കറാച്ചി: പാക്കിസ്ഥാൻ സൈന്യത്തെ ന്യായീകരിച്ച് പാക്ക് ജനറൽ, ഖുമർ ജാവേദ് ബജ്‌വ. രാജ്യത്ത് നിന്ന് ഭീകരവാദത്തെ തുടച്ചു നീക്കുന്നതിൽ പാക്ക് സൈന്യം പരാജയപ്പെട്ടുവെന്ന് പറയുന്നത് പ്രതിഷേധാർഹമാണെന്ന് അദ്ദേഹം പറഞ്ഞു. പാക്ക് ദേശീയ മാധ്യമമായ ഡോണിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഭീകരവാദത്തിനെതിരെ പാക്ക് സൈന്യം നടപടിയെടുത്തില്ല എന്നാണ് ലോക രാജ്യങ്ങൾ ആരോപിക്കുന്നതെങ്കിൽ തനിക്ക് വ്യക്ത്മായി പറയാൻ സാധിക്കും മറ്റൊരു രാജ്യവും ഭീകരവാദത്തെ തുടച്ചുമാറ്റാൻ ശ്രമിച്ചിട്ടില്ലെന്ന്. നീണ്ട വർഷങ്ങളായി തങ്ങൾ ഭീകരതയ്‌ക്കെതിരെ യുദ്ധം ചെയ്ത് വരികയാണ്, നിരവധി പേർ യുദ്ധത്തിൽ കൊല്ലപ്പെട്ടു, എന്നിട്ടും ഇത്തരത്തിൽ തങ്ങളുടെ സൈന്യത്തെ എന്തിന് കുറ്റപ്പെടുത്തുന്നു എന്നത് വ്യക്തമാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പാക്കിസ്ഥാൻ ഭീകരവാദത്തിനെതിരെ മൃദുസമീപനമാണ് നടപ്പിലാക്കുന്നതെന്ന് അമേരിക്കൻ കോൺഗ്രസ് വിമർശനം ഉന്നയിച്ചിരുന്നു. ഇതിനുള്ള മറുപടിയാണ് ജനറൽ ഈ പ്രസ്താവനയിലൂടെ വ്യക്തമാക്കിയത്.
അഫ്ഗാനിസ്ഥാനിലെ താലിബാൻ, അൽഖ്വയ്ദ ഭീകരർക്ക് പാക്ക് സൈന്യം ആയുധങ്ങളും സാമ്പത്തിക സഹായവും നൽകുന്നുവെന്നാണ് അമേരിക്കൻ കോൺഗ്രസ് ആരോപിച്ചത്. യുഎസ് സൈനികരെ കൊലപ്പെടുത്താനായിട്ടാണ് പാക്ക് സൈന്യം ഇത്തരത്തിലുള്ള നടപടി സ്വീകരിക്കുന്നതെന്നും അമേരിക്ക ആരോപണത്തിൽ ഉന്നയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: