ആലപ്പുഴ: കയര്‍ സംഭരണം റെക്കോഡിലെന്ന് കയര്‍ഫെഡ്. മതിയായ വില നല്കാത്തതിനാല് കയര്‍പിരി തൊഴിലാളികള്‍ക്കും സംരംഭകര്‍ക്കും പ്രയോജനമില്ല. തമിഴ്നാട്ടില്‍ നിന്നുള്ള ചകിരിവില വന്‍തോതില്‍ വര്‍ദ്ധിച്ചതിനാല്‍ കയര്‍ പിരിമേഖല കടുത്ത പ്രതിസന്ധി നേരിടുകയാണ്. മതിയായ വില ലഭിക്കാത്തതാണ് പ്രശ്നം.
കയര്‍ഫെഡ് കയര്‍ സംഭരിക്കുന്നുണ്ടെങ്കിലും ചകിരി വില ഉയര്‍ന്നതിന് അനുസരിച്ചുള്ള വില കയറിനു നല്കാന് തയ്യാറാകുന്നില്ല. സര്‍ക്കാര്‍ തീരുമാനം ഉണ്ടായെങ്കില്‍ മാത്രമേ വില വര്‍ദ്ധിപ്പിച്ചു നല്കാന് കഴിയുകയുളളൂവെന്നാണ് കയര്‍ഫെഡ് വ്യക്തമാക്കുന്നത്. കഴിഞ്ഞ അഞ്ചുമാസത്തിനുള്ളില്‍ 40,470 ക്വിന്റല്‍ കയര്‍ സംഭരിക്കാനായെന്ന് കയര്‍ഫെഡ് അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി കണ്‍വീനര്‍ എന്‍. സായികുമാര്‍ അറിയിച്ചു.
കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ 27,700 ക്വിന്റല്‍ കയറാണ് സംഭരിച്ചത്. കഴിഞ്ഞ ഒരാഴ്ചക്കിടെ സംസ്ഥാനത്തെ കയര്‍ സംഘങ്ങള്‍ക്ക് കയര്വിലയായി 11 കോടി നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കയര്‍ വ്യാപകമായി സംഭരിക്കുന്നുണ്ടെങ്കിലും പൂര്‍ണമായി വിറ്റുപോകുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. 85 ശതമാനം വരെ കയര്‍ മാത്രമേ വില്‍ക്കുന്നുള്ളൂവെന്നും അത് വര്‍ദ്ധിപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
പലപ്പോഴും ഇത്തരത്തില്‍ സംഭരിക്കുന്ന കയര്‍ വില്ക്കാനാകാതെ ഉറഞ്ഞു നശിക്കുന്നതും പതിവാണ്. കയര്‍ഫെഡിന് വിവിധ ബാങ്കുകളിലുണ്ടായിരുന്ന 22.5 കോടിയുടെ ബാദ്ധ്യത സര്‍ക്കാര്‍ ഏറ്റെടുത്തു. ഈ സാഹചര്യത്തില്‍ ചകിരി മില്ലുകളുടെ അടക്കം പ്രവര്‍ത്തനം സജീവമാക്കാനാണ് തീരുമാനമെന്നും സായികുമാര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: