ഇടുക്കി : തിരുവോണത്തെ വരവേല്‍ക്കാനുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ് നാടും നഗരവും. വിപണിയുടെ തിരക്ക് പൂര്‍ണതയില്‍ എത്തുന്ന ഉത്രാടപ്പാച്ചിലിന് ഇന്ന് നാടും നഗരവും സാക്ഷ്യം വഹിക്കും. സമ്മാനങ്ങളുടെ പെരുമഴയായി ഓണം മേളകളില്‍ വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. വര്‍ണാഭമായ ആഘോഷപ്പൊലിമയാണ് എങ്ങും.
തൊടുപുഴ, കട്ടപ്പന, അടിമാലി, നെടുങ്കണ്ടം എന്നീ നഗരങ്ങളില്‍ ഇന്നലെ മുതലെ തിരക്ക് ആരംഭിച്ചിരുന്നു. ഓണക്കച്ചവടം ലക്ഷ്യമിട്ട് പല കടകളും കൂടുതല്‍ സമയം തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. ചെറുതും വലുതുമായ വസ്ത്ര വില്പനശാലകളിലെല്ലാം വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ഗൃഹോപകരണ വിപണിയിലും ഓണവിപണി മാത്രം ലക്ഷ്യമാക്കി തുടങ്ങിയിരിക്കുന്ന പ്രദര്‍ശന വിപണന മേളകളിലും സര്‍ക്കാര്‍ സ്റ്റാളുകളിലുമെല്ലാം തിരക്കു തന്നെ. വഴിയോരക്കച്ചവടങ്ങളും പൊടിപൊടിക്കുകയാണ്. വിഭവസമൃദ്ധമായ ഓണസദ്യയും പായസവുമൊക്കെ ഒരുക്കി ഹോട്ടലുകളും കേറ്ററിങ് സര്‍വീസുകളും ഓണാഘോഷങ്ങള്‍ക്ക് രുചി പകരാന്‍ രംഗത്തുണ്ട്.
ഓണസദ്യയുടെയും പായസത്തിന്റെയും ബുക്കിങ് ഇന്നലെയും തകൃതിയായി നടന്നു. ഓണസദ്യയുടെ മേമ്പൊടി വിഭവങ്ങളായ ഉപ്പേരി, ശര്‍ക്കര വരട്ടി, വിവിധതരം അച്ചാറുകള്‍ എന്നിവയ്ക്കെല്ലാം ആവശ്യക്കാരേറെയാണ്. ഓണത്തിന് മധുരം പകരാന്‍ നാടെങ്ങും പായസമേളകളുടെയും തിരക്കാണ്. പൂവിപണിയിലെ തിരക്കിനും കുറവില്ല.
ഓണം പടിവാതില്ക്കല് എത്തിയതോടെ ജില്ലയിലെ പ്രധാന ടൗണുകളെല്ലാം ഓണത്തിരക്കിലായി. സാംസ്കാരിക സംഘടനകളും ക്ലബുകളും വിവിധ റസിഡന്റ്സ് അസോസിയേഷനുകളും ഓണാഘോഷത്തിന്റെ ഭാഗമായി കലാപരിപാടികളും മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: