‘നീറ്റി’നുശേഷം നടന്ന ആദ്യ മെഡിക്കല്‍ പ്രവേശനം കണ്ണുനീരില്‍ കുതിര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍ സ്വാശ്രയ മാനേജ്മെന്റുകള്‍ക്ക് മുന്നില്‍ മുട്ടുമടക്കി. മാസങ്ങളുടെ നീണ്ട കാത്തിരിപ്പിനൊടുവില്‍ നിര്‍ദ്ധന വിദ്യാര്‍ത്ഥികളുടെ മെഡിക്കല്‍ സ്വപ്നമാണ് സ്വാശ്രയ മാനേജ്മെന്റുകളുടെ മേടിക്കല്‍ നയത്തിന് മുമ്പില്‍ പൊലിഞ്ഞത്. ഫീസ് വര്‍ദ്ധനക്കായി മാനേജ്മെന്റുകള്‍ സുപ്രീം കോടതിയെ സമീപിച്ചപ്പോള്‍ അതിനെ ഫലപ്രദമായി ചെറുക്കുവാന്‍ സംസ്ഥാന സര്‍ക്കാറിനായില്ല. മാനേജ്മെന്റുകള്‍ പോലും പ്രതീക്ഷിക്കാത്ത കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 80 ശതമാനത്തോളമുള്ള ഫീസ് വര്‍ദ്ധനയാണ് 11 ലക്ഷത്തിലെത്തി നില്‍ക്കുന്നത്. കോഴ്സ് തീര്‍ന്നു വരുമ്പോള്‍ മുടക്കേണ്ട ആകെത്തുക മുക്കാല്‍ കോടിയോളമാവും. നിര്‍ദ്ധന വിദ്യാര്‍ത്ഥികളുടെ അവസരം നിഷേധിക്കുകയില്ലെന്ന മുഖ്യമന്ത്രിയുടെ ഉറപ്പും പാഴ്വാക്കായി. സ്വാശ്രയ വിദ്യാഭ്യാസക്കച്ചവടക്കാര്ക്കെതിരെ സമരത്തിന്റെ പാതവെടിഞ്ഞ് സമരസതയുടെ പാതയാണ് സമത്വവാദികളുടെ സര്‍ക്കാര്‍ സ്വീകരിച്ചത്.
യോഗ്യതാ പരീക്ഷയും നീറ്റും കഴിഞ്ഞ് മാസങ്ങളായിട്ടും പ്രവേശന നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാത്തതും, പ്രവേശനത്തിനുശേഷം ഫീസ് ഘടനയെപ്പറ്റി പഠിക്കാന്‍ സമിതികള്‍ രൂപീകരിക്കുന്നതും, ബാങ്കുകളുടെയും മാനേജ്മെന്റുകളുടെയും മുമ്പില്‍ ഓച്ഛാനിച്ച് നില്ക്കുന്നതും ദീര്‍ഘവീക്ഷണമില്ലാത്ത ഉന്നത വിദ്യാഭ്യാസ നയങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളാണ്. സമഗ്രമായ സ്വാശ്രയ നയം രൂപീകരിക്കുകയും, ഫീസ് ഘടന നിശ്ചയിക്കുവാനുള്ള പരമാധികാരം സര്‍ക്കാരില്‍ നിലനിര്‍ത്തുകയുമാണ് ഇച്ഛാശക്തിയുള്ള ഭരണകൂടം ചെയ്യേണ്ടത്.
പ്രവേശന നടപടികള്‍ ആരംഭിക്കുമ്പോള്‍തന്നെ ഫീസ് നിര്‍ണ്ണയം നടത്താന്‍ കഴിയാത്തതും, ഫീസ് കുറയ്ക്കാന്‍ മാനേജ്മെന്റുകളോട് സര്‍ക്കാര്‍ കെഞ്ചുന്നതുമെല്ലാം കാര്യങ്ങള്‍ കൈവിട്ടു പോകുന്നതിന്റെ ഉദാഹരണങ്ങളാണ്. കോടതികള്‍ക്ക് മുന്നില്‍ മാനേജ്മെന്റുകള്‍ നിരത്തുന്ന നിറം പിടിപ്പിച്ച കണക്കുകള്‍ക്കും വാദങ്ങള്‍ക്കും അനുകൂലമായി വിധികള്‍ വരുമ്പോള്‍ നയരൂപീകരണത്തിലൂടെ സാധാരണക്കാരുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ സംരക്ഷിക്കുകയാണ് സര്‍ക്കാരിന് അഭികാമ്യമായത്.
അഞ്ച് ലക്ഷത്തോടൊപ്പം നല്‍കേണ്ട ആറ് ലക്ഷത്തിന്റെ ബാങ്ക് ഗാരന്റി രക്ഷകര്‍ത്താക്കളുടെ തലയ്ക്കേറ്റ അടിയാണ്. ഗാരന്റി വേണ്ടെന്ന് വച്ച മാനേജ്മെന്റുകളുടെ സമീപനംപോലും സമര്‍ത്ഥരായ വിദ്യാര്‍ത്ഥികളോട് പുലര്‍ത്തുവാന്‍ സര്‍ക്കാറിനായില്ല. കണ്ണ് മൂടിക്കെട്ടിയ നിയമസംവിധാനങ്ങളില്‍ നിന്ന് സാധാരണ കുടുംബങ്ങളിലെ മിടുക്കരായ വിദ്യാര്‍ത്ഥികളെ രക്ഷിക്കുവാന്‍ വരുംവര്‍ഷങ്ങളിലെങ്കിലും തുടക്കത്തിലെ ഫീസ് നിര്‍ണ്ണയം നടത്തി പ്രവേശന പ്രക്രിയകള്‍ സുതാര്യമായി പൂര്‍ത്തിയാക്കേണ്ടതാണ്. വരുംതലമുറയിലെ ഭിഷഗ്വരന്മാര് കച്ചവട മനോഭാവം ഇല്ലാത്തവരാവണമെങ്കില് തീര്‍ച്ചയായും അവര്‍ കടന്നുപോകുന്ന വഴികളും അത്തരത്തിലുള്ളതായിരിക്കണം. അതിനായി സമഗ്രമായ സ്വാശ്രയ – ഉന്നത വിദ്യാഭ്യാസ- നയങ്ങള്‍ രൂപീകരിക്കുകയും, മനുഷ്യത്വമുഖമുള്ള വിധികളും നിലപാടുകളും പുറത്തുവരികയുമാണ് വേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: