ഭാരതീയ ആചാരാനുഷ്ഠാനങ്ങളുടെ അടിസ്ഥാന ഗ്രന്ഥങ്ങളില്‍ ഭൂരിഭാഗവും വരുന്നത് കല്പശാസ്ത്രം എന്ന വേദാംഗഭാഗത്തിലാണ്. ഗൃഹസ്ഥന് അനുഷ്ഠിക്കേണ്ട ഗൃഹ്യകര്‍മ്മങ്ങള്‍ വിവരിക്കുന്നത് കല്‍പശാസ്ത്രത്തിന്റെ ഗൃഹ്യസൂത്രം എന്ന ഭാഗത്താണ്.
യജ്ഞകര്‍മ്മങ്ങളെല്ലാം ശ്രൗതസൂത്രഭാഗങ്ങളിലും മരണാനന്തരം നടത്തുന്ന സര്‍വ്വ ആചാരങ്ങളും പിതൃമേധസൂത്രം എന്നറിയപ്പെടുന്ന ഭാഗത്തിലുമായി വിന്യസിച്ചിരിക്കുന്നു. സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും ഭദ്രതക്കും നല്ല രീതിയിലുള്ള സാമൂഹ്യബന്ധങ്ങള്ക്കുമായി വ്യക്തികളും കുടുംബങ്ങളും അനുശാസിക്കേണ്ട ആചാരങ്ങളെ ധര്‍മ്മശാസ്ത്രമായി കല്പശാസ്ത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
ധര്‍മ്മശാസ്ത്ര ഭാഗങ്ങള്‍ സമൂഹനിയമങ്ങളായതിനാലും ദേശവും കാലവുമനുസരിച്ച് മാറ്റങ്ങള്‍ സംഭവിക്കാവുന്നതിനാലും അവയെ സ്മൃതികളെന്നും അറിയപ്പെടുന്നു. ഇന്ത്യന്‍ ഭരണഘടനയില്‍ കാലാകാലങ്ങളില്‍ ഭേദഗതി വരുത്തുന്നും പഴയതുതിരുത്തുന്നതുംപോലെ സ്മൃതികളില്‍ മാറ്റങ്ങളാകാം. (ശ്രുതികളായ വേദങ്ങളില്‍ മാറ്റങ്ങള്‍ സംഭവിക്കാന്‍ പാടില്ല) ഈ നാലുഭാഗങ്ങള്‍ കൂടാതെ ആചാരാനുഷ്ഠാനങ്ങളില്‍ ഉണ്ടാകുന്ന പിഴവുകള്‍ക്ക് പ്രായശ്ചിത്തമായി അനുഷ്ഠിക്കേണ്ട പ്രായശ്ചിത്താചാരങ്ങളുണ്ട്.
അവയെ പ്രായശ്ചിത്തവിധി എന്ന ഭാഗത്തില്‍ തന്നെ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇപ്രകാരം ഗൃഹ്യ-ശ്രൗത-ധര്‍മ്മ-പിതൃമേധ-പ്രായശ്ചിത്ത സംബന്ധിയായ എല്ലാ ആചാരങ്ങളുടെയും അടിസ്ഥാനം കല്പശാസ്ത്ര ഗ്രന്ഥങ്ങളാണ്. മേല്‍വിവരിച്ച അഞ്ചുഭാഗങ്ങളില്‍ അനവധി ആചാരകര്മ്മങ്ങള്, ഓരോ വിഭാഗത്തിലുമായി വിവരിക്കുന്നതിനാല്‍ ഓരോ ഗൃഹ്യ-ശ്രൗത-ധര്‍മ്മ-പിതൃമേധ സൂത്രഭാഗവും ബൃഹത്തായ അനവധി പുസ്തകങ്ങളായിത്തീര്ന്നു.
കൂടാതെ കല്‍പശാസ്ത്രത്തിന്റെ എല്ലാ ഭാഗങ്ങളും ഉള്‍പ്പെടാത്ത പ്രത്യേകം പ്രത്യേകം ശ്രൗത-ധര്‍മ്മ-പിതൃമേധ-ഗ്രന്ഥങ്ങള്‍ അതാതു വിഷയങ്ങള്‍ മാത്രം വിവരിക്കുന്നതായും അനവധി ഋഷിവര്യന്മാര് രചിച്ചിട്ടുണ്ട്. സമ്പൂര്‍ണ കല്പശാസ്ത്രങ്ങളായി ഇന്നും ലഭ്യമായ ഗ്രന്ഥങ്ങളാണ് ബൗധായന (കല്പശാസ്ത്രം), കാത്യായന കല്പം, ഭരദ്വാജ കല്പം, ആപസ്തംബകല്പം, മാനവകല്പം എന്നിവ.
ഇവയെല്ലാം അതിബൃഹത്തായ ഗ്രന്ഥങ്ങളാണെന്നറിയുവാന് ബൗധായന കല്പസൂത്രത്തിന്റെ ഉദാഹരണം മാത്രം മതിയാകും. ബൗധായന കല്പത്തിന്റെ 1 മുതല്‍ 21 വരെ ഭാഗങ്ങള്‍ (ഇവയെ പ്രശ്നങ്ങള്‍ എന്നറിയപ്പെടുന്നു) യജ്ഞകര്‍മ്മങ്ങളുടെ ചടങ്ങുകള്‍ വിവരിക്കുന്ന ശ്രൗതസൂത്രമാണ് 22 മുതല്‍ 25 വരെ യജ്ഞകര്‍മ്മത്തിന്റെ ഭാഗമായ യജ്ഞകുണ്ഡം, യാഗശാല എന്നിവയുടെ നിര്‍മാണത്തിനാവശ്യം അനുശാസിക്കേണ്ട അളവുകളും ജ്യോമട്രി രൂപങ്ങളും വിവരിക്കുന്ന സുല്ബസൂത്രമാണ്.
26 മുതല്‍ 28 വരെ പ്രശ്നങ്ങള്‍ കര്‍മ്മാന്തങ്ങള്‍ എന്നറിയപ്പെടുന്ന ചില പ്രത്യേക ചടങ്ങുകളും ആചാരങ്ങളുമാണ്. 29 മുതല്‍ 31 വരെ പ്രായശ്ചിത്ത വിധികളും തുടര്‍ന്ന് 32-ാം പ്രശ്നം ദ്വൈധ എന്നറിയപ്പെടുന്ന പ്രത്യേക യാഗചടങ്ങുകളുമാണ്. 33 മുതല്‍ 35 വരെ ബൗധായന ഗൃഹ്യസൂത്രങ്ങള്‍. 36-ാം ഭാഗം ഗൃഹ്യസൂത്രചടങ്ങുകളിലുണ്ടാകുവാന് സാധ്യതയുള്ള പരിമിതികള്‍ക്കുള്ള പ്രായശ്ചിത്ത വിധികളും 37 മുതല്‍ 41 വരെ ഗൃഹ്യസൂത്രത്തിലെ ആചാരങ്ങളുടെ വിവരണത്തില്‍ ഉപയോഗിക്കുന്ന പ്രത്യേക സംസ്കൃത പദങ്ങളുടെ സവിസ്തര വിവരണവുമാണ്.
42 മുതല്‍ 44 വരെ മരണാനന്തര കര്‍മ്മങ്ങളുടെ ചടങ്ങുകളായ (ആചാരങ്ങള്‍) പിതൃമേധസൂത്രം. 45-ാം ഭാഗം പ്രവര്ത്തകസൂത്രം എന്നറിയപ്പെടുന്ന പ്രത്യേക ഭാഗമാണ്.46 മുതല്‍ 49 വരെ സുദീര്‍ഘമായ ബൗധായന ധര്‍മ്മസൂത്രവും. മേല്‍ വിവരിച്ച ഓരോ ഭാഗവും അതിബൃഹത്തായ അനേകായിരം താളുകളുള്ള പുസ്തകങ്ങളായി ഇന്ന് ലഭ്യമാണ്. മറ്റു കല്പശാസ്ത്രങ്ങളും വിഷയാടിസ്ഥാനത്തില്‍ വ്യക്തമായ ഉപഗ്രന്ഥങ്ങളായി ഭാഗിച്ചിരിക്കുന്നത് കാണാം.
കല്പശാസ്ത്ര ഗ്രന്ഥങ്ങളുടെ (അല്ലെങ്കില്‍ ഓരോ വിഭാഗം വിഷയങ്ങളുടെ) രചയിതാക്കളായ ഋഷിവര്യന്മാര് ഏതു വൈദീകശാഖയുടെ അനുചരന്മാരാണോ ആ വൈദീകശാഖക്കാര് അനുശാസിക്കേണ്ട ആചാരങ്ങളാണ് അതത് കല്പസൂത്രത്തിലടങ്ങിയിരിക്കുന്നത്. അതായത് കാത്യായന കല്‍പശാസ്ത്രത്തിലെ ആചാരാനുഷ്ഠാനങ്ങള്‍ ശുക്ലയജുര്വേദീയ ശാഖക്കാര്‍ അനുഷ്ഠിക്കേണ്ട രീതിയിലാണ് രചിച്ചിരിക്കുന്നത്.
മറ്റൊരു രീതിയില്‍ വിവരിച്ചാല്‍ ശുക്ലയജുര്‍ വേദീയ ശാഖക്കാര്‍ അനുഷ്ഠിക്കുന്ന ഗൃഹ്യ-ശ്രൗത-ധര്‍മ്മ-പിതൃമേധ ആചാരങ്ങള്‍ക്കടിസ്ഥാനം കാത്യായന കല്പശാസ്ത്ര ഗ്രന്ഥങ്ങളാണ്. അതുപോലെ ബൗധായനകല്പശാസ്ത്രം കൃഷ്ണയജുര്‍വേദത്തിലെ തൈത്തരീയ ശാഖക്കാര്‍ അനുഷ്ഠിക്കുന്നതാണ്. കൃഷ്ണ യജുര്‍വേദത്തിന്റെ മറ്റൊരു ശാഖയായ മൈത്രായണീ ശാഖക്കാരുടെ ആചാരങ്ങള്‍ക്കടിസ്ഥാനം മാനവകല്പശാസ്ത്രമാണ്.
ബൗധായനം കൃഷ്ണയജുര്‍വേദത്തിന്റെ തൈത്തരീയ ശാഖയുടെ തന്നെ ആചാരഭാഗമാണ്. ഓരോ കുടുംബത്തിലും ജനിച്ച പുരുഷ അംഗങ്ങളും ആ കുടുംബത്തിലേക്ക് വിവാഹത്തിലൂടെ വരുന്ന സ്ത്രീകളും ഏതു വേദശാഖയില്പ്പെട്ടവരാണെന്ന വിവരം തലമുറ തലമുറകളായി അച്ഛനില്‍നിന്ന് മക്കള്‍ക്ക് ലഭിക്കുന്ന അറിവാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: