കോണ്‍ഗ്രസ് ഭരണമുള്ള കര്‍ണാടകയില്‍ മാധ്യമപ്രവര്‍ത്തകയും ‘ഗൗരി ലങ്കേഷ് പത്രികെ’യുടെ എഡിറ്ററുമായിരുന്ന ഗൗരി ലങ്കേഷ് വധിക്കപ്പെട്ട സംഭവത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടിയിരിക്കുകയാണ്. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയാണ് വീടിനടുത്തുവച്ച് ഗൗരി ലങ്കേഷ് അക്രമികളുടെ വെടിയേറ്റ് മരിച്ചത്.
രണ്ട് ബൈക്കുകളിലായെത്തിയ മൂന്നുപേര്‍ ഗൗരിക്കുനേരെ നിറയൊഴിക്കുകയായിരുന്നു. വെടിയേറ്റു വീണ അവര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. കര്‍ണാടകയിലെ കോണ്‍ഗ്രസ് ഭരണത്തിന് കീഴില്‍ നടക്കുന്ന ഒറ്റപ്പെട്ട സംഭവമല്ല ഇത്. 2015ല്‍ എഴുത്തുകാരനായ എം.എം. കല്‍ബുര്‍ഗി ധാര്‍വാഡില്‍ അക്രമിയുടെ വെടിയേറ്റ് മരിച്ചിരുന്നു.
2013 ലാണ് പി.സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് കര്‍ണാടകയില്‍ അധികാരത്തില്‍ വന്നത്. മൂന്നുവര്‍ഷത്തെ ഭരണത്തിനിടെ ഹിന്ദുത്വ-ദേശീയ സംഘടനകളില്‍പ്പെടുന്ന 30 പേര് മൃഗീയമായി സംസ്ഥാനത്ത് കൊലചെയ്യപ്പെട്ടു. സംസ്ഥാനത്ത് അക്രമികള്‍ അഴിഞ്ഞാടുകയാണ്. ആര്‍ക്കും ആരെയും കൊലപ്പെടുത്താമെന്ന അവസ്ഥയാണ്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഇരയാണ് ഗൗരി ലങ്കേഷ്.
കര്‍ണാടക ആഭ്യന്തരമന്ത്രിയായിരുന്ന കെ.ജെ. ജോര്‍ജ്, ഇന്റലിജന്‍സ് എഡിജിപി: എം.എം. പ്രസാദ് തുടങ്ങിയവര്‍ ആരോപണവിധേയരായ മുന്‍ ഡിവൈഎസ്പി: എം. കെ. ഗണപതിയുടെ ആത്മഹത്യാ കേസ് സംസ്ഥാന സര്‍ക്കാരിന്റെ എതിര്‍പ്പ് തള്ളി സുപ്രീംകോടതി സിബിഐ അന്വേഷണത്തിനു വിട്ട ദിവസംതന്നെയാണ് ഗൗരി ലങ്കേഷ് കൊലചെയ്യപ്പെട്ടത്.
ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്ന് ആഭ്യന്തര മന്ത്രിസ്ഥാനം രാജിവച്ച കെ.ജെ. ജോര്‍ജ്ജിനെ ആരോപണം ശരിവയ്ക്കുന്ന തെളിവില്ലെന്ന സിഐഡി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മന്ത്രിയായി തിരിച്ചെടുത്തു. ഇപ്പോള്‍ കേസ് സിബിഐയ്ക്ക് വിട്ടിരിക്കുന്നതിനാല്‍ ജോര്‍ജ്ജ് രാജിവയ്ക്കണമെന്ന ആവശ്യം വീണ്ടും ഉയര്‍ന്നിരിക്കുകയാണ്.
നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ അധികാരം നിലനിര്‍ത്താന്‍ ജനങ്ങളെ ജാതിയുടേയും മതത്തിന്റെയും മറ്റും പേരില്‍ വിഭജിക്കാനാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ ശ്രമിക്കുന്നത്. അക്രമങ്ങള്‍ക്കുനേരെ ബോധപൂര്‍വം കണ്ണടയ്ക്കുകയും ചെയ്യുന്നു.
മന്ത്രിമാരായ രാംനാഥ് റായ്, യു.ടി. ഖാദര്‍ എന്നിവര്‍ തീരദേശ മേഖലയില്‍ സംഘര്‍ഷം കുത്തിപ്പൊക്കുകയും അക്രമത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുവെന്ന ആരോപണവും ശക്തമാണ്. ഗൗരി ലങ്കേഷിന്റെ വധത്തില്‍ കണ്ണീരൊഴുക്കുന്ന പലരും കേരളത്തില്‍ ടി.പി ചന്ദ്രശേഖരനെ 52 വെട്ടിലൂടെ ഇല്ലാതാക്കിയപ്പോള്‍ കനത്ത നിശബ്ദത പാലിച്ചവരാണ്. ഇവരുടെ മനുഷ്യസ്നേഹം തട്ടിപ്പാണ്.
ഗൗരിയുടെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന് അവരുടെ കുടുംബാംഗങ്ങള്‍തന്നെ ആവശ്യപ്പെട്ടിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. സിബിഐ അന്വേഷണം വേണമെന്ന് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ഡി. വി. സദാനന്ദ ഗൗഡയും ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാല്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചിരിക്കുകയാണ് സിദ്ധരാമയ്യ. ക്രമസമാധാനം സംസ്ഥാന വിഷയമാണ്. രാജ്യമെമ്പാടും കോളിളക്കമുണ്ടാക്കിയതാണ് കല്‍ബുര്‍ഗി കേസ്. ഏതു വിധത്തില്‍ അന്വേഷിക്കാനുള്ള സ്വാതന്ത്ര്യവും സര്‍ക്കാരിനുണ്ടായിരുന്നു. എന്നാല്‍ രണ്ട് വര്‍ഷമായിട്ടും കേസില്‍ യാതൊരു തുമ്പുമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല.
ഗൗരി ലങ്കേഷ് കേസ് സംസ്ഥാന പോലീസ് അന്വേഷിച്ചാലും ഇതുതന്നെയാവും ഗതിയെന്ന് കരുതുന്നവര്‍ ഏറെയാണ്. യഥാര്‍ത്ഥത്തില്‍ കുറ്റവാളികളെ പിടികൂടാതിരിക്കുന്നതാണ് രാഷ്ട്രീയലാഭമെന്ന് കോണ്‍ഗ്രസ് സര്‍ക്കാര്‍ കരുതുന്നുണ്ടാവും. കല്‍ബുര്‍ഗി കേസില്‍ ഇതാണ് സംഭവിക്കുന്നതെന്ന് സംശയിക്കണം. യഥാര്‍ത്ഥ പ്രതികളെ പിടികൂടിയാല്‍ സംഘപരിവാറിനെതിരെ ഇതുവരെ നടത്തിയ കുപ്രചാരണങ്ങളുടെ പൊള്ളത്തരം വെളിപ്പെടുമെന്ന ഭയം സിദ്ധരാമയ്യയുടെ സര്‍ക്കാരിനുണ്ടാവാം.
രാജ്യത്ത് എവിടെ എന്തു കുറ്റകൃത്യം നടന്നാലും കേന്ദ്രസര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും പഴിക്കുന്ന രീതിയാണ് കോണ്‍ഗ്രസും അവരുമായി കൈകോര്‍ത്തിട്ടുള്ള ഇടതുപാര്‍ട്ടികളും സ്വീകരിക്കുന്നത്. ഗൗരി ലങ്കേഷിന്റെ കൊലപാതകക്കേസിലും ദുരുപദിഷ്ടവുമായ പ്രസ്താവനയുമായി കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും രംഗത്തുവന്നിരിക്കുന്നു.
ആരോ എഴുതിക്കൊടുക്കുന്ന പ്രസ്താവനകള്‍ സത്യവുമായി പുലബന്ധംപോലുമില്ലാത്ത ജല്‍പ്പനങ്ങളായാണ് ഇവരിലൂടെ പുറത്തുവരുന്നത്. മഹാരാഷ്ട്രയില്‍ യുക്തിവാദി നരേന്ദ്ര ധാബോല്‍ക്കര്‍ കൊല്ലപ്പെട്ടതും കോണ്‍ഗ്രസ് ഭരിക്കുമ്പോഴാണ്.
കല്‍ബുര്‍ഗിയായാലും ഇപ്പോള്‍ ഗൗരി ലങ്കേഷായാലും കൊല്ലപ്പെട്ടത് സ്വന്തം പാര്‍ട്ടിയുടെ ഭരണത്തിന് കീഴിലാണെന്ന പ്രാഥമിക സത്യം കോണ്‍ഗ്രസ് അംഗീകരിക്കണം. ഇക്കാര്യം മറച്ചുപിടിച്ച് നുണപ്രചാരണം നടത്തുന്നത് ജനാധിപത്യ വിരുദ്ധവും അങ്ങേയറ്റം നിരുത്തരവാദപരവുമാണ്.
കുപ്രചാരണം നടത്തുന്ന സമയം കുറ്റവാളികളെ കണ്ടുപിടിക്കാന്‍ ചെലവഴിക്കണമെന്ന് സ്വന്തം മുഖ്യമന്ത്രിയെ ഉപദേശിക്കട്ടെ. ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ ആത്മാര്‍ത്ഥമായ പ്രതിഷേധമുണ്ടെങ്കില്‍ മുഖ്യമന്ത്രിയായ സിദ്ധരാമയ്യയോട് രാജിവയ്ക്കാന്‍ ആവശ്യപ്പെടുകയാണ് കോണ്‍ഗ്രസ് ചെയ്യേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: