കൊല്ലം: 2019 മാര്‍ച്ച് 31 ഓടെ സംസ്ഥാനത്തെ എല്ലാ പൊതുവിദ്യാലയങ്ങളും ഹൈടെക് ആകുമെന്ന് മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു. കൊല്ലം വിമല ഹൃദയ എച്ച്എസ്എസില്‍ ദേശീയ അധ്യാപക ദിനാഘോഷവും സംസ്ഥാന അധ്യാപക, പിടിഎ പുരസ്കാര വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
എട്ട് മുതല്‍ 12 വരെ ക്ലാസുകള്‍ ഈ വര്‍ഷം തന്നെ ഹൈടെക് സംവിധാനത്തിലേക്ക് മാറും. തുടര്‍ന്ന് യുപി, എല്‍പി ക്ലാസുകളും ഹൈടെക് ആക്കും. 2019 ഓടെ പുര്‍ണ്ണമായും ഡിജിറ്റല്‍ വിദ്യാഭ്യാസം നല്കുന്ന രാജ്യത്തെ ഏക സംസ്ഥാനമായി കേരളത്തെ മാറ്റും. 1000 സ്കൂളുകളില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യമൊരുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുകഴിഞ്ഞു. ഇതിന്റെ ഭാഗമായി ഈ വര്‍ഷം 140 സ്കൂളുകള്‍ നവീകരിക്കുന്നതിന് കിഫ്ബി വഴി ഫണ്ട് ലഭ്യമാക്കിയിട്ടുണ്ട്.
പഠന മികവ് ഉറപ്പാക്കുന്നതിന് ഓരോ സ്കുളുകള്‍ക്കും ഇനി മുതല്‍ പ്രത്യേക മാസ്റ്റര്‍ പ്ലാന്‍ ഉണ്ടാകണം. സ്കൂളുകളിലെ ലൈബ്രറികളിലേക്ക് പുസ്തകങ്ങള്‍ സ്വരൂപീക്കുന്നതിന് നവംബര്‍ ഒന്ന് മുതല്‍ ഒരാഴ്ചക്കാലം കേരളത്തില്‍ ജനകീയ കൂട്ടായ്മയിലൂടെ പുസ്തക ശേഖരണ യജ്ഞം സംഘടിപ്പിക്കും. ഇതോടൊപ്പം ഏത് വിഷയത്തിലും റഫറന്‍സ് സാധ്യമാകുന്ന ഡിജിറ്റല്‍ ലൈബ്രറിയുമായിട്ടാകും അധ്യാപകര്‍ ക്ലാസിലെത്തുക.
പൊതു വിദ്യാഭ്യാസത്തിന്റെ ശാക്തീകരണം ജനങ്ങളില്‍ വലിയ പ്രതീക്ഷയുളവാക്കിയിട്ടുണ്ട്. ആ പ്രതീക്ഷയ്ക്കൊത്ത് അധ്യാപകര്‍ ഉയരണം. പൊതുവിദ്യാഭ്യാസം ശാശ്വതവും സുസ്ഥിരവുമാക്കാനുള്ള പരിശ്രമത്തില്‍ അധ്യാപകര്‍ ആത്മാര്‍ത്ഥമായി ഇടപെടണമെന്നും മന്ത്രി പറഞ്ഞു. വിദ്യാരംഗം കലാ സാഹിത്യ പുരസ്കാരങ്ങള്‍ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ വിതരണം ചെയ്തു. എം.നൗഷാദ് എംഎല്‍എ ചടങ്ങില്‍ അധ്യക്ഷനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: