ന്യൂദല്‍ഹി: പ്രതിരോധമേഖലയില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്. 24 മണിക്കൂറും രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്ന മന്ത്രിയായിരിക്കും താനെന്നും അവര്‍ വ്യക്തമാക്കി. ചുമതലയേറ്റ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.
സായുധ സേനയിലെ അംഗങ്ങള്‍ക്കും അവരുടെ കുടുബങ്ങള്ക്കുമായിരിക്കും പ്രഥമ പരിഗണനയെന്നും നിര്‍മല വ്യക്തമാക്കി. ഏല്‍പ്പിക്കപ്പെട്ടിരിക്കുന്ന ദൗത്യം ഏറ്റവും വിജയപ്രദമായി പൂര്‍ത്തിയാക്കുന്നതിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും സൈന്യത്തിന് ഉറപ്പുവരുത്തുമെന്ന് മന്ത്രി പറഞ്ഞു.
ഇതിനായി സൈന്യത്തെ കൂടുതല്‍ സജ്ജമാക്കുകയും സാങ്കേതികമായി നവീകരിക്കുകയും ചെയ്യും. സൈന്യവുമായും പ്രതിരോധ മന്ത്രാലയവുമായും ബന്ധപ്പെട്ട് ദീര്‍ഘകാലമായി നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ക്ക് പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച നടത്തി പരിഹാരം കാണും.
പ്രതിരോധ ആവശ്യങ്ങള്‍ക്കായുള്ള ഉപകരണങ്ങളുടെ നിര്‍മ്മാണത്തിന് പ്രധാനമന്ത്രിയുടെ സ്വപ്ന പദ്ധതിയായ ‘മേയ്ക്ക് ഇന്‍ ഇന്ത്യ’യ്ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുമെന്നും അവര്‍ വ്യക്തമാക്കി. ഇന്ത്യയ്ക്കും ഇന്ത്യയുടെ പ്രതിരോധ മന്ത്രാലയത്തിനും ലോകത്തിനു മുന്നില്‍ വ്യക്തമായ മേല്‍വിലാസമുണ്ടാക്കിക്കൊടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയുടെ പ്രതിരോധ താല്പര്യങ്ങള് സംരക്ഷിക്കുന്നതിന് ആത്മാര്‍ഥമായി പരിശ്രമിക്കുമെന്നും നിര്‍മല സീതാരാമന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: