കൊച്ചി: ദേശീയപാത ഇടപ്പള്ളി-മൂത്തകുന്നം വരെയുള്ള ആയിരത്തിലധികം കുടുംബങ്ങളെ രണ്ടാമതും കുടിയൊഴിപ്പിക്കാനുളള നീക്കം ഉപേക്ഷിക്കണമെന്ന് ദേശീയപാത 17 സംയുക്ത സമരസമിതി യോഗം. ആറുവരി പാത നിര്‍മ്മിക്കാന്‍ ആവശ്യമായ 30മീറ്റര്‍ വീതിയില്‍ ഭൂമി നേരത്തെ സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ട്. ഇതുപയോഗിച്ച് റോഡ് വികസിപ്പിക്കുന്നതിന് പകരം ഒരു പ്രാവശ്യം കുടിയൊഴിഞ്ഞ് പുറകോട്ട് മാറി താമസിക്കുന്നവരെ വീണ്ടും കുടിയൊഴിപ്പിക്കാനുളള നീക്കം ജനദ്രോഹമാണെന്ന് യോഗം കുറ്റപ്പെടുത്തി.
പാലിയേക്കര മാതൃകയില്‍ പൊതു നിരത്ത് സ്വകാര്യവല്കരിച്ച് ഭീമമായ ടോള്‍ കൊള്ള അടിച്ചേല്‍പ്പിക്കാനുളള നീക്കമാണ് ഹൈവേ അതോറിറ്റിയുടേത്. ഏറ്റെടുത്ത 30മീറ്റര്‍ ഉപയോഗിച്ച് അടിയന്തരമായി 6വരി പാത നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് പദ്ധതി പ്രദേശത്ത് ജനകീയ പ്രക്ഷോഭ പരമ്പര സംഘടിപ്പിക്കാന്‍ സമര സമിതി തീരുമാനിച്ചു.
ആദ്യഘട്ടം എന്ന നിലയില്‍ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിലും പൊതുജന പിന്തുണയോടെ ജനജാഗ്രതാ സദസ്സുകള്‍ സംഘടിപ്പിക്കും. 7ന് വൈകിട്ട് 4.30ന് ഇടപ്പള്ളിയില്‍ ആദ്യ പരിപാടി ഉദ്ഘാടനം ചെയ്യും. ഹാഷിം ചേന്നാമ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. കെ.വി. സത്യന് മാസ്റ്റര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. രാജന് ആന്റണി, ജസ്റ്റിന് ഇലഞ്ഞിക്കല്‍, സി.വി. ബോസ്, ടോമി അറക്കല്‍, ഷാജി മാസ്റ്റര്‍, കെ.കെ. തമ്പി, അഷ്റഫ്, കെ. പ്രവീണ്‍, വി. കെ. സുബൈര്‍, ജാഫര്‍ മംഗലശേരി, ഉബോള്‍ഡിന്‍, കെ.എസ്. സക്കറിയ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: