രാഷ്ട്രപതിയെ അവഹേളിച്ച് പോലീസുകാരുടെ ഗ്രൂപ്പില്‍ വന്ന പോസ്റ്റ്
വാഴക്കുളം: രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ വാട്സ് ആപ്പ് ഗ്രൂപ്പിലൂടെ അവഹേളിച്ച എഎസ്ഐയ്ക്കെതിരെ നടപടിയെടുക്കാത്തതില്‍ പോലീസ് സേനയില്‍ അതൃപ്തി. മൂവാറ്റുപുഴ എയ്ഡ് പോസ്റ്റിലെ അഡീഷണല്‍ എസ്ഐ പി. ഇബ്രാഹിമിനെതിരെ നടപടിയെടുക്കാത്ത വകുപ്പിന്റെ നടപടിയാണ് വിവാദമായത്.
വാഴക്കുളം പോലീസ് സ്റ്റേഷനില്‍ അഡീഷണല്‍ എസ്ഐ ആയി ജോലി നോക്കവെ കഴിഞ്ഞ ആഗസ്റ്റ് 10നാണ് പോലീസുകാരുടെ തന്നെ ഗ്രൂപ്പില്‍ രാഷ്ട്രപതിയെ അവഹേളിച്ച് ഇബ്രാഹിം പോസ്റ്റ് ഇട്ടത്. ഇതിനെതിരെ ചില പോലീസുകാര്‍ ഡിവൈഎസ്പിക്ക് പരാതി നല്കി. അന്വേഷണം നടത്തിയെങ്കിലും പ്രശ്നം ഒതുക്കിത്തീര്‍ക്കാന്‍ പോലീസിനുള്ളില്‍ നിന്ന് തന്നെ ശ്രമമുണ്ടായി. ഇതാണ് ഇപ്പോള്‍ പോലസ് സേനയിലെ ഒരു വിഭാഗത്തിന്റെ അതൃപ്തിക്കിടയാക്കിയിട്ടുള്ളത്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സോഷ്യല്‍മീഡിയ ഉപയോഗിക്കുന്നതിന് സര്‍ക്കാര്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് മറികടന്നാണ് എഎസ്ഐ പ്രവര്‍ത്തിച്ചതെന്നും പോലീസിലെ ഒരുവിഭാഗം ആരോപിക്കുന്നു. ഇബ്രാഹിമിനെതിരെ പൊതുജനങ്ങളുടെ ഭാഗത്ത് നിന്ന് നേരത്തെ ഒട്ടേറെ പരാതികള്‍ ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് മൂവാറ്റുപുഴ എയ്ഡ് പോസ്റ്റിലേക്ക് മാറ്റിയത്. എന്നാല്‍, രാഷ്ട്രപതിയെ അവഹേളിച്ച സംഭവത്തില്‍ കേസെടുക്കാനോ നടപടിയെടുക്കാനോ അധികൃതര്‍ തയ്യാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: