തലശേരി: മുഖ്യമന്ത്രി പിണറായിവിജയന് ഉള്‍പ്പെടെ ഏഴ്മന്ത്രിമാരും പ്രതിപക്ഷ നേതാവും പത്തിന് തലശേരിയില്‍ നടക്കുന്ന നാല്പത്തേഴാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സമര്‍പ്പണ ചടങ്ങില്‍ പങ്കെടുക്കുമെന്ന് സാംസ്കാരിക മന്ത്രി എകെ ബാലന് അറിയിച്ചു. ചലച്ചിത്ര അവാര്‍ഡ് സമര്‍പ്പണത്തിനുള്ള ഒരുക്കംവിലയിരുത്താന് ചേര്‍ന്ന സംഘാടകസമിതി ഭാരവാഹിയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രിമാരായ ഇ.ചന്ദ്രശേഖരന്, കെ.കെ.ശൈലജ, മാത്യു ടി തോമസ്, തോമസ്ചാണ്ടി, രാമചന്ദ്രന് കടന്നപ്പള്ളി, പ്രതിപക്ഷ നേതാവ് രമേശ്ചെന്നിത്തല എന്നിവര്‍ അവാര്‍ഡ് ദാനച്ചടങ്ങില്‍ പങ്കെടുക്കും. മധുവും ഷീലയും മഞ്ജുവാര്യരും അതിഥികളാവും. സംഘാടകസമിതി ചെയര്മാന് എ.എന്‍.ഷംസീര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.
എട്ടിന് എരഞ്ഞോളിമൂസ നയിക്കുന്ന ഇശല്രാവോടെ അനുബന്ധകലാപരിപാടി ആരംഭിക്കും. ഒമ്പതിന് ഫോക്ലോര് അക്കാഡമിയുടെ സഹകരണത്തോടെയുള്ള ഫോക്ഫ്യൂഷന്‍. പത്തിന് വൈകിട്ട് നാലരക്ക് അവാര്ഡ്ചടങ്ങ് ആരംഭിക്കും. നിര്‍മാതാവ് പി വി ഗംഗാധരന്, നടീനടന്മാരായ ശ്രീനിവാസന്, രാഘവന്, നിലമ്പൂര്ആയിഷ, കുട്ട്യേടത്തി വിലാസിനി, കവിയൂര്‍പൊന്നമ്മ, സീമ, സംവിധായകരായ കെ.പി.കുമാരന്, ഐ,വി. ശശി, ടി.വി.ചന്ദ്രന്, ഗാനരചയിതാവ് പൂവച്ചല്‍ഖാദര്‍, ഗായിക ബി.വസന്ത, എഴുത്തുകാരന് ശ്രീധരന്ചമ്പാട് എന്നിവരെ ആദരിക്കും.
പിന്നണിഗായകര്‍ അണിനിരക്കുന്ന സംഗീതനിശയും നടീനടന്മാരുടെ നൃത്തവിരുന്നും രമേഷ്പിഷാരടി, കോട്ടയം നസീര്‍, സുരഭി, വിനോദ് കോവൂര്‍ എന്നിവരുടെ ഹാസ്യകലാപരിപാടിയുമുണ്ടാവും. ചലച്ചിത്ര അവാര്‍ഡ് നേടിയ കലാകാരന്മാരെ ആദരിക്കുക എന്നതാണ് പ്രധാനമെന്നും മലബാര്‍ എന്നെന്നും ഓര്ക്കുന്നതാക്കി ചടങ്ങ് മാറ്റണമെന്നും ചലച്ചിത്ര അക്കാഡമി ചെയര്മാന് കമല്‍ പറഞ്ഞു. സംവിധായകന് സിബിമലയില്‍, ജില്ലാ പോലീസ് മേധാവി ജി.ശിവവിക്രം എന്നിവര്‍ സംസാരിച്ചു. ജനറല്‍കണ്‍വീനര്‍ പ്രദീപ് ചൊക്ലി സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: