മഞ്ചേരി: തമിഴ് തൊഴിലാളിയെ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നും താഴേക്ക് എറിഞ്ഞ് കൊലപ്പെടുത്തിയെന്ന കേസിന്റെ വിചാരണ സെപ്തംബര്‍ 13ന് മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (മൂന്ന്)യില്‍ ആരംഭിക്കും.
താനൂര്‍ മൂച്ചിക്കല്‍ പത്തമ്പാട് സ്വദേശികളായ അരങ്കത്തില്‍ സെയ്തു മുഹമ്മദ് (37), അരങ്കത്തില്‍ ഉമ്മര്‍ ഫാറൂഖ് എന്ന കുഞ്ഞു (31), അരങ്കത്തില്‍ മുഹമ്മദ് അഷ്റഫ് എന്ന കുട്ടി (34) എന്നിവരാണ് പ്രതികള്‍. താനാളൂര്‍ മൂച്ചിക്കലിലുള്ള ആയപ്പള്ളി ടവറില്‍ താമസിച്ചു വരികയായിരുന്ന തമിഴ്നാട് സ്വദേശി ചിന്നയ്യയാണ് കൊല്ലപ്പെട്ടത്.
2014 ഏപ്രില്‍ 15ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. കെട്ടിടത്തിന്റെ മൂന്നാം നിലയുടെ ടെറസില്‍ ബന്ധുവായ കടലൂര്‍ ചെട്ടിത്തെരുവ് നടിയപ്പേട്ട വരുതാജലം പാണ്ഡ്യന് (58)നൊപ്പമിരുന്ന് മദ്യപിക്കുകയായിരുന്നു ചിന്നയ്യ. ചിന്നയ്യയുടെയും ബന്ധുവിന്റെയും ഉച്ചത്തിലുള്ള സംസാരം താഴെയുണ്ടായിരുന്ന പ്രതികള്‍ക്ക് രസിച്ചില്ല.
മദ്യലഹരിയിലായിരുന്ന പ്രതികള്‍ മുകളിലെത്തി ഇവരെ ശകാരിക്കുകയും മര്‍ദ്ദിക്കുകയുമായിരുന്നു. ബന്ധുവിനെ മര്‍ദ്ദിക്കുന്നത് തടയാനെത്തിയ ചിന്നയ്യയെ സെയ്തു മുഹമ്മദും ഉമ്മര്‍ ഫാറൂഖും കയ്യും കാലും കൂട്ടിപ്പിടിച്ച് താഴേക്ക് വീശി എറിയുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ചിന്നയ്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ 2014 ഏപ്രില്‍ 21ന് മരിച്ചു. പാണ്ഡ്യന്റെ പരാതിയില്‍ 2014 ഏപ്രില്‍ 24ന് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: