കൊച്ചി: സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ മിനി ആര്‍സിസി തുടങ്ങുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം നടപ്പായില്ല. പാവപ്പെട്ട അര്‍ബുദ രോഗികള്‍ക്ക് കുറഞ്ഞ ചെലവില്‍ ചികിത്സിക്കാനുള്ള സംവിധാനമാണ് ഇതോടെ ഇല്ലാതായത്. വിദഗ്ധരായ ഡോക്ടര്‍മാരുടെ കുറവും സര്‍ക്കാര്‍ നടപടികളുടെ മെല്ലെപ്പോക്കുമാണ് മിനി ആര്‍സിസി പ്രവര്‍ത്തനം തുടങ്ങുന്നതിന് തടസ്സം.
സംസ്ഥാനത്ത് ഓരോ വര്‍ഷവും പുതുതായി 50,000 പേര്‍ക്ക് വീതം അര്‍ബുദം പിടിപെടുന്നുണ്ടെന്നാണ് കണക്ക്. ചികിത്സാ സംവിധാനത്തിന്റെ കുറവുമൂലം ഇതില്‍ പലരും പെട്ടെന്ന് മരിക്കുന്നു. മെഡിക്കല്‍ ഓങ്കോളജി, സര്‍ജിക്കല്‍ ഓങ്കോളജി എന്നീ വിഭാഗങ്ങളില്‍ ആവശ്യത്തിന് വിദഗ്ധരായ ഡോക്ടര്‍മാര്‍ സര്‍ക്കാര്‍ സംവിധാനത്തില്‍ ഇല്ല.
സര്‍ക്കാര്‍ സംവിധാനത്തില്‍ പഠിച്ചിറങ്ങുന്ന ഡോക്ടര്‍മാരില്‍ പലരും വന്‍ ശമ്പളത്തിന് സ്വകാര്യ ആശുപത്രികളിലും വിദേശത്തും ജോലിക്ക് പോകുകയാണ്. ഇത് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കാത്തതും തിരിച്ചടിയായി. അതുകൊണ്ടുതന്നെ മിനി ആര്സിസികളില് നിയമനം നടത്തുന്നതിനും തടസ്സങ്ങളേറെയാണ്.
മെഡിക്കല്‍ കോളേജില്‍ മിനി ആര്‍സിസി തുടങ്ങാന്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരാണ് തീരുമാനമെടുത്തത്. ഇതിനായി തസ്തിക സൃഷ്ടിക്കാനും ധാരണയായിരുന്നു. എന്നാല്‍, ഒരു മെഡിക്കല്‍ കോളേജിലും മിനി ആര്‍സിസിക്ക് നടപടിയെടുത്തില്ല. ഇടത് സര്‍ക്കാരും മിനി ആര്‍സിസി തുടങ്ങുന്നതിന് ശ്രമം നടത്തിയില്ല.
ഇതോടെ, തിരുവനന്തപുരം ആര്‍സിസിയെയും മലബാര്‍ കാന്‍സര്‍ സെന്റററിനെയും ആശ്രയിക്കേണ്ട ഗതികേടിലാണ്, അര്‍ബുദ രോഗികള്‍. കൊച്ചി കാന്‍സര്‍ സെന്ററിന്റെ പ്രവര്‍ത്തനവും കാര്യക്ഷമമായി നടക്കുന്നില്ല.
സര്‍ക്കാര്‍ സംവിധാനത്തില്‍ സംസ്ഥാനത്ത് നിലവില്‍ 75 ഓങ്കോളജിസ്റ്റുമാരാണുള്ളത്. ഇതില്‍ ഏറിയ പങ്കും റേഡിയേഷന് ഓങ്കോളജിസ്റ്റാണ്. കേരളത്തിലെ മിക്ക മെഡിക്കല്‍ കോളേജുകളിലും റേഡിയേഷന് ഓങ്കോളജിയില്‍ പിജി കോഴ്സുകളുണ്ട്. എന്നാല്‍, മെഡിക്കല്‍, സര്‍ജിക്കല്‍ ഓങ്കോളജിയില്‍ ആര്‍സിസിയില്‍ മാത്രമാണ് കോഴ്സുകളുള്ളത്.
അതുകൊണ്ടുതന്നെ രോഗികളുടെ എണ്ണത്തിന് ആനുപാതികമായി ഡോക്ടര്‍മാരുടെ എണ്ണം ഉയരുന്നില്ല. സര്‍ക്കാര്‍തലത്തില്‍ കൂടുതല്‍ ഓങ്കോളജിസ്റ്റുമാരെ വാര്ത്തെടുത്തില്ലെങ്കില് സാധാരണക്കാരായ അര്‍ബുദ രോഗികളുടെ ചികിത്സ തടസ്സപ്പെടുന്ന സ്ഥിതിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: