നാലു വര്‍ഷം അവിടെ താമസിച്ചു.
അത്യന്തം മഹത്വപൂര്‍ണ്ണമായ ഈ കാലയളവിലാണ് ഗൗഡപാദാചാര്യരുടെ ആജ്ഞയെ ശിരസാവഹിച്ച് നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചതും പ്രസ്ഥാനത്രയങ്ങള്‍ (ശ്രീമദ് ഭഗവദ്ഗീത, ഉപനിഷത്തുക്കള്‍, ബ്രഹ്മസൂത്രം)ക്ക് ഭാഷ്യം ചമച്ചതും. കേവലം ഒറ്റ ശ്ലോകത്തിലുള്ള ഏകശ്ലോകി പ്രകരണം മുതല്‍ ആയിരത്തി ആറ് ശ്ലോകങ്ങളുള്ള സര്‍വ്വവേദാന്തസാരസംഗ്രഹം എന്ന അതിബൃഹത്തായ പ്രകരണഗ്രന്ഥങ്ങള്‍ വരെ അദ്ദേഹത്തിന്റേതായിട്ടുണ്ട്. ഭാഷാസൗകുമാര്യം, ആശയസ്ഫുടത, സിദ്ധാന്തസമര്‍ത്ഥനം ഇവയൊക്കെ അവയുടെ പ്രത്യേകതയാണ്. അദ്വിതീയമായ ഈ കൃത്യത്തില്‍ ഗൗഡപാദാചാര്യരുടെ അനുഗ്രഹവും സംപ്രീതിയും നേടിയെടുക്കാന്‍ സാധിച്ചു.
ഈ ജ്ഞാനനിധിയുമായി ധര്മ്മരക്ഷാര്ത്ഥം യാത്ര പുറപ്പെട്ടതേയുള്ളു. അപ്പോഴാണ് തന്റെ പൂര്‍വ്വാശ്രമ ബന്ധുമായ അഗ്നിശര്മ്മന് വരുന്നതും ആര്യാംബ കൊടുത്തയച്ച സ്വര്‍ണ്ണനാണയങ്ങള്‍ നല്കിയതും. മാതാവ് അന്ത്യദിനങ്ങള്‍ എണ്ണിക്കഴിയുകയാണെന്ന വിവരം അദ്ദേഹമാണ് അറിയിച്ചത്. തന്റെ അദമ്യമായ മാതൃഭക്തിയില്‍ ഉള്ളിലെ തീപ്പൊരി സ്ഫുരിക്കുന്നുണ്ടായിരുന്നു. ഈ ധനംകൊണ്ടാണ് സമുദ്രനിരപ്പില്‍നിന്നും ഇരുപത്തിമൂവ്വായിരം അടി ഉയരത്തില്‍ ഹിമവല്‍ശൃംഗത്തിലുള്ള ബദരികാശ്രമത്തില്‍ത്തന്നെ ബദരീനാരായണക്ഷേത്രം പണികഴിപ്പിച്ചതും. ഇതിന്റെ പണി തുടങ്ങിവെച്ചാണ് അഗ്നിശര്‍മന്റെ കൂടെ അതിവേഗം ഇങ്ങ് കാലടിയില്‍ എത്തിച്ചേരുന്നത്. കുറച്ചു ദിവസം മാതൃശുശ്രൂഷ ചെയ്ത് മാതാവിനരികെത്തന്നെ നിലകൊണ്ടു. നിത്യവും പൂര്‍ണ്ണാനദിയില്‍ കുളിക്കുമായിരുന്ന അമ്മയ്ക്കുവേണ്ടി ഒരു കുടവുമായി പോയി പൂര്‍ണ്ണാനദിയെ ആവാഹിച്ച് വീട്ടുമുറ്റത്തെത്തിച്ച കഥ ലോകപ്രസിദ്ധമാണ്.
അമാനുഷികശക്തി മനസ്സിലാക്കിയ ജനങ്ങള്‍ പുകഴ്ത്തുവാന്‍ തുടങ്ങി. ഈയവസരിത്തിലാണ്, ‘ശങ്കരാ നീ ധര്‍മ്മരഹസ്യം മനസ്സിലാക്കിയ ആളാണെന്നും, അതില്‍ കുറച്ചെങ്കിലും എനിക്കു പറഞ്ഞു തരണമെന്നും, ഈ അന്ത്യകാലത്ത് മനസ്സിനു കുറച്ചൊരു സമാധനം ലഭിക്കട്ടെ’ എന്നും അമ്മ പറഞ്ഞത്. അങ്ങനെ ‘-തത്വബോധം’ എന്ന ഗ്രന്ഥം രചിച്ചു. ഇതിലെ ചിന്താഗതിയൊക്കെ സാധാരണക്കാര്‍ക്കു മനസ്സിലാക്കാന്‍ പറ്റുമോ എന്നും എനിക്ക് കൃഷ്ണനെപ്പറ്റി എന്തെങ്കിലും പറഞ്ഞുതരൂ എന്നുമുള്ള മാതാവിന്റെ ഇച്ഛാപൂര്‍ത്തീകരണത്തിനുവേണ്ടി ‘-കൃഷ്ണാഷ്ടകം’ രചിച്ച് അമ്മയെ കേള്‍പ്പിച്ചു. ഈ ‘കൃഷ്ണാഷ്ടകം’ കേട്ടുകൊണ്ട് ഭക്തിയില്‍ ലയിച്ച് ഭഗവാന് കൃഷ്ണനെത്തന്നെ ധ്യാനിച്ചുകൊണ്ട് അമ്മ ഭഗവാനിലേക്കുതന്നെ മടങ്ങി. ചില സമൂഹിക വെല്ലുവിളികളെ നേരിട്ടുകൊണ്ട്, ശാസ്ത്രവിധിപ്രകാരം തന്നെ അമ്മയുടെ ശവസംസ്കാരച്ചടങ്ങുകള്‍ നിര്‍വ്വഹിക്കുകയും ചെയ്തു. മാതാവിന്റെ ചിതയ്ക്കു തീകൊളുത്തിയപ്പോഴാണ് ‘-മാതൃസ്മൃതി’ എന്ന കവിത അദ്ദേഹം രചിച്ചത്.
തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: