വണ്ടൂര്‍: എടവണ്ണ സ്വദേശിയും റിട്ട.എസ്ഐയുമായ വടക്കന്‍ മുഹമ്മദിനെയും കുടുംബത്തെയും വീട്ടില്‍ കയറി വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ മുഖ്യസൂത്രധാരന്‍ പിടിയിലായി.
കോട്ടക്കല്‍ സ്വദേശി വെണ്ണേക്കോട് സജീഷ്(38)നെയാണ് വണ്ടൂര്‍ സിഐ എ.ജെ.ജോണ്‍സണും സംഘവും അറസ്റ്റ് ചെയ്തത്.
ഈ മാസം നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. മുഹമ്മദിന്റെ മകന് സഹീര്‍ ഗള്‍ഫില്‍ വെച്ച് ആലുവ സ്വദേശിയില്‍ നിന്ന് പണം കടം വാങ്ങിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ക്വട്ടേഷനിലേക്ക് നീങ്ങിയത്. സഹീറിനെ തട്ടികൊണ്ടുപോകാനായിരുന്നു ക്വട്ടേഷന്‍ സംഘത്തിന്റെ പരിപാടി. ഇത് തടയുന്നതിനിടെ മുഹമ്മദിനെയും വീട്ടിലുള്ള മറ്റുള്ളവരെയും വടിവാളുകൊണ്ട് വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നു.
ആലുവ സ്വദേശിക്ക് സഹീര്‍ നല്‍കാനുള്ള തുക മുഹമ്മദ് കൊടുത്തുതീര്‍ത്തിരുന്നു. പക്ഷേ വീണ്ടും പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തികൊണ്ടിരുന്നു. ഇതിനെ തുടര്‍ന്ന് മുഹമ്മദ് പെരിന്തല്‍മണ്ണ ഡിവൈഎസ്പിക്ക് പരാതി നല്കി. ഇതിന്റെ അന്വേഷണം നടക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്.
സഹീറിന് വിദേശത്ത് നിന്നെത്തിയ ഫോണ്‍ കോളുകള്‍ പരിശോധിച്ചപ്പോഴാണ് സജീഷിനെ കുറിച്ച് വിവരം ലഭിച്ചത്. ആലുവ സ്വദേശിയും സജീഷും സുഹൃത്തുക്കളാണ്.
25 ശതമാനം കമ്മീഷന് വ്യവസ്ഥയിലാണ് സജീഷ് ക്വട്ടേഷനെടുത്ത് നടപ്പിലാക്കാന്‍ അഞ്ചംഗ സംഘത്തെ നിയോഗിക്കുകയായിരുന്നു. പ്രതിയെ ചോദ്യം ചെയ്തപ്പോള്‍ മറ്റ് പ്രതികളെ കുറിച്ച് വിവരം ലഭിച്ചതായി പോലീസ് പറഞ്ഞു.
സജീഷിനെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: