ന്യൂദല്‍ഹി: ഉത്തര്‍ പ്രദേശ് ഉള്‍പ്പെടെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് പിന്നാലെ ദല്‍ഹിയില്‍ ചേര്‍ന്ന പാര്‍ട്ടി നേതൃയോഗത്തില്‍ അധ്യക്ഷന്‍ അമിത് ഷാ നയം വ്യക്തമാക്കി. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ഒറ്റക്ക് 350 സീറ്റുകള്‍ നേടണം. കഴിഞ്ഞ തവണ ലഭിച്ച ചില സീറ്റുകള്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. അതിനാല്‍ വിജയിക്കാന്‍ സാധിക്കുന്ന 150 പുതിയ സീറ്റുകള്‍ കണ്ടെത്തണം.
ഭരണ തുടര്‍ച്ച ഉറപ്പാക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. എന്നാല്‍ മാധ്യമങ്ങള്‍ എഴുതിയതുപോലെ പൂര്‍ണമായും തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള പുനഃസംഘടനയല്ല ഇന്നലെ നടന്നത്. കുറവുകള്‍ പരിഹരിച്ച് ഭരണം കൂടുതല്‍ ശക്തമാക്കി സാധാരണക്കാരിലേക്കെത്തിക്കുകയെന്ന ലക്ഷ്യമാണ് ഈ അഴിച്ചുപണി നിറവേറ്റുന്നത്. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ തല്ലലോ തലോടലോ ഇതിലില്ല. സഖ്യക്ഷികളെ പ്രീണിപ്പിച്ചിട്ടില്ല. പൂര്‍ണമായും കാര്യക്ഷമതയുടെ അടിസ്ഥാനത്തില്‍ ഭരണം വിലയിരുത്തിയുള്ള തീരുമാനമാണ് പാര്‍ട്ടിയും സര്‍ക്കാരും കൈക്കൊണ്ടത്. ഭരണതലത്തില്‍ പ്രതീക്ഷക്കൊത്തുയരാന്‍ സാധിക്കാത്തവര്‍ സംഘടനാ തലത്തിലേക്ക് മടങ്ങിപ്പോകുന്നു. കൂടുതല്‍ മികവ് തെളിയിച്ചവര്‍ക്ക് സ്ഥാനക്കയറ്റവും-സബ്കാ സാത്ത് സബ്കാ വികാസ് തന്നെയാണ് മോദിയുടെ മന്ത്രം.
മന്ത്രിമാരുടെ ഭരണപരമായ പരിചയക്കുററ്വ് മറികടക്കുകയെന്ന ഉദ്ദേശ്യവും നിറവേറ്റിയിട്ടുണ്ട്. പുതിയ ഒന്‍പത് മന്ത്രിമാരില്‍ നാല് പേര് മുന്‍ സിവില്‍ സര്‍വ്വീസ് ഓഫീസര്‍മാരാണ്. അപ്രതീക്ഷിതവും അസാധാരണവുമായ തീരുമാനങ്ങളിലൂടെയും പ്രവൃത്തികളിലൂടെയും രാജ്യത്തെ അത്ഭുതപ്പെടുത്തിയ ഉദ്യോഗസ്ഥരുടെ ഭരണപരിചയം മുതല്‍ക്കൂട്ടാകുമെന്നാണ് മോദിയുടെ പ്രതീക്ഷ. മന്ത്രിമാരായി ചുമതലയേറ്റ രാഷ്ട്രീയ നേതാക്കള്‍ പരിചയസമ്പന്നരുമാണ്. ഇത് അവസാന മിനുക്കുപണിയായി ആരും കരുതുന്നില്ല. പുനസംഘടന ഇനിയുമുണ്ടാകും.
കേന്ദ്ര പദ്ധതികള്‍ കാര്യക്ഷമമായി നടപ്പാക്കിയതില്‍ മുന്നില്നിന്നവര്ക്കാണ് പ്രൊമോഷന് ലഭിച്ചത്.
മുഴുവന്‍ ഗ്രാമങ്ങളിലും വൈദ്യുതിയെത്തിക്കാന്‍ മുന്നിട്ടിറങ്ങി വിജയം കണ്ട പീയൂഷ് ഗോയലിനെയാണ് റെയില്‍വേ ഏല്‍പ്പിച്ചിരിക്കുന്നത്. രണ്ട് വര്‍ഷത്തിനുള്ളില്‍ റെയില്‍വെയുടെ പ്രശ്നങ്ങള്‍ക്ക് ഭാഗികമായെങ്കിലും പരിഹാരം കാണാനാണ് ശ്രമം. പാചക വാതക സബ്സിഡി സ്വയം ഉപേക്ഷിക്കുന്ന പദ്ധതി നടപ്പാക്കി ലക്ഷക്കണക്കിന് പാവപ്പെട്ടവര്‍ക്ക് ഗ്യാസ് സിലിണ്ടറുകള്‍ എത്തിക്കാന്‍ പെട്രോളിയം മന്ത്രിയായ ധര്‍മ്മേന്ദ്ര പ്രധാന് സാധിച്ചു. യുപിയില്‍ ബിജെപിയുടെ വിജയത്തില്‍ ഇത് നിര്‍ണായകമായിരുന്നു. നിര്‍മ്മല സീതാരാമനും നഖ്വിയും തങ്ങളുടെ കാര്യക്ഷമത തെളിയിച്ചവരാണ്.
മാധ്യമങ്ങളുടെ കണ്ടെത്തലുകളെ പൂര്‍ണമായും നിരാകരിക്കുന്ന അപ്രതീക്ഷിത തീരുമാനങ്ങളാണ് ഉണ്ടായത്. മന്ത്രിസ്ഥാനത്തേക്ക് ദേശീയ നേതാക്കളുടെ പേരുകളാണ് മാധ്യമങ്ങള്‍ പറഞ്ഞുവെച്ചത്. വകുപ്പു മാറ്റങ്ങളിലെ പ്രവചനങ്ങളും അസ്ഥാനത്തായി. നിര്‍ണായകമായ പ്രതിരോധ മന്ത്രി സ്ഥാനത്തേക്ക് വനിതയെത്തുമെന്ന് ചിന്തിക്കാന്‍ പോലും മാധ്യമങ്ങള്‍ക്കായില്ല. അഭിനിവേശം (പാഷന്), നൈപുണ്യം (പ്രൊഫിഷന്‍സി), തൊഴില്‍ വൈദഗ്ധ്യം (പ്രൊഫഷനല്‍), രാഷ്ട്രീയ വൈദഗ്ധ്യം (പൊളിറ്റിക്കല്‍ അക്യുമെന്‍) എന്നീ ഘടകങ്ങളാണ് മോദി പരിഗണിച്ചത്. ഇതിനെല്ലാമപ്പുറം സര്‍ക്കാരിന്റെ മുഖമുദ്രയായ അഴിമതി വിരുദ്ധ മുഖങ്ങളെയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: