അമ്പലപ്പുഴ: വഴിയോരങ്ങളില്‍ ലോട്ടറി വില്‍പ്പന നടത്തുന്ന വിനയന് വയറു വിശക്കുന്നവരുടെ മുന്നില്‍ കാരുണ്യസ്പര്‍ശവുമായി എപ്പോഴും കാണും. പുന്നപ്ര കുറവന്തോട് ദേശീയപാതയ്ക്കരികില്‍ കടത്തിണ്ണയില്‍ അന്തിയുറങ്ങുന്ന തമിഴ്നാട് സ്വദേശികളായ മാരിയപ്പന്റെ കുടുംബത്തിന് ഓണമാഘോഷിക്കാനുള്ള സാധനങ്ങള്‍ എത്തിച്ചാണ് ഇക്കുറി ഈ യുവാവ് മാതൃകയായത്.
കടുത്ത പ്രമേഹത്തെ തുടര്‍ന്ന് മാരിയപ്പന്റെ കാല്പാദം മുറിച്ചുകളഞ്ഞു. ഭാര്യയും രണ്ടു പെണ്മക്കളും വഴിയോരങ്ങളില്‍ നിന്ന് ആക്രിസാധാധനങ്ങള് പെറുക്കി വിറ്റാണ് അന്നത്തിനുള്ള വക കണ്ടെത്തുന്നത്. ലോട്ടറിവില്പപനയുമായി മെഡിക്കല്‍ കോളേജ് ആശുപത്രി കയറിയിറങ്ങിയപ്പോഴാണ് മാരിയപ്പന്റെ കുടുംബത്തിന്റെ ദയനീയ ചിത്രം മണ്ണഞ്ചേരി തച്ചേരി വീട്ടില്‍ ഹരിദാസ്-ശോഭാ ദമ്പതികളുടെ മകന് വിനയന് (40) നേരിട്ടറിഞ്ഞത്.
തുടര്‍ന്ന് ലോട്ടറി വില്‍പ്പനയിലൂടെ ലഭിച്ച ചെറിയ കമ്മീഷന് തുക സ്വരൂപിച്ച് മാരിയപ്പന്റെ കുടുംബത്തെ സഹായിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
നാടും നഗരവും ആഘോഷ തിമിര്‍പ്പില്‍ പായുമ്പോള്‍ ആരോരുമില്ലാത്ത തങ്ങള്‍ക്ക് വിശപ്പടക്കാനുള്ള സാധനങ്ങളുമായെത്തിയ അതിഥിയെ നിറകണ്ണുകളോടെയാണ് മാരിയപ്പന്റെ കുടുംബം സ്വീകരിച്ചത്. വിനയന്റെ ജീവകാരുണ്യ പ്രവര്‍ത്തികള്‍ക്ക് ഭാര്യ കവിതയുടെ പ്രോത്സാഹനവുമുണ്ട്. വിധുലേഷ്, വിഘ്നേഷ് എന്നിവരാണ് മക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: