ലോകത്തില്‍ ‘ഗുരു’ എന്ന പേരു കേള്‍ക്കാത്തവര്‍ ഉണ്ടായിരിക്കാന്‍ തരമില്ല. എന്നാല്‍ ഗുരു ആരാണെന്നറിയുന്നവര്‍ വളരെ ചുരുക്കമാണ്. ഗുരുതത്വം അറിയാതെ എങ്ങനെയാണ് ഗുരുവെ സേവിക്കുക? ഉപദേശിക്കുന്ന ആളാണ് ഗുരു. ഉപദേശം എന്തിനുവേണ്ടിയാണ്? ഈശ്വരസേവയ്ക്ക്-മരണ വിഷമ ദുഃഖനിവൃത്തിക്ക്. ധ്രുവന് അഞ്ചാം വയസ്സില്‍ തപസ്സു ചെയ്തു-നാരദരാണുപദേശിച്ചത്. ശ്രീരാമന്റെ ഗുരുനാഥന് വസിഷ്ഠരായിരുന്നു. ഇവരാരും ഗുരുവിനെ സേവിച്ചില്ല. അതുപോലെ അര്ജ്ജുനന് സുന്ദോപസുന്ദന്മാര്‍ മുതലായവരും ഗുരുവിനെ സേവ ചെയ്തു നടന്നതായറിയുന്നില്ല. ഉപദേശിച്ചവരെ സേവിച്ചു നടന്നാല്‍ നന്മയ്ക്കു പകരം ചിലപ്പോള്‍ തിന്മകൂടി അനുഭവിച്ചെന്നുവരും. അതെങ്ങനെയെന്നാല്‍ നമുക്കൊരു നിലം കൃഷി ചെയ്യണം; അതിനു വിത്താവശ്യമുണ്ട്. വിത്തു കൈവശമുള്ള ആളെത്തേടി വിത്തുമേടിച്ചു; വിത്തിട്ടു കൃഷിയും ചെയ്തു. അതിനുശേഷം വിത്തുതന്ന ആളിനെ തേടിപ്പിടിച്ചു സേവിച്ചുകൊണ്ടിരുന്നാല്‍ ഫലം ഉണ്ടാകുമോ? ഇല്ല. ഫലം വേണമെങ്കില്‍ ഇറക്കിയ വിത്തിനെ ശുശ്രൂഷിക്കണം. അല്ലാതെ വിത്തു തന്നവരെ സേവിച്ചതുകൊണ്ട് ഫലം ലഭിക്കുകയില്ല. ഇപ്പോള്‍ നാം സാധാരണ ചെയ്തുവരുന്നത് വിത്തില്ലാത്ത നിഷ്ഫലമായ കൃഷിയാണ്. അതിനാല്‍ നമ്മള് നശിച്ചുപോകുന്നു. സേവിക്കപ്പെടാതെ നശിച്ചുപോകുന്ന വിത്താണ് നമ്മുടെ ജീവന്. ജീവനായ വിത്തിനെയാണ് സേവിക്കേണ്ടത്.
നമ്മുടെ ജീവന് ജലരൂപമായി നവദ്വാരങ്ങള്‍ വഴി പുറത്തേക്കു പോയി നശിച്ചുകൊണ്ടിരിക്കുന്നു. അപ്രകാരം ജീവനെ നശിപ്പിക്കാതെ തന്നില്‍ത്തന്നെ അടക്കുവാന്‍ തക്കവഴി ഉപദേശിച്ചുതരുന്ന ആളാണ് ഗുരു. എന്നാല്‍ ഗുരുപദേശം ലഭിച്ചാല്‍ ഉപദേശപ്രകാരം പ്രവൃത്തിക്കണം; പ്രവര്‍ത്തിയിലാണ് ഫലം. ആരാണ് പ്രവര്‍ത്തിക്കേണ്ടത്, അവിടെയാണ് മനസ്സ് ആവശ്യമായി വരുന്നത്. ഉപദേശം വാങ്ങണമെന്നും ഈശ്വരൈക്യം പ്രാപിക്കണമെന്നും ആദ്യം ഉപദേശിച്ചത് മനസ്സാണ്. ഉപദേശം ലഭിച്ചശേഷം അതനുസരിച്ച് അനുഭവത്തിലെത്താനുള്ള കര്‍ത്തവ്യവും മനസ്സിനുള്ളതാണ്. അതിനാല്‍ ആ മനസ്സാണ് ‘ഗുരു.’ ഉപദേശം ഗ്രഹിപ്പാനും അതനുസരിച്ച് പ്രവൃത്തിക്കാനും കാരണമാകയാല്‍ മനസ്സിനെ കാരണഗുരുവെന്നും, ഉപദേശിക്കുന്നവരെ കാര്യഗുരുവെന്നും പറയുന്നു. നാം എന്തൊക്കെ കാണുകയും കേള്‍ക്കുകയും അറിയുകയും ചെയ്യുന്നുവോ അതെല്ലാം കാര്യവും, കാണാനും കേള്‍ക്കാനും അറിയാനും അടിസ്ഥാനമായി നില്‍ക്കുന്നത് ഏതോ, അത് കാരണവുമാകുന്നു. പ്രവൃത്തിയിലാണ് നിവൃത്തി. പ്രവൃത്തി മനസ്സില്‍ നിന്നുണ്ടാകുന്നു. മനസ്സില്ലെങ്കില്‍ പ്രവൃത്തിയോ ലോകമോ ബ്രഹ്മാവോ ഇല്ല. അതുകൊണ്ടാണ് ബന്ധമോക്ഷത്തിന് കാരണം മനസ്സാണെന്നും ഗുരുശിഷ്യബന്ധം ഇല്ലാത്തതുമാണെന്നും പറയുന്നത്. അവനവന് അവനവന്റെ മനസ്സാണ് ഗുരു.
സൃഷ്ടികര്‍ത്താവ്:-
ബ്രഹ്മാവ് ആര്? ലോകത്തില്‍ ഒരു വകയും വിത്തില്ലാതെ മുളയ്ക്കുന്നില്ല. വിത്ത് മുളയ്ക്കണമെങ്കില്‍ മണ്ണ്, വെള്ളം മുതലായവ വേണം. അപ്രകാരം കൃഷി ചെയ്യുന്നതില്‍ നല്ല കതിരുകളും ചിലതു പതിരുകളുമായി പല പ്രകാരത്തില്‍ കാണപ്പെടുന്നു. ഇതിനു കാരണം അതിലടങ്ങിയിരിക്കുന്ന ശക്തിയുടെ അളവാണ്. ആ ശക്തിയാണ് പുറത്തേക്ക് വ്യാപിക്കുന്നത്. സൃഷ്ടിക്കുന്നത് ‘ഞാന്‍’ എന്ന ബ്രഹ്മാവാണ്. ആ ബ്രഹ്മാവില്ലെങ്കില്‍ സൃഷ്ടിയില്ല. ഉറങ്ങുമ്പോള്‍ ജീവനുണ്ട്, എന്നാല്‍ ‘ഞാന്‍’ എന്ന അഹങ്കാരമായ ബ്രഹ്മാവും ‘മനസ്സായ’ ശക്തിയും ഇല്ലാത്തതിനാല്‍ സംഭോഗം നടക്കുന്നില്ല. കാരണം പുരുഷനായി ശിവനായിരിക്കുന്ന ജീവന്, ചലനം തട്ടിയപ്പോള്‍ അത് ‘ശക്തി’ ആയി; ആ ശക്തിയാണ് മനസ്സ്. ആ മനസ്സായ ശക്തിയില്‍നിന്നാണ് ‘ഞാന്‍’ എന്നഭിമാനിക്കുന്ന അഹങ്കാരത്തിന്റെ ഉത്ഭവം. അഹങ്കാരം നപുംസകമാണ്. ആ നപുംസകമാണ് ബ്രഹ്മാവ്. ആ ബ്രഹ്മാവിനാണ് സ്ത്രീപുരുഷഭേദം ഉള്ളത്. ഉറക്കമുണര്‍ന്നപ്പോള്‍ മനസ്സാകുന്ന ശക്തിയും അഹങ്കാരമായിരിക്കുന്ന ബ്രഹ്മാവും ഉണ്ടായി.
ശരീരം:-
‘ഞാന്‍’ എന്ന അഹങ്കാരമായി യാതൊന്നാണൊ നശിച്ചുകൊണ്ടിരിക്കുന്നത്; അത് ശരീരം. ‘ശീര്യതേ ഇതിശരീരം, അതായത് ക്ഷീണിക്കുക, ദഹിക്കുക, നശിക്കുക എന്നീ സ്വഭാവത്തോടുകൂടിയതിന് ശരീരമെന്ന് പറയുന്നു. സാധാരണയായി ഈ ജഡത്തെയാണ് ‘ശരീര’മെന്ന് പറയാറ്; അത് ശരിയല്ല. എന്നാല്‍ അത് സ്വയം നശിക്കുന്നില്ല. ജഡം ശരീരമാണെങ്കില്‍ അത് സ്വയം നശിക്കേണ്ടതാണ്. അപ്രകാരം സംഭവിച്ചു കാണുന്നില്ല. മറ്റൊന്നിനാല്‍ നശിപ്പിക്കപ്പെട്ടല്ലാതെ ഈ ജഡം ഒരിക്കലും സ്വയം നശിക്കുന്നില്ല. നശിപ്പിക്കപ്പെട്ടാല്‍ തന്നെയും മുഴുവന്‍ നശിക്കാതെ അസ്ഥി മുതലായത് ശേഷിക്കുന്നു. ‘നീരൂറ്റുപോലൂറുകിന്റെ പൊരുള്‍’ ഏതോ അത് താന്‍ ‘ശരീരം’ -അതായത് നീരുറ്റുപോലെ ഉറന്നൂറി നശിച്ചുകൊണ്ടിരിക്കുന്നതത്രെ ”ശരീരം.’ അപ്രകാരം നമ്മില്‍ നിന്നും നശിച്ചുകൊണ്ടിരിക്കുന്ന വസ്തു വായുവാകുന്നു. ആ വായുവാകുന്നു ‘ശരീരം.’ അല്ലാതെ, അത് ഈ മാംസ പിണ്ഡമല്ല. വായുവായി ശരീരമായിരിക്കുന്ന വസ്തു അധോഗതിയായി പുറത്തേക്ക് പോയി സദാ നശിച്ചുകൊണ്ടിരിക്കുന്നു. അതെങ്ങനെയെന്നാല്‍-നിറയെ വെള്ളമുള്ള കിണറ്റില്‍ കല്ലുകളോ മറ്റൊ പെറുക്കി ഇട്ടുകൊണ്ടിരുന്നാല്‍ ആ കിണറ്റില്‍ നിന്ന് വെള്ളം പുറത്തുപോയി നശിക്കുന്നു.
അതുപോലെ ദുഷിച്ച ആഹാരങ്ങള്‍ ഭക്ഷിച്ചു വാത പിത്ത കഫങ്ങള്‍ വര്‍ധിച്ച് അകത്തിരിക്കാനാവാതെ, ജീവന് വെളിയെ പോയി നശിച്ചുപോകുന്നു. അതാണ്, ‘ആമകുംഭാബു സമാനമായുസ്സുടന്‍ പോവതേതും ധരിക്കുന്നതില്ലാരുമേ’ എന്നുപറഞ്ഞിരിക്കുന്നത്. അപ്രകാരം നശിച്ചുകൊണ്ടിരിക്കുന്ന ശരീരത്തിന് ‘ദേഹം’ എന്നും പറയപ്പെടുന്നുണ്ട്. വായുവില്‍ അഗ്നി ഇരിക്കുന്നു. ജീവന് അഗ്നിസ്വരൂപമായി ശബ്ദരൂപേണ നശിച്ചുകൊണ്ടിരിക്കുന്നു. അതിനാലാണ് ‘ദഹ്യതേ ഇതി ദേഹ’, -ദഹിച്ചു നശിച്ചുകൊണ്ടിരിക്കുന്നതത്രെ ദേഹം എന്നറിയപ്പെടുന്നത്.
(സ്വാമി ശിവാനന്ദ പരമഹംസരുടെ ലോകക്ഷേമ പ്രകാശിക എന്ന
പുസ്തകത്തില്‍നിന്ന്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: