തിരുവഞ്ചൂര്‍: ആര്‍പ്പും ആരവങ്ങളും ഉയര്‍ന്നുപൊങ്ങി ഗ്രാമങ്ങളില്‍ കുറ്റികളി ഉഷാറായി.കളിക്കാരും പോരുകാരും ആകാംക്ഷയുടെ മുള്‍മുനയില്‍ എത്തുമ്പോള്‍ കാണികള്‍ ഇരുഭാഗത്തും ആവേശത്തിന് ആക്കംകൂട്ടി.
ഒരു കാലത്ത് ഗ്രാമങ്ങളിലെ ഓണക്കളിയിലെ അവിഭാജ്യഘടകമായിരുന്നു കുറ്റികളി.പകിടകളിക്ക് സമാനമായ കളിയാണിത്.കളംവരക്കുന്നതും പോരുവെക്കുന്നതും എല്ലാം ഒരുപോലെതന്നെ.
ഇവിടെ പകിടക്കുപകരം തെങ്ങിന്റെ പച്ച മടല് ഒരു പ്രത്യേക അളവില്‍ ചീകിയെടുത്തു ഉപയോഗിക്കുന്നു.കളിക്കാരന് കുറ്റി കറക്കി ആകാശത്തേക്ക് ഉയര്‍ത്തി എറിയുന്നു.താഴെ വീഴുന്ന കുറ്റിയുടെ എണ്ണം അനുസരിച്ചു കളിക്കാര്‍ കളത്തിലെ കരുക്കള്‍ നീക്കുന്നു.എതിരാളിയുടെ ഓരോ കരുക്കളെയും വെട്ടി പുറത്തേക്ക് കളയുന്നവര്‍ വിജയികളാകുന്നു.കുറ്റി വീഴുന്നതനുസരിച്ച് കരുക്കള്‍ നീക്കുന്നതില്‍ വലിയ തന്ത്രം ഒളിഞ്ഞിരിപ്പുണ്ട്.ഈ കളിയുടെ പ്രധാന തന്ത്രശാലി കരുക്കള്‍ നീക്കുന്ന ആളാണ്. കരുക്കള്‍ നീക്കുന്നതില്‍ പ്രാഗല്ഭ്യമുള്ളവരെയാണ് മത്സരത്തിന് പോരുവെക്കാന് കോണ്ടുപോകുന്നത്. കരുക്കള്‍ നീക്കുന്നതിനാണ് പോരുവെക്കുക എന്നുപറയുന്നത്.എന്നാല്‍ കള്ളപ്പോര് ഈ മത്സരത്തില്‍ ഇല്ല.
എതിരാളിയെ തോല്‍പ്പിക്കാന്‍ ആവശ്യമായ എണ്ണം പറഞ്ഞ് കുറ്റികശക്കി എറിയുമ്പോള്‍ കൃത്യമായ എണ്ണം വീഴുന്നതോടെ കളിക്കാരും പോരുകാരും കാണികളും ആവേശത്തിലാകും.
ഗ്രാമങ്ങളുടെ മുക്കിനും മൂലയിലും തിങ്ങിനിറഞ്ഞ കണികളുടെ നടുവില്‍ ആവേശത്തോടെ കുറ്റികശക്കിയെറിയുന്ന ഒരു പഴയ കാലത്തിന്റെ ചെറിയ ഒരു ഓര്‍മ്മ പുതുക്കലാകുകയാണ് തിരുവഞ്ചൂര്‍ കോട്ടമുറി കാമറ്റം പ്രദേശത്തെ ഒരുകൂട്ടം ജനങ്ങള്‍. ഈ ആരവത്തിലും ആവേശത്തിലും അലിഞ്ഞു ചേരുകയാണ് ഒരു ഗ്രാമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: