കോട്ടക്കല്‍: കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ സ്ഥലമേറ്റെടുപ്പ് നഷ്ടപരിഹാര പുനരധിവാസ നിയമം ഉറപ്പ് നല്കുന്ന നഷ്ട പരിഹാര മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി ദേശീയപാത ഇരകളുടെ നഷ്ടപരിഹാരം വെട്ടിക്കുറക്കുവാനുള്ള സംസ്ഥാന സര്‍ക്കാറിന്റെ നീക്കം ജനദ്രോഹപരമാണെന്ന് എന്‍എച്ച് ആക്ഷന്‍ കൗണ്‍സില്‍ ജില്ലാ കമ്മറ്റി കുറ്റപ്പെടുത്തി.
കേന്ദ്ര നിയമ പ്രകാരം, ഏറ്റെടുക്കുന്ന ഭൂമിയുടെ അടിസ്ഥാന വിലയുടെ നാലിരട്ടി തുക ഗ്രാമങ്ങളിലും രണ്ടിരട്ടി തുക നഗരങ്ങളിലും ഉറപ്പ് നല്കുമ്പോള് സംസ്ഥാന സര്‍ക്കാര്‍ ഗ്രാമ നഗര ഭേദമില്ലാതെ ഇരട്ടി മാത്രം നല്‍കാനുള്ള തീരുമാനമെടുത്തത് ജനവഞ്ചനയാണെന്ന് ജില്ലാ കണ്‍വീനര്‍ അബുലൈസ് തേഞ്ഞിപ്പലം ചൂണ്ടിക്കാട്ടി.
ഭൂമി നഷ്ടപ്പെട്ടവര്‍ ഇന്ന് നിലവിലുള്ള വിപണി വില ലഭിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. സര്‍ക്കാര്‍ തീരുമാനിക്കുന്ന അടിസ്ഥാന വില യഥാര്‍ത്ഥത്തില്‍ മാര്‍ക്കറ്റ് വിലയുടെ കാല് ഭാഗം പോലും വരാറില്ല. കേന്ദ്ര നിയമ പ്രകാരം അടിസ്ഥാന വിലയുടെ നൂറ് ശതമാനം സൊളേഷ്യം ചേര്‍ത്ത് കിട്ടുന്ന തുകയുടെ ഇരട്ടിയാണ് നഷ്ടപരിഹാരത്തുക. ഇത് അടിസ്ഥാന വിലയുടെ കൃത്യം നാലിരട്ടി വരും. ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് നിലവിലുള്ള വിപണി വില തന്നെ ലഭിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ സംസ്ഥാന സര്‍ക്കാറിന്റെ പുതിയ മാനദണ്ഡങ്ങള്‍ പ്രകാരം അടിസ്ഥാന വിലയുടെ ഇരട്ടി മാത്രമേ ലഭിക്കുകയുള്ളൂ. വിപണി വിലയില്‍ നിന്നും കുറവായിരിക്കും ഈ തുക. ഇരകളെ വഞ്ചിക്കുവാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് യോഗം ആവശ്യപ്പെട്ടു. നഷ്ടപരിഹാരത്തുകയ്ക്ക് 12 ശതമാനം നിരക്കില്‍ പലിശ നല്‍കുമെന്ന് പറയുന്നത് സ്ഥലമേറ്റെടുപ്പ് വിജ്ഞാപനം വന്ന തീയതി മുതലാണോ നഷ്ട പരിഹാരത്തുക നിര്‍ണയിച്ച തീയതി മുതലാണോ എന്ന് വ്യക്തമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
വി.പി.ഉസ്മാന് ഹാജി അദ്ധ്യക്ഷത വഹിച്ചു. അബുലൈസ് തേഞ്ഞിപ്പലം ഉദ്ഘാടനം ചെയ്തു. പി. കെ. പ്രദീപ് മേനോന് ടോള്‍ വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിശ്വനാഥന് പാലപ്പെട്ടി, മഹമൂദ് വെളിയങ്കോട്, രാമചന്ദ്രന് ഐങ്കലം, ഫൈസല്‍ കുറ്റിപ്പുറം, ഇഖ്ബാല്‍ കഞ്ഞിപ്പുര, സുരേഷ് രണ്ടത്താണി തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: