പാലക്കാട്:തൊഴിലുറപ്പില്‍ ഇനി കനാല്‍ അറ്റകുറ്റപ്പണിയില്ല.ഇതോടെ ഡാമുകളില്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ വെള്ളം കൂടുതലായിട്ടും രണ്ടാം വിള ഇറക്കണമോയെന്ന ആശങ്കയില്‍ കര്‍ഷകര്‍. കനാലുകളില്‍ വെള്ളം എത്തിയാലും കനാലുകള്‍ മുഴുവന്‍ കാടുപിടിച്ച് കിടക്കുന്നതിനാല്‍ കൃഷിയിടങ്ങളിലേക്ക് വെള്ളമെത്തില്ല.
ഇതാണ് കര്‍ഷകരുടെ ആശങ്കക്ക് കാരണം. പഞ്ചായത്ത് അധികൃതര്‍ തൊഴിലുറപ്പില്‍ ഉള്‍പ്പെടുത്തിയാണു വര്‍ഷങ്ങളായി കനാല്‍ അറ്റകുറ്റപ്പണി നടത്തിയിരുന്നത്.
തൊഴിലുറപ്പില്‍ ചെയ്യുന്ന ജോലികള്‍ വര്‍ഷങ്ങളോളം നിലനില്ക്കണമെന്നതിനാലാണു കനാല്‍ വൃത്തിയാക്കല്‍ വേണ്ടെന്നു വച്ചതെന്നു പറയുന്നു. ഇനി കനാല്‍ നേരാക്കല്‍ ഇറിഗേഷന്‍ വകുപ്പധികൃതരുടെ തലയിലായിരിക്കും.
പ്രധാനകനാലുകള്‍ അധികൃതര്‍ നന്നാക്കിയാല്‍ തന്നെ സബ് കനാലുകളും ഫീല്‍ഡ് ബൂത്ത് കനാലുകളും നേരാക്കേണ്ടതുണ്ട്. ഫീല്‍ഡ് ബൂത്ത് കനാലുകള്‍ കര്‍ഷകര്‍ നേരാക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ടെങ്കിലും നഷ്ടത്തിലായ കൃഷി ഇറക്കലിനു പുറമെ കനാലുകള്‍ കൂടി നേരാക്കി ആയിരങ്ങള്‍ വീണ്ടും നഷ്ടപ്പെടുത്തണമോയെന്ന സംശയത്തിലാണു കര്‍ഷകര്‍ രണ്ടാം വിള ഇറക്കണമോയെന്ന സംശയത്തില്‍ എത്തിയിരിക്കുന്നത്.
തുലാമഴയില്‍ ചേറ്റുവിത നടത്തി തുടര്‍ കൃഷി പണികള്‍ കനാല്‍ വെള്ളത്തിലാണു നടത്താറ്. കനാലുകള്‍ മണ്ണടിഞ്ഞും കാട് പിടിച്ചും കിടക്കുകയാണ്. നവംബര്‍ മുതലെങ്കിലും വെള്ളം ലഭിച്ചാല്‍ മാത്രമേ കൃഷി സുഗമമായി മുന്നോട്ട് കൊണ്ടു പോകാന്‍ സാധിക്കൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: