കണ്ണൂര്‍: ഓണാവധി ദിവസങ്ങളില്‍ അനധികൃത കെട്ടിട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനായി എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പ്രതേ്യക സ്ക്വാഡ് രൂപീകരിച്ചു. ഇത്തരം നിര്‍മാണ പ്രവൃത്തികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന അധികൃതരെയോ, ജില്ലാ ടൗണ്‍ പ്ലാനറെയോ അറിയിക്കണം. സംസ്ഥാനത്ത് അനധികൃത കെട്ടിട നിര്‍മ്മാണങ്ങള്‍ കൂടുതലും നടക്കുന്നത് തുടര്‍ച്ചയായ അവധി ദിവസങ്ങളിലാണെന്ന മുന്‍ അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി. ഇത് പൂര്‍ണ്ണമായും ഒഴിവാക്കുന്നതിനാവശ്യമായ കര്‍ശന നടപടികള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.
അവധി ദിവസങ്ങളില്‍ അനധികൃത നിര്‍മാണം നടക്കുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്വം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്കാണ്. നഗരസഭകളില്‍ നഗരസഭാ സെക്രട്ടറി, നഗരസഭയിലെ എഞ്ചിനീയര്‍/കെട്ടിട നിര്‍മാണ അനുമതിയുമായി ബന്ധപ്പെട്ട ഉദേ്യാഗസ്ഥര്‍, ജില്ലാ ടൗണ്‍ പ്ലാനര്‍/ഡെപ്യൂട്ടി ടൗണ്‍ പ്ലാനര്‍, ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ ചുമതലയുളള റീജിയണല്‍ ജോയിന്റ് ഡയറക്ടര്‍ ഓഫ് മുനിസിപ്പാലിറ്റീസ് എന്നിവരാണ് സ്്ക്വാഡ് അംഗങ്ങള്‍.
പഞ്ചായത്തുകളില്‍ പഞ്ചായത്ത് സെക്രട്ടറി, പഞ്ചായത്തിലെ എഞ്ചിനീയര്‍/ഓവര്‍സിയര്‍/കെട്ടിട നിര്‍മ്മാണ അനുമതിയുമായി ബന്ധപ്പെട്ട ഉദേ്യാഗസ്ഥര്‍, ജില്ലാ ടൗണ്‍ പ്ലാനര്‍/ഡെപ്യൂട്ടി ടൗണ്‍ പ്ലാനര്‍, ബന്ധപ്പെട്ട ജില്ലയിലെ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എന്നിവരാണ് സ്ക്വാഡിലെ അംഗങ്ങള്‍.
അവധി ദിവസങ്ങള്‍ കെട്ടിട നിര്‍മ്മാണങ്ങള്‍ അനധികൃതമായി നടത്തുന്നുണ്ടോയെന്ന് കണ്ടുപിടിക്കുവാന്‍ പരിശോധനകള്‍ നടത്തുകയും അടിയന്തരമായി അത്തരം പ്രവൃത്തികള്‍ നിര്‍ത്തിവെപ്പിക്കുവാന്‍ നടപടി സ്വീകരിക്കുകയും ചെയ്യുക, അനധികൃത നിര്‍മാണങ്ങള്‍ നിര്‍ത്തിവെക്കാന്‍ നോട്ടീസ് നല്‍കുക, നോട്ടീസ് നല്‍കിയിട്ടും നിര്‍മാണം തുടരുന്ന സാഹചര്യങ്ങളില്‍ പൊലീസ് സഹായത്തോടെ അത് നിര്ത്തിവെയ്പ്പിക്കുക തുടങ്ങിയവയാണ് സ്ക്വാഡിന്റെ ഉത്തരവാദിത്തം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: