മുണ്ടക്കയം: ചതയദിനത്തില്‍ സപ്ളൈകോ സൂപ്പര്‍മാര്‍ക്കറ്റുകള്‍ തുറന്നു. ഏന്തയാറ്റില്‍ വിശ്വാസികള്‍ കടയടപ്പിച്ചു
ശ്രീനാരായണ ഗുരു ജയന്തിദിനത്തില്‍ സപ്ലെകോ സൂപ്പര്‍മാര്‍ക്കറ്റുകള്‍ സംസ്ഥാനത്തെമ്പാടും തുറന്നു പ്രവര്‍ത്തിച്ചത് വ്യാപക പ്രതിഷേധത്തിനിടയാക്കി. സര്‍ക്കാരിന്റെ മറ്റു സ്ഥാപനങ്ങള്‍ക്കും അവധി നല്കിയപ്പോള് സപ്ലെകോയുടെ കീഴിലുളള സൂപ്പര്‍മാര്‍ക്കറ്റുകള്‍ തുറന്നു പ്രവര്‍ത്തിക്കുകയായിരുന്നു. മുന്‍വര്‍ഷങ്ങളിലെല്ലാം ഗുരുദേവ ജയന്തി ദിനത്തില്‍ സര്‍ക്കാര്‍ അവധി നല്‍കുകയും സൂപ്പര്‍മാര്‍ക്കറ്റുകള്‍ അടക്കമുളള എല്ലാ ഔട്ലെറ്റുകളും അടച്ചിടുകയും ചെയ്തിരുന്നു. എന്നാല്‍ ഇക്കുറി സൂപ്പര്‍മാര്‍ക്കറ്റുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കുലര്‍ നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്നു സംസ്ഥാനത്തെ സപ്ലെകോയുടെ കീഴിലുളള എല്ലാ സൂപ്പര്‍മാര്‍ക്കറ്റുകളും ബുധനാഴ്ച പ്രവര്‍ത്തിക്കുകയായിരുന്നു.
സംഭവത്തില്‍ വ്യാപക പ്രതിഷേധമാണുയര്‍ന്നത്. ഏന്തയാര്‍ എസ്എന്‍ഡിപി കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റു തുറന്നു പ്രവര്‍ത്തനം നടത്തിയതോടെ വിശ്വാസികള്‍ എത്തി പ്രതിഷേധവുമായി രംഗത്തു വന്നു. തുടര്‍ന്നു കട അടച്ചു. ശ്രീനാരായണ ഗുരുജയന്തി ദിനത്തില്‍ സര്‍ക്കാര്‍ അവധി പ്രഖ്യാപനം നടത്തുകയും കടകള്‍ തുറക്കാന്‍ രഹസ്യ നിര്‍ദ്ദേശവും നല്കുന്ന നടപടി ഗുരുനിന്ദയാണന്നു ഹൈറേഞ്ചുയൂണിയന് പ്രസിഡന്റ് ബാബു ഇടയാടികുഴി, സെക്രട്ടറി അഡ്വ.പി.ജീരാജ് എന്നിവര്‍ കുറ്റപ്പെടുത്തി. ഗുരുവിനോട് കാട്ടുന്ന അനാദരവു ശ്രീനാരായണീയരോട് കാട്ടുന്ന വെല്ലുവിളിയാണെന്നും നേതാക്കള്‍ പറഞ്ഞു. ബക്രീദ് ദിനത്തിലും മിക്ക മാവേലി സ്റ്റോറുകളും സൂപ്പര്‍മാര്‍ക്കറ്റുകളും തുറന്നു പ്രവര്‍ത്തിച്ചിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: