പത്തനാപുരം: ഓണവിപണി ലക്ഷ്യമിട്ട് മലയോര മേഖലയില്‍ തുടങ്ങിയ വ്യാജ ചാരായ നിര്‍മാണം പൊടിപൊടിച്ചു. ആവശ്യക്കാര്‍ക്ക് വീടുകളില്‍ നേരിട്ട് എത്തിച്ചായിരുന്നു ചാരായ സംഘത്തിന്റെ പ്രവര്‍ത്തനം. ബിവ്റേജസുകളുടെ അഭാവവും നീണ്ട ക്യൂവുമെല്ലാം നാടന്‍ ചാരായത്തിന് ആവശ്യക്കാരുടെ എണ്ണം കൂട്ടി.
ഓണത്തിന് മാസങ്ങള്‍ക്ക് മുമ്പേ തന്നെ മലയോര മേഖല കേന്ദ്രീകരിച്ച് വ്യാജച്ചാരായ സംഘങ്ങള്‍ തമ്പടിച്ചിരുന്നു. ഇത്തരം സംഘങ്ങളെ പറ്റി വിവരം ലഭിച്ചിട്ടും പരിശോധന നടത്താന്‍ എക്സൈസ്, വനംവകുപ്പ്, പോലീസ് ഉദ്യോഗസ്ഥര്‍ തയ്യാറായില്ല.
പത്തനാപുരം മേഖലയിലെ ബിവ്റേജസ് ഔട്ട്ലറ്റുകളും ബിയര്‍ പാര്‍ലറുകളും പൂട്ടിയതോടെയാണ് വന്‍തോതിലുള്ള കച്ചവടം ലക്ഷ്യമിട്ട് വനമേഖല കേന്ദ്രീകരിച്ച് വ്യാജചാരായ മാഫിയ സജീവമായത്. ഏറെക്കാലമായി നിര്‍ജീവമായിരുന്ന സംഘമാണ് വീണ്ടും മേഖലയില്‍ ശക്തമായത്.
ചെമ്പനരുവി, പുന്നല, കറവൂര്‍, നടുമുരുപ്പ്, തൊണ്ടിയാമണ്‍, പൂങ്കുളഞ്ഞി, പാടം, മാങ്കോട് തുടങ്ങിയ മേഖലകളിലാണ് ഇത്തരം സംഘങ്ങള്‍ താവളമാക്കിയത്. പലപ്പോഴും രഹസ്യവിവരങ്ങള്‍ ലഭിച്ചിട്ടും പ്രദേശത്ത് പരിശോധന നടത്താന്‍ എക്സൈസ് അധികൃതരോ, വനപാലകരോ തയ്യാറായില്ല.
വ്യാജവാറ്റ് സംഘങ്ങളില്‍ നിന്നും പണവും പാരിതോഷികങ്ങളും കൈപ്പറ്റുന്ന ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ വകുപ്പുകളില്‍ ഉണ്ടന്നാണ് പരക്കെയുളള ആക്ഷേപം. വാണിജ്യാടിസ്ഥാനത്തില്‍ വ്യാജചാരായം നിര്‍മിക്കാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നത് മലയോര മേഖലയിലെ തൊഴിലാളികളാണെന്നും വന്‍ സംഘം തന്നെ ഇതിനു പിന്നിലുണ്ടെന്നും സൂചനയുണ്ട്.
ഉദ്യോഗസ്ഥ വൃന്ദങ്ങളില്‍ പോലും സ്വാധീനമുള്ള ഇവരെ ഭയന്നാണ് വിവരം അറിയുന്നവര്‍ പോലും പുറത്ത് പറയാതിരിക്കുന്നത്. പലപ്പോഴും പേരിനു വേണ്ടി നടത്തുന്ന പരിശോധനകള്‍ പ്രഹസനമായി മാറുകയാണ് പതിവ്. വ്യാജവാറ്റ് സംഘത്തില്‍ പെട്ടവര്‍ വ്യാപകമായി മൃഗവേട്ട നടത്തുന്നതായും വിവരമുണ്ട്. പോലീസ്, വനം, എക്സൈസ് വകുപ്പുകളുടെ യോജിച്ചുള്ള പ്രവര്‍ത്തനങ്ങളിലൂടെ മാത്രമേ ഇത്തരം സംഘങ്ങളുടെ പ്രവര്‍ത്തനം തടയാന്‍ സാധിക്കൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: