പാറ്റ്ന: പതിനാല് എംഎല്‍എമാര്‍ പാര്‍ട്ടി വിട്ട് ജനതാദളി(യു)ല്‍ ചേരാന്‍ തീരുമാനിച്ചതോടെ ബീഹാറില്‍ കോണ്‍ഗ്രസ് വന്‍ പ്രതിസന്ധിയില്‍. പാര്‍ട്ടിയുടെ ഇരുപത്തേഴ് എംഎല്‍മാരില്‍ പതിനാലു പേര് അനൗദ്യോഗികമായി പ്രത്യേക സംഘടന രൂപീകരിച്ചു എന്നാണ് സൂചന. നാല് എംഎല്‍എമാരുടെ പിന്തുണ കൂടി ലഭിച്ചാല്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം വിമതര്‍ നേടും. ഇതോടെ പിളര്‍പ്പ് പൂര്‍ണമാവും. ഭരണകക്ഷിയായ ജനതാദള്‍ യുവില്‍ ചേര്‍ന്ന് എന്‍ഡിഎയുടെ ഭാഗമാകാനാണ് ഇവരുടെ നീക്കം.
പിളര്‍പ്പിനെക്കുറിച്ചുള്ള സൂചന കിട്ടിയതോടെ പ്രശ്നം പരിഹരിക്കാന്‍ കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വം ഇടപെട്ടു. ബീഹാര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ അശോക് ചൗധരിയേയും പാര്‍ട്ടി നിയമസഭാ കക്ഷി നേതാവ് സദാനന്ദ് സിങ്ങിനേയും ദല്‍ഹിക്കു വിളിപ്പിച്ചു. പിളര്‍പ്പു തടയുന്നതില്‍ പരാജയപ്പെട്ടതിന് ഇരുവരേയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അതൃത്പി അറിയിച്ചു.
ബീഹാറില്‍ കോണ്‍ഗ്രസിന് 27 എംഎല്‍എമാരും ആറ് എംഎല്‍സിമാരുമാണുള്ളത്. ഇവരില്‍ അശോക് ചൗധരിയുള്‍പ്പെടെ നാലുപേര്‍ മഹാസഖ്യ സര്‍ക്കാരില്‍ മന്ത്രിമാരായിരുന്നു. മഹാസഖ്യവുമായുള്ള ബന്ധം അവസാനിപ്പിച്ച് നിതീഷ കുമാര്‍ എന്‍ഡിഎയില്‍ എത്തിയതോടെയാണ് കോണ്‍ഗ്രസില്‍ വിമത നീക്കം ശക്തമായത്.
ജെഡിയു-ബിജെപി സഖ്യത്തിന് മികച്ച ഭൂരിപക്ഷമുണ്ട് ഇപ്പോള്‍ത്തന്നെ. എങ്കില്‍ കോണ്‍ഗ്രസിലെ പിളര്‍പ്പ് നിതീഷ് സര്‍ക്കാരിനു കൂടുതല്‍ കരുത്തു പകരും. സ്വന്തം പാര്‍ട്ടിയിലെ പരാധീനതയ്ക്ക് മറ്റുള്ളവരെ കുറ്റപ്പെടുത്തുന്ന പതിവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. കോണ്‍ഗ്രസിനെ പിളര്‍ത്താന്‍ നിതീഷും ബിജെപിയും ചേര്‍ന്നു ശ്രമിക്കുന്നു എന്നാണ് പാര്‍ട്ടി വക്താവ് ആനന്ദ് ശര്‍മ ആരോപിക്കുന്നത്.
വിമതനീക്കം ശക്തമായപ്പോള്‍, കഴിഞ്ഞ മാസം പതിനൊന്നിന് കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ പാറ്റ്നയില്‍ എത്തി ചര്‍ച്ചകള്‍ നടത്തിയതാണ്. എന്നാല്‍ വിമത നീക്കം തടയാന്‍ കഴിഞ്ഞില്ല. കഴിഞ്ഞ കിറച്ചു ദിവസങ്ങളില്‍ വിമതകോണ്‍ഗ്രസ് നേതാക്കള്‍ നിതീഷ് കുമാറുമായും ജെഡിയു നേതൃത്വവുമായും ഭാവി പരിപാടികള്‍ ചര്‍ച്ച ചെയ്തു കഴിഞ്ഞു. കൂടുതല്‍ കൊഴിഞ്ഞുപോക്ക് തടയാനുള്ള അവസാന ശ്രമത്തിലാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: