നിലമ്പൂര്‍: അധികാര ദുര്‍വിനിയോഗത്തിലൂടെ പി.വി.അന്‍വര്‍ എംഎല്‍എ നടത്തിയ അനധികൃത നിര്‍മ്മാണങ്ങള്‍ക്കെതിരെ ബിജെപി സംഘടിപ്പിച്ച മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. നിലമ്പൂരിലെ എംഎല്‍എ ഓഫീസിലേക്ക് നടന്ന മാര്‍ച്ചില്‍ കോരിച്ചൊരിയുന്ന മഴയെ അവഗണിച്ച് നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. ജനങ്ങളുടെ വോട്ട് നേടി പൊതുപ്രവര്‍ത്തനം എന്ന ഓമനപ്പേരിട്ട് സ്വന്തം ബിസിനസ്സ് മാത്രം സംരക്ഷിക്കുന്ന ജനപ്രതിനിധികള്‍ക്കുള്ള താക്കീതായി മാര്‍ച്ച് മാറി.
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ മാഫിയകളുടെ സംരക്ഷകരായി മാറിയിരിക്കുകയാണെന്ന് അവര്‍ കുറ്റപ്പെടുത്തി. സിപിഎമ്മും സഹയാത്രികരായ മുതലാളിമാരും ചേര്‍ന്ന് പ്രകൃതിചൂഷണം നടത്തുകയാണ്. പരിസ്ഥിതിലോല പ്രദേശത്ത് അനധികൃതമായി വാട്ടര്‍ തീം പാര്‍ക്ക് നിര്‍മ്മിച്ച പി.വി.അന്‍വര്‍ എംഎല്‍എ സംരക്ഷിക്കുന്നത് സിപിഎം അവസാനിപ്പിക്കണം അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികള്‍ക്ക് ബിജെപി നേതൃത്വം നല്‍കും.
മുഖ്യമന്ത്രിയുടെ അറിവോടെയാണ് മുതലാളി എംഎല്‍എമാര്‍ പ്രകൃതിയെ നശിപ്പിക്കുന്നത്. പാവങ്ങളുടെ പാര്‍ട്ടിയാണെന്ന് വീമ്പുപറയുന്ന സിപിഎം മുതലാളിമാരുടെ മാത്രം പാര്‍ട്ടിയാണെന്ന് വീണ്ടും വ്യക്തമാക്കുകയാണ്. സിപിഎമ്മിനെ പോലെ തന്നെ യുഡിഎഫും അന്‍വറിനെ പിന്തുണക്കുന്നത് കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. പണക്കാരനായ അന്‍വറിനെ യുഡിഎഫ് പാളയത്തിലെത്തിക്കാനുള്ള ചെന്നിത്തലയുടെ നീക്കമാണ് ഇതിന് പിന്നിലെന്നും ശോഭാ സുരേന്ദ്രന് പറഞ്ഞു.
എംഎല്‍എ ഓഫീസിന് സമീപം കെഎന്‍ജി റോഡില്‍ പോലീസ് മാര്‍ച്ച് തടഞ്ഞു. തുടര്‍ന്ന് നടന്ന ധര്‍ണ്ണയില്‍ മണ്ഡലം പ്രസിഡന്റ് ഇ.ടി.വിദ്യാധരന് അദ്ധ്യക്ഷനായി. യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി അജി തോമസ്, അഡ്വ.ടി.കെ.അശോക് കുമാര്‍, സുനില്‍ മുതുകാട്, കെ.രാജേഷ്, കെ.സി.വേലായുധന്, ഇ.എം.സുധാകരന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: