കണ്ണൂര്‍: നാളെ തിരുവോണം. തിരുവോണത്തെ വരവേല്‍ക്കാന്‍ നാടും നഗരവും ഉത്രാടപ്പാച്ചിലില്‍. കര്‍ക്കിടകത്തിന്റെ ഇല്ലായ്മയും വല്ലായ്മയും മാറി ചിങ്ങമാസമെത്തിയതോടെ പൂവും പൂവിളിയുമായി ഓണത്തെ വരവേല്‍ക്കാനൊരുങ്ങുകയാണ് മലയാളികള്‍. തങ്ങളെ കാണാനെത്തുന്ന മാവേലിത്തമ്പുരാനെ വരവേല്‍ക്കാന്‍ വിഭവങ്ങളൊരുക്കുന്ന തിരക്കിലാണ് മലയാളികള്‍. ഓണാഘോഷത്തിന് വേണ്ടതെല്ലാം സ്വന്തം മണ്ണില്‍ത്തന്നെ നട്ടുനനച്ചുണ്ടാക്കി സന്തോഷത്തോടെയും സമൃദ്ധിയോടെയും ഓണമാഘോഷിച്ച ഒരു ഗതകാല പാരമ്പര്യമുണ്ടായിരുന്നു മലയാളിക്ക്. കൊയ്തുപാട്ടിന്റെ ഈണവും പൂവിളികളുമായി മാവേലിത്തമ്പുരാനെ ഹൃദ്യമായി വരവേറ്റ ഒരു മഹിത പാരമ്പര്യം. ഒന്നിനും മലയാളി ആരെയും ആശ്രയിച്ചിരുന്നില്ല. ദാരിദ്ര്യത്തിലും സമൃദ്ധിയോടെ ഓണമുണ്ട മലയാളി ഇന്ന് എല്ലാറ്റിനും അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുകയാണ്. നേരത്തെ അരിയും പച്ചക്കറിയും പാലും മാത്രമാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നതെങ്കില്‍ ഇന്ന് ഓണമുണ്ണാനുള്ള വാഴയിലപോലും പുറത്ത് നിന്നാണ് വരുന്നത്. ഓണത്തിന് ഒഴിച്ചുകൂടാനാവാത്ത പൂക്കള്‍ ഏതാണ്ട് പൂര്‍ണ്ണമായും തമിഴ്നാട്ടില്‍ നിന്നാണ് വരുന്നത്. കേരളത്തിലെ ഓണപ്പൂക്കളം ലക്ഷ്യമിട്ട് നൂറുകണക്കിന് ഏക്കര്‍ സ്ഥലത്താണ് പൂകൃഷി നടക്കുന്നത്. തമിഴ് നാട്ടില്‍ കാര്‍ഷിക മേഖലയുടെ നട്ടെല്ലാണ് കേരളത്തിലേക്കുള്ള പച്ചക്കറി കൃഷിയും പൂകൃഷിയും. സാഹചര്യങ്ങള്‍ ഏറെ മാറിയെങ്കിലും മലയാളിയുടെ ഗൃഹാതുരമായ ഓണത്തിനും ഓണാഘോഷത്തിനും അല്പംപോലും പൊലിമ നഷ്ടപ്പെട്ടിട്ടില്ല. കാണം വിറ്റും ഓണം ഉണ്ണണമെന്നാണ് പ്രമാണം ഇന്നും മലയാളി തെറ്റിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: