തിരുവനന്തപുരം: ദളിത് വിദ്യാര്‍ഥിനിയായ റിമാ രാജന് പഠനം തുടരാന്‍ സര്‍ക്കാര്‍ സഹായം നല്‍കുമെന്ന് മന്ത്രി എ.കെ. ബാലന്. വിദേശപഠനത്തിന് ധനസഹായം നല്‍കുന്നതിന് എസ്സി, എസ്ടി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കു നിര്‍ദേശം നല്കിയെന്നു മന്ത്രി അറിയിച്ചു. 10 ലക്ഷം രൂപയാണ് അനുവദിക്കുന്നത്.
പോര്‍ച്ചുഗലിലെ കോയിമ്പ്ര സര്‍വകലാശാല ഫീസടയ്ക്കാത്തതിനാല്‍ പുറത്താക്കുമെന്നു കാണിച്ച് റിമയ്ക്കു നോട്ടിസ് നല്‍കിയിരുന്നു. സര്‍ക്കാരിന്റെ സ്കോളര്‍ഷിപ്പ് ലഭിക്കും എന്ന കണക്കുകൂട്ടലിലായിരുന്നു റിമ. എന്നാല്‍ ഇത് ലഭിക്കാന്‍ താമസിച്ചതോടെ റിമയ്ക്ക് നോട്ടീസ് നല്‍കുകയായിരുന്നു. സപ്തംബര്‍ രണ്ടിന് വൈകിട്ട് അഞ്ചിനകം പണമടയ്ക്കണമെന്നാണ് സര്‍വ്വകലാശാല നല്കിയ നിര്‍ദ്ദേശം.
കോയിമ്പ്ര സര്‍വകലാശാലയില്‍ എംഎസ്സി ബിസിനസ് മാനേജ്മെന്റ് വിദ്യാര്‍ഥിനിയാണ് തൃശൂര്‍ കൊടകര സ്വദേശിയായ റിമാ രാജന്. കിടപ്പാടം പണയംവച്ചും വിദ്യാഭ്യാസ വായ്പയെടുത്തുമാണ് ആദ്യ രണ്ടു സെമസ്റ്ററുകളിലേക്കുള്ള നാലു ലക്ഷം രൂപ ഫീസ് അടച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: