മുംബൈ: മഹാരാഷ്ട്രയിലെ ഖണ്ഡലയ്ക്ക് സമീപം ട്രെയിന്‍ വീണ്ടും പാളം തെറ്റി. ഗുഡ്സ് ട്രെയിന്റെ രണ്ട് കോച്ചുകള്‍ പാളം തെറ്റിയാണ് അപകടം ഉണ്ടായത്. ഇന്ന് തന്നെ ഇത് മൂന്നാം തവണയാണ് ട്രെയിന്‍ പാളം തെറ്റി അപകടം ഉണ്ടാകുന്നത്. നേരത്തെ ഉത്തര്‍പ്രദേശിലെ സോനഭദ്രയിലും ദല്‍ഹിയിലും ട്രെയിന്‍ പാളം തെറ്റി അപകടം സംഭവിച്ചിരുന്നു. കൂടാതെ പാളത്തില്‍ വിള്ളല്‍ കണ്ടെത്തിയതായി മറ്റൊരു വാര്‍ത്തയും യുപിയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പുലര്‍ച്ചെ 6.25ഓടെ ഓബ്റയ്ക്കു സമീപം സോനഭദ്രയിലാണ് ആദ്യ പാളം തെറ്റല്‍ ഉണ്ടാകുന്നത്. ഹൗറയില്‍നിന്നു ജബല്‍പൂരിലേക്കു പോകുകയായിരുന്ന ശക്തിപൂഞ്ച് എക്സ്പ്രസിന്റെ ഏഴു ബോഗികളാണു പാളംതെറ്റിയത്. യുപിയില്‍ ഈ മാസം മൂന്നാം തവണയാണ് ഇത്തരത്തില്‍ ട്രെയിന്‍ പാളം തെറ്റുന്നത്.
സോനഭദ്രയിലെ അപകടത്തിന് പിന്നാലെ ദല്‍ഹിയില്‍ രാജധാനി എക്സ്പ്രസ് ട്രെയിന്‍ പാളം തെറ്റിയും അപകടമുണ്ടായി. 11.45ഓടെ ശിവാജി പാലത്തില്‍ വച്ചാണ് റാഞ്ചി രാജധാനി എക്സ്പ്രസ് അപകടത്തില്‍ പെട്ടത്.
ഇതിന് പിന്നാലെയാണ് പാളത്തില്‍ വിള്ളല്‍ സംഭവിച്ചതായി മറ്റൊരു വാര്‍ത്ത യുപിയില്‍ നിന്ന് തന്നെ പുറത്ത് വരുന്നത്. ഫറൂഖാബാദിനും ഫത്തേഗഡിനും ഇടയിലായിട്ടാണ് പാളത്തില്‍ വിള്ളല്‍ കണ്ടെത്തിയത്. കാളിന്ദി എക്സ്പ്രസ് കടന്നു പോകാന്‍ മിനിറ്റുകള്‍ ബാക്കി നില്‍ക്കെയാണ് വിള്ളല്‍ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ പ്രദേശവാസികള്‍ ഇടപ്പെട്ട് വിള്ളലുണ്ടായ ഭാഗത്തിന് മുമ്പായി ട്രെയിന്‍ നിര്‍ത്തിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: