പെരിന്തല്‍മണ്ണ: നഗരസഭയുടെ കോഴിയും കൂടും പദ്ധതിയിലൂടെ ലഭിച്ച മുട്ടക്കോഴികള്‍ കൂകുന്നത് കേട്ട് അന്തംവിട്ടിയിരിക്കുകയാണ് പെരിന്തല്‍മണ്ണയിലെ വീട്ടമ്മമാര്‍.
നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് മുട്ടക്കോഴിക്ക് പകരം വിതരണം ചെയ്തത് പൂവന്‍കോഴികളെ.
മാസങ്ങളോളം വന്‍ വിലയുള്ള കോഴിത്തീറ്റ നല്കി പരിപാലിച്ച കോഴികളാണ് വളര്‍ന്നപ്പോള്‍ പൂവന്‍കോഴികളാണെന്ന് മനസ്സിലായത്. ഇത് വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.
കഴിഞ്ഞ ചേര്‍ന്ന കൗണ്‍സിലില്‍ പ്രതിപക്ഷം ഈ വിഷയം ഉന്നയിച്ചപ്പോള്‍ വിതരണം ചെയ്ത കമ്പനിയുമായി ബന്ധപ്പെട്ട് പ്രശ്നം പരിഹരിക്കാമെന്ന് നഗരസഭാ അധികൃതര്‍ ഉറപ്പുനല്‍കിയിരുന്നു. പക്ഷേ ഇതുവരെയും കോഴികളെ മാറ്റി നല്‍കിയിട്ടില്ല. മാസം തോറും ഗ്രാമീണ്‍ ബാങ്കില്‍ 250 രുപ വീതം പൂവന്‍കോഴി ലഭിച്ച ഗുണഭോക്താക്കള്‍ അടക്കുകയും ചെയ്യുന്നു.
അതും കൂടെതെ വലിയ വില നല്കി കോഴിത്തീറ്റ വാങ്ങി നല്കി കര്‍ണപടം പൊട്ടുന്ന രീതിയിലുള്ള പൂവന്റെ കൂവല്‍ സഹിക്കുകയും വേണം.
നിരവധി ആളുകളുടെ കോഴിക്കുഞ്ഞുങ്ങള്‍ ലഭിച്ചയുടനെ തന്നെ ചത്തൊടുങ്ങിയിരുന്നു. ബാക്കിയായവയാണ് വളര്‍ന്നപ്പോള്‍ ഗുണഭോക്താക്കളെ കൂകി തോല്‍പ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: