ഗണന നിര്‍ണ്ണയിക്കാന്‍ സാധിക്കാത്തത്ര കാലത്തിനപ്പുറത്തുനിന്ന് സനാതനധര്‍മ്മ ശാസ്ത്രങ്ങള്‍ വാമൊഴിയായും വരമൊഴിയായും അനുസ്യൂതം പ്രവഹിച്ച് ഇന്നും നവംനവമായി നിലനില്ക്കുന്നു. ആര്‍ഷമായ ഈ ചിന്താധാരകള്‍ ഗുരു-ശിഷ്യ പരമ്പരകളിലൂടെ സമാജത്തെയാകെ ഒരു മാല കണക്കെ ചേര്‍ത്തുനിര്‍ത്തി ലോകത്തിന് വെളിച്ചവും തെളിച്ചവും പ്രദാനം ചെയ്തുകൊണ്ടിരിക്കുന്നു.
ഈ ആര്‍ഷപരമ്പരയുടെ അമൂല്യമായ ശൃംഖലയില്‍ വിളക്കിച്ചേര്‍ത്ത അനേകശതം മുത്തുകളും രത്നങ്ങളുമായ മഹാത്മാക്കള്‍ വന്നുംപോയുമിരിക്കുന്നു. അതിലെ ഒരു പ്രധാന കണ്ണിയായിരുന്നു ശാസ്ത്രപ്രചാരണത്തിലൂടെയും അദ്വൈതസിദ്ധാന്ത സമര്‍ത്ഥനത്തിലൂടെയും ഭാരതത്തെ വിശ്വവിജയിയാക്കിയ ആദിശങ്കരാചാര്യ ഭഗവദ്പാദര്‍. ഇത്തരം മഹാത്മാക്കളെ നമ്മുടെ കയ്യിലുള്ള മുഴക്കോല് കൊണ്ട് അളന്നു തിട്ടപ്പെടുത്താവുന്നതോ തുലാസുകൊണ്ട് തൂക്കാവുന്നതോ അല്ല, അതിനുമപ്പുറത്താണ് അവര്‍ നിലകൊള്ളുന്നത്.
സര്‍വ്വൈശ്വര്യങ്ങളുമുണ്ടായിട്ടും ധര്‍മ്മാവലംബികളും വിദ്വാന്മാരും സദാചാരനിഷ്ഠരുമായ ശിവഗുരു-ആര്യാംബ ദമ്പതികളെ മക്കളില്ലാത്ത ഒരു ശൂന്യത നിരന്തരം അലട്ടിക്കൊണ്ടേയിരുന്നു. ഈ ദുഃഖഭാരം ദിനംതോറും അവരുടെ മനസ്സില്‍ വര്‍ദ്ധിക്കുകയായിരുന്നു.
നിറഞ്ഞ മനസ്സോടെ അവരിരുവരും ഭഗവാനെ ഭജിച്ച് അഹോരാത്രം പ്രാര്‍ത്ഥനയോടെ കഴിയുകയായിരുന്നു. ഈ പ്രാര്‍ത്ഥനയുടെയും സാത്വികാഭിലാഷത്തിന്റെയും ഫലമായിരുന്നു ആര്യാംബയുടെ ഉദരത്തില്‍നിന്നും ജനിച്ച പുത്രരത്നം. സാക്ഷാല്‍ ഭഗവാന് ശങ്കരന്റെ വരദാനമായി ലഭിച്ച ഈ കുട്ടിക്ക് ശിവഗുരു ‘ശങ്കരന്’ എന്നുതന്നെ നാമകരണം ചെയ്തു.
ചെറുപ്പത്തിലേ തന്നെ അസാമാന്യവും അസാധാരണവും പ്രോജ്ജ്വലവുമായ ബുദ്ധിശക്തി മനസ്സിലാക്കിയ ശിവഗുരു മൂന്നാമത്തെ വയസ്സില്‍ത്തന്നെ അക്ഷരാഭ്യാസം ചെയ്യിക്കാനുറച്ചു. തന്റെ അസാമാന്യ ബുദ്ധിവൈഭവംകൊണ്ട് അഞ്ച് വയസ്സാകുമ്പോഴേക്കും സര്‍വ്വ സാഹിത്യങ്ങളും ശങ്കരന് സ്വായത്തമാക്കിയിരുന്നു. ഒരു വിഷയം ഒരിക്കല്‍ ശ്രവിച്ചാല്‍ മനോമുകുരത്തില്‍ സൂക്ഷിക്കാന്‍ കഴിവുള്ള ഏകപാഠിയായിരുന്നു ശങ്കരന്.
ഇതില്‍ അത്യന്തം ആനന്ദതുന്തിലനായ ശങ്കരന്റെ ഗുരു വേദാംഗങ്ങളായ ഛന്ദസ്, വ്യാകരണം മുതലായവ വെറും രണ്ടു വര്‍ഷംകൊണ്ടുതന്നെ പഠിപ്പിച്ചു. അസാമാന്യ ബുദ്ധിയുടെയും തുറന്ന ഹൃദയത്തിന്റെയും ബലംകൊണ്ട് ജനങ്ങളുടെ ഹൃദയകമലത്തില്‍ ശ്രേഷ്ഠമായൊരു സ്ഥാനം ഉറപ്പിക്കാന്‍ ചെറുപ്പത്തിലേ സാധിച്ചു. അതിനൊപ്പംതന്നെ സ്വാഭാവികമായും ശ്രേഷ്ഠത കൈവരിക്കുകയും ചെയ്തു.
അഞ്ചാം വയസ്സില്‍ ഉപനയന സംസ്കാരത്തിനു ശേഷം ശങ്കരന് വേദാദ്ധ്യയനത്തിനുവേണ്ടി ഗുരുകുലത്തിലേക്കു പോവുകയും ഗുരുവിനെ പ്രാപിക്കുകയും ചെയ്തു. വേദങ്ങളും വേദാംഗങ്ങളും പെട്ടെന്നുതന്നെ പഠിച്ചു തീര്‍ക്കുക മാത്രമല്ല, തന്റെ സഹപാഠികളെ പഠിപ്പിക്കുന്ന കൃത്യം കൂടി ചെയ്തുപോന്നു. അക്കാലത്തായിരുന്നു തന്റെ സ്വച്ഛമായ ബുദ്ധിശക്തിയെ തെളിയിക്കുന്ന തരത്തില്‍ ബാലബോധസംഗ്രഹം എന്ന കൃതി രചിച്ചിട്ടുള്ളത്.
ഗുരുകുലത്തില്‍ താമസിച്ച് പഠിക്കുന്ന ബ്രഹ്മചാരി, സമ്പ്രദായങ്ങള്‍ നിലനിര്‍ത്തുന്നതിനും അഹങ്കാരനിവൃത്തിക്കും സമാജത്തോടുള്ള കര്‍ത്തവ്യം ബോധിക്കുന്നതിനും ധനികനെന്നോ പാവപ്പെട്ടവനെന്നോ പണ്ഡിതനെന്നോ പാമരനെന്നോ ഉള്ള വ്യത്യാസമില്ലാതെ ഭിക്ഷയെടുക്കണെമെന്ന നിയമം ഉണ്ടായിരുന്നു.
ഒരു ദിവസം ശങ്കരന് ഒരു വീട്ടില്‍ പോവുകയും മുറ്റത്തുനിന്ന് ഭിക്ഷാം ദേഹി എന്നു പറഞ്ഞ് ഭിക്ഷ യാചിക്കുകയും ചെയ്തു. ഭിക്ഷ യാചിച്ചു വരുന്ന ബ്രഹ്മചാരിയെ, ഗുരുകുലത്തിലെ വടുവിനെ, വെറുംകയ്യോടെ പറഞ്ഞയക്കരുതെന്നത് ഉള്ളിലൊതുക്കി, അവിടെ മുറിയുടെ മൂലയില്‍ ഉണ്ടായിരുന്ന പത്തു നെല്ലിക്കയില്‍ ഒരെണ്ണം എടുത്തു ശങ്കരന്റ ഭിക്ഷാപാത്രത്തില്‍ ഇട്ട ബ്രാഹ്മണ സ്ത്രീയുടെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു. ആ സന്ദര്‍ഭത്തില്‍ വ്യസനിക്കുന്ന ആ സാധുസ്ത്രീയുടെ മനസ്സ് വായിച്ചെടുക്കാന്‍ സാധിച്ചു.
ശങ്കരന് അവര്‍ വ്യസനിക്കുന്നതിന്റെ കാരണം തിരക്കുകയും കാര്യങ്ങള്‍ മനസ്സിലാക്കുകയും ചെയ്തു. അടുത്തത്, തങ്ങളുടെ ഗൃഹത്തില്‍ യോഗ്യരായവരെ ഭിക്ഷയ്ക്കുവേണ്ടി കാത്തിരിക്കുന്ന ഒരു ധനികന്റെ ഗൃഹത്തിലായിരുന്നു എത്തിപ്പെട്ടത്. ഭിക്ഷാം ദേഹി എന്നു പറയുമ്പോഴേക്കും ഭിക്ഷ നല്കാന് തയ്യാറായിക്കൊണ്ട് ഗൃഹനാഥന് തന്റെ മുന്നില്‍ വന്നു നില്‍ക്കുകയും ചെയ്തു.
ഭിക്ഷ സ്വീകരിക്കാതെ കൈകള്‍ രണ്ടും പിറകില്‍ വെച്ചുകൊണ്ട്, തന്റെ സമാജത്തിലുള്ളവരെ സ്നേഹിക്കാതെ അവരോട് പ്രേമവും മമതയുമില്ലാത്തവര്‍ തരുന്ന ഭിക്ഷാന്നം ഭുജിച്ചാല്‍ തന്നില്‍ ധാര്‍മ്മികഭാവനയുണ്ടാവുമോ എന്ന ചോദ്യം അദ്ദേഹത്തെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുകയുണ്ടായി. അതിന്റെ അര്‍ത്ഥം മനസ്സിലായതുമില്ല.
ശങ്കരന്റെ വിശദീകരണത്തില്‍നിന്നും ബോധം കൈക്കൊണ്ട് അദ്ദേഹം ആ പാവപ്പെട്ട ബ്രാഹ്മണസ്ത്രീക്ക് ധാരാളം സ്വര്‍ണ്ണ നെല്ലിക്ക ഉണ്ടാക്കി കൊടുത്തയച്ചു എന്ന കഥ സുവിദിതമാണല്ലോ.
എട്ട് വയസ്സാകുന്നതുവരെ ഗുരുകുലത്തില്‍ താമസിച്ച് സമസ്ത വേദങ്ങളിലും ശാസ്ത്രങ്ങളിലും സമ്പൂര്‍ണ്ണ പാണ്ഡിത്യം സ്വായത്തമാക്കിയ ശങ്കരന് ആചാര്യന് എന്ന ബിരുദം ലഭിക്കുകയും ശങ്കരാചാര്യര്‍ എന്ന് അറിയപ്പെടുകയും ചെയ്തു.
തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: