ആലപ്പുഴ: ഏഴാമത് കയര്‍ കേരള ഒക്ടോബര്‍ അഞ്ച് മുതല്‍ ഒമ്പത് വരെ ഇഎംഎസ് സ്റ്റേഡിയത്തില്‍ നടക്കുമെന്ന് മന്ത്രി തോമസ് ഐസക്ക് പത്രസമ്മേളനത്തില്‍ അറിയിച്ചു. അഞ്ചിന് വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന് കയര്‍കേരള 2017 ഉദ്ഘാടനം ചെയ്യും. കേന്ദ്ര, സംസ്ഥാന മന്ത്രിമാര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
50 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍, സ്ഥാപനങ്ങള്‍, വ്യവസായ വിദഗ്ധര്‍, സംരംഭകര്‍ സംബന്ധിക്കും.വിദേശ രാജ്യങ്ങളിലെ വിപണനത്തോടൊപ്പം ഇക്കുറി ആഭ്യന്തര വിപണത്തിനാണ് കയര്‍കേരളയില്‍ കൂടുതല്‍ ഊന്നല്‍ നല്‍കുന്നതെന്ന് മന്ത്രി പറഞ്ഞു. ഏഴിന് ഹോട്ടല്‍ റമദയില്‍ അന്തര്‍ ദേശീയ, ദേശീയ ബയര്‍- സെല്ലര്‍ മീറ്റുകള്‍ നടക്കും. ആറിനും എട്ടിനും കയര്‍ഭൂവസ്ത്ര സെമിനാറുകള്‍ നടക്കും.
സംസ്ഥാനത്തെ മുഴുവന്‍ പഞ്ചായത്ത് പ്രസിഡന്റുമാരും ഇതില്‍ ക്ഷണിതാക്കളാണ്. പഞ്ചായത്തുകളുമായി നൂറ് കോടിയുടെ കയര്‍ഭൂവസ്ത്ര കരാര്‍ ഒപ്പിടുമെന്ന് മന്ത്രി പറഞ്ഞു. ഒമ്പതിന് സഹകരണ സെമിനാര്‍ നടക്കും.കയര്‍മേഖലയുടെ രണ്ടാം പുനസംഘടനയാണ് വിഷയം. കയര്‍ മേഖലയുടെ രണ്ടാം പുനസംഘടയുടെ പ്രഖ്യാപനം സെമിനാറില്‍ നടക്കും. ആയിരം പ്രതിനിധികള്‍ സെമിനാറില്‍ പങ്കെടുക്കും.
കയര്‍ സഹകരണ സംഘങ്ങള്‍ക്ക് 8,000 ഇലക്ട്രോണിക് റാട്ടുകള്‍, 50 സംയോജിത ചകിരി മില്ലുകള്‍, 100 ചകിരി അലി മെഷീനുകള്‍ എന്നിവ വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: