കൊച്ചി: ബൈക്ക് യാത്രക്കിടയില്‍ ഇലക്ട്രിക് പോസ്റ്റില്‍ തലയിടിച്ച് തെറിച്ചു വീണ് ഗുരുതരമായ പരിക്കുകളോടെ വികൃതമായ ഡിഗ്രി വിദ്യാര്‍ത്ഥിയുടെ മുഖം മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയയിലൂടെ എറണാകുളം സ്പെഷ്യലിസ്റ്റ്സ് ആശുപത്രിയില്‍ പുനഃസൃഷ്ടിച്ചു. കൂത്താട്ടുകുളം കോഴിമുറിയില് ഇടശ്ശേരി ഇ. കെ. കുമാരന്റെ മകനും കൂത്താട്ടുകുളം ഗവണ്മെന്റ് കോളേജ് ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിയുമായ അജയഘോഷിനാണ് എട്ടു മണിക്കൂര്‍ ശസ്ത്രക്രിയയിലൂടെ മുഖം തിരിച്ചു കിട്ടിയത്.
സ്വകാര്യബസുകള്‍ സമരത്തിലായിരുന്ന ദിവസം സുഹൃത്തിന്റെ ബൈക്കിനു പിറകിലിരുന്ന് കോളേജില്‍ നിന്ന് വീട്ടിലേയ്ക്കു തിരിച്ചു പോകും വഴിയാണ് രാമമംഗലത്തിനടുത്തുവെച്ചാണ് അജയഘോഷ് അപകടത്തില്‍പ്പെട്ടത്. ബൈക്കോടിച്ചിരുന്ന സുഹൃത്ത് റോഡിലെ വലിയ ഗര്‍ത്തം ഒഴിവാക്കാന്‍ ബൈക്ക് വെട്ടിച്ചപ്പോള്‍ സൈഡിലുള്ള വൈദ്യുതപോസ്റ്റില്‍ ഇടിച്ച് അജയഘോഷ് തെറിച്ചുവീഴുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ താടിയെല്ലിനും മോണയ്ക്കും ചുണ്ടുകള്‍ക്കും തലയോട്ടിക്കും ഗുരുതരമായി പരിക്കേറ്റ അജയഘോഷിനെ കോലഞ്ചേരി മെഡിക്കല്‍ കോളേജിലെ പ്രാഥമിക ചികിത്സയ്ക്കു ശേഷമാണ് വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിലെത്തിച്ചത്.
തുടര്‍ന്ന് പ്ലാസ്റ്റിക് സര്‍ജറി വിദഗ്ധരുടെ നേതൃത്വത്തില്‍ എട്ടു മണിക്കൂറോളം നീണ്ടുനിന്ന ശസ്ത്രക്രിയയിലൂടെയാണ് മുഖം പൂര്‍വസ്ഥിതിയിലാക്കിയത്. ബൈക്കോടിച്ചിരുന്ന അജഘോഷിന്റെ സുഹൃത്ത് കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. കൂലിപ്പണിക്കാരനായ അച്ഛന് കുമാരനും വീട്ടമ്മയായ അമ്മ അംബികയും വിദ്യാര്‍ത്ഥിയായ അനുജന് അനന്തുവും അടങ്ങുന്നതാണ് അജഘോഷിന്റെ കുടുംബം. സ്പെഷ്യലിസ്റ്റ്സ് ഹോസ്പിറ്റലില്‍ ഡോ. ജോര്‍ജ്, ഡോ. ആഷ, ഡോ. ഗോപിനാഥ് എന്നിവരുള്‍പ്പെട്ട ടീമാണ് അജയഘോഷിന്റെ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: