ന്യൂദൽഹി: വിവാദ പീഡനക്കേസിൽ ജയിലകപ്പെട്ട ദേരാ സച്ചാ സൗദാ തലവൻ ഗുര്‍മീത് രാം റഹീം സിങ്ങിന്റെ അനുയായികൾ രാജ്യ തലസ്ഥാനത്ത് നടത്താൻ പദ്ധതിയിട്ടത് വൻ ആക്രമണ പരമ്പരയെന്ന് അന്വേഷണ സംഘം. ഗുർമീതിനെ ജയിലിലടക്കുന്നതിന് പത്ത് ദിവസങ്ങൾക്ക് മുൻപ് തന്നെ അനുയായികൾ ദൽഹിയിലെ സർക്കാർ സ്ഥാപനങ്ങൾ അക്രമിച്ച് നശിപ്പിക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്തിരുന്നതായിട്ടാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.
ഗുർമീതിന്റെ അനുയായികളായ പ്രമോദ് കുമാർ, രാജീവ് സിങ് എന്നിവരെ അന്വേഷണ സംഘം ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന ഈ വിവരം പുറത്ത് വന്നത്. ദൽഹിയിൽ രണ്ട് സർക്കാർ ബസുകൾ കത്തിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ഇവർ പോലീസ് പിടിയിലാകുന്നത്. ഗുർമീതിന്റെ വിചാരണ നടക്കുന്ന ദിവസങ്ങളിൽ അനുയായികളുടെ സംഘങ്ങൾ ഒത്ത് കൂടുകയും ദൽഹിയിലേയും സമീപ സംസ്ഥാനങ്ങളിലെയും സർക്കാർ സ്ഥാപനങ്ങൾ നശിപ്പിക്കാൻ പദ്ധതിയിടുകയായിരുന്നുവെന്ന് ഇവർ പോലീസിന് മൊഴി നൽകി.
ആഗസ്ത് 25ന് നടത്താനുള്ള ആക്രമണത്തിന് പദ്ധതി മെനഞ്ഞത് 17, 20, 23 തിയതികളിലാണെന്നും അതിനായി 30ഓളം അനുയായികളെ ഏർപ്പാട് ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. ദൽഹിയിലെ വിവിധ പ്രദേശങ്ങളിൽ തമ്പടിച്ച് ആക്രമണം നടത്താൻ അനുയായികൾ തയ്യാറായിരുന്നു. ആക്രമണത്തിനു വേണ്ടിയുള്ള പെട്രോൾ ബോംബുകൾ, വടികൾ, മുളക് പൊടി, ബേസ് ബോൾ ബാറ്റുകൾ തുടങ്ങിയവ എല്ലാവർക്കും വിതരണം ചെയ്തിരുന്നതായും ഇവർ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
ഗുർമീതിന്റെ അറസ്റ്റിനെ തുടർന്നുണ്ടായ കലാപത്തിൽ മുപ്പതിലധികം പേര് കൊല്ലപ്പെടുകയും നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: