ന്യൂദല്‍ഹി: കേന്ദ്രമന്ത്രിയായി അല്‍ഫോണ്‍സ് കണ്ണന്താനം ചുമതലയേറ്റു. തിരുവോണദിനത്തില്‍ ഉച്ചക്ക് 12.15നായിരുന്നു ടൂറിസം മന്ത്രിയായി ചുമതലയേറ്റത്. ടൂറിസം വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയാണ് അദ്ദേഹം. ഇലക്ട്രോണിക്സ് ആന്റ് ഐടി വകുപ്പിന്റെ സഹമന്ത്രി കൂടിയാണ് കണ്ണന്താനം.
വലിയ ഉത്തരവാദിത്വമാണ് തന്നെ ഏല്‍പ്പിച്ചിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി മോദിയുടെ പുതിയ ഇന്ത്യയെന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതില്‍ ടൂറിസം വകുപ്പിന് പ്രധാന പങ്കുണ്ട്. ലോകത്തെ മാറ്റിമറിക്കാന്‍ അയ്യായിരം വര്‍ഷത്തെ സാംസ്കാരിക പൈതൃകമുള്ള ഇന്ത്യക്ക് സാധിക്കും. പരസ്പര വിശ്വാസവും സ്നേഹവുമുള്ള, ശുചിത്വ ഭാരതവും രാജ്യത്തിന്റെ ചരിത്രവും ഇഷ്ടപ്പെടുന്ന ഇന്ത്യയെ സൃഷ്ടിക്കണം. എങ്കില്‍ മാത്രമേ ഇന്ത്യ കാണാന്‍ വിദേശികളെ സ്വാഗതം ചെയ്യാനാകൂ. മുന്‍ മന്ത്രി മഹേഷ് ശര്‍മ്മ തുടങ്ങിവെച്ചത് പിന്തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബിജെപി അധികാരത്തില്‍ വരുന്നതില്‍ ക്രൈസ്തവ സമൂഹത്തിന് ആശങ്കകളുണ്ടായിരുന്നുവെന്നത് പ്രചാരണം മാത്രമാണ്. മോദി പ്രധാനമന്ത്രിയായാല്‍ പള്ളിതകര്ക്കും, ക്രിസ്ത്യാനികളെ കത്തിക്കും എന്നിങ്ങനെ തെരഞ്ഞെടുപ്പ് കാലത്ത് നിരവധി പ്രചാരണങ്ങള്‍ നടന്നിരുന്നു. അതിലൊന്നും വാസ്തവമില്ലെന്ന് ഇപ്പോള്‍ തെളിഞ്ഞു. മറ്റുള്ളവരുടെ ആഹാര ശീലം എന്താകണമെന്ന് ബിജെപി തീരുമാനിക്കില്ലെന്നും കേരളത്തില്‍ ബീഫിന് വിലക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: