ന്യൂദല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ വീണ്ടും വിദേശത്തേക്ക്. മനുഷ്യനെപ്പോലെ ചിന്തിക്കാന്‍ ശേഷിയുള്ള യന്ത്രങ്ങള്‍ നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട ഗവേഷകരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ അമേരിക്കയിലേക്കാണ് രാഹുലിന്റെ യാത്ര. ‘കൃത്രിമ ബുദ്ധി’യെക്കുറിച്ച് രാഹുല്‍ പരിപാടിയില്‍ സംസാരിക്കും. കഴിഞ്ഞ ദിവസമാണ് നോര്‍വെയില്‍നിന്ന് രാഹുല്‍ മടങ്ങിയെത്തിയത്.
ബിജെപിക്കെതിരെ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് പാട്നയില്‍ സംഘടിപ്പിച്ച പ്രതിപക്ഷ കക്ഷികളുടെ സമ്മേളനം ഒഴിവാക്കിയാണ് രാഹുല്‍ നോര്‍വെ സന്ദര്‍ശിച്ചത്. ഇതില്‍ കോണ്‍ഗ്രസ് നേതൃത്വത്തെ ലാലു പ്രതിഷേധം അറിയിച്ചിരുന്നു. ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും തെരഞ്ഞെടുപ്പ് അടുത്തിരിക്കെ അമേരിക്കയിലേക്ക് പറക്കാനുള്ള രാഹുലിന്റെ തീരുമാനം പാര്‍ട്ടിയിലും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. സംഘടനാകാര്യങ്ങള്‍ ശ്രദ്ധിക്കാതെയുള്ള വിദേശയാത്രാ ഭ്രമത്തിനെതിരെ മുതിര്‍ന്ന നേതാക്കളാണ് അമര്‍ഷം പ്രകടിപ്പിക്കുന്നത്.
ബിഹാറിലും ഹിമാചല്‍ പ്രദേശിലും പാര്‍ട്ടിക്കുള്ളില്‍ പ്രശ്നങ്ങള്‍ ഉടലെടുത്തിട്ടുണ്ട്. ബിഹാറില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂട്ടത്തോടെ ജെഡിയുവില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രി വീരഭദ്ര സിങ്ങും കോണ്‍ഗ്രസ് അധ്യക്ഷന്‍ സുഖ്വീന്തര് സിങ്ങും തമ്മിലുള്ള പോരാണ് ഹിമാചലിലെ പ്രശ്നം. ഇത്തവണ കോണ്‍ഗ്രസ്സിന് ഭരണം നഷ്ടപ്പെടുമെന്ന വിലയിരുത്തലുകള്‍ക്കിടെയാണ് പരിഹാരത്തിന് ശ്രമിക്കാതെ ഉപാധ്യക്ഷന്‍ വിദേശയാത്ര നടത്തി മുങ്ങുന്നത്.
രണ്ട് വര്‍ഷത്തിനിടെ രാഹുല്‍ നടത്തിയ ആറ് വിദേശയാത്രകളില്‍ സുരക്ഷ ഒഴിവാക്കിയിരുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരുന്നു. വിദേശയാത്രകളില്‍ രാഹുല്‍ എന്താണ് മറച്ചുവെക്കുന്നതെന്നും അദ്ദേഹം ചോദിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: