പാലക്കാട്:സാമൂഹികാരോഗ്യ കേന്ദ്രങ്ങളില്‍ (സിഎച്ച്സി) കിടത്തി ചികിത്സ ഉറപ്പാക്കി പൊതുജനാരോഗ്യ സംവിധാനം പാവപ്പെട്ടവര്‍ക്ക് കൂടുതല്‍ ഉപയോഗപ്രദമാക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ ജില്ലാ വികസന സമിതി യോഗം തീരുമാനിച്ചു. ജില്ലാ കലക്ടര്‍ ഡോ:പി.സുരേഷ് ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കെ.വി.വിജയദാസ് എംഎല്‍എയാണ് ഇതു സംബന്ധിച്ച് വ്യക്തമായ മാനദണ്ഡങ്ങള്‍ ആവിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ടത്.
ഇതേ തുടര്‍ന്ന് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ഉടന്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേരാന്‍ തീരുമാനിച്ചു. സാമൂഹികാരോഗ്യ കേന്ദ്രങ്ങളില്‍ കിടത്തി ചികിത്സിക്കാത്തതിനാലാണ് ജില്ലാ ആശുപത്രിയില്‍ തിരക്കനുഭവപ്പെടുന്നത്. രോഗികള്‍ക്ക് ആവശ്യമായ കട്ടിലുകള്‍ പോലും നല്കാന് കഴിയാത്ത അവസ്ഥ ജില്ലാ ആശുപത്രിയിലുണ്ടാവുന്നത് സി.എച്ച്സികളില്‍ ഐ.പി.സൗകര്യമൊരുക്കാത്തതിനാലാണ് .ഈ സ്ഥിതി മാറ്റുന്നതിന് ഉടന്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ മറ്റ് എംഎല്‍എമാരും ആവശ്യപ്പെട്ടു.
വകുപ്പിന്റെ പരിശോധനയില്‍ നിശ്ചിത ശതമാനം ഇന്‍ പേഷന്റ്സ്(ഐ.പി) ഇല്ലെന്ന കാരണത്താല്വിവിധ സി.എച്ച്.സി.കളില്‍ ഡോക്ടര്‍മാരുടേയും മറ്റ് പാരാമെഡിക്കല്‍ സ്റ്റാഫിന്റേയും തസ്തിക റദ്ദാക്കിയിട്ടുണ്ട്. ഇത് ആവര്‍ത്തിക്കാതിരിക്കാനും പാവപ്പെട്ട രോഗികള്‍ക്ക് തൊട്ടടുത്ത് തന്നെ ചികിത്സാ സൗകര്യം ലഭ്യമാക്കാനും നടപടി സ്വീകരിക്കും. സിഎച്ച്സികളുടെ ഘടനയ്ക്ക് ഏകീകൃത സ്വഭാവമുണ്ടാക്കുക, ജീവനക്കാര്‍ പ്രസവാവധിക്ക് പോകുമ്പോള്‍ പകരം താത്കാലിക നിയമനം നടത്താന്‍ അനുവദിക്കുക തുടങ്ങി സംസ്ഥാനതലത്തില്‍ തീരുമാനിക്കേണ്ട വിഷയങ്ങളിലും സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
2016ലെ ബജറ്റില്‍ വകയിരുത്തിയ എംഎല്‍എ ഫണ്ടില്‍ നിന്നുള്ള റോഡുകള്‍, പാലങ്ങള്‍, കെട്ടിടങ്ങള്‍ എന്നിവയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് വിശദമായ പ്രൊജക്റ്റ് റിപ്പോര്‍ട്ട് എംഎല്‍എമാര്‍ക്ക് ലഭ്യമാക്കാനും ഭരണാനുമതി ലഭിച്ച പ്രവൃത്തികളുടെ പുരോഗതി അവലോകനം ചെയ്യുന്നതിന് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ 10 ദിവസത്തിനകം യോഗം ചേരാനും തീരുമാനിച്ചു.
ജില്ലാ കലക്ടര്‍ ഡോ:പി. സുരേഷ് ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എംഎല്‍എമാരായ കെ.കൃഷ്ണന്‍കുട്ടി. കെ. വി.വിജയദാസ്, കെ.ബാബു, വി.റ്റി. ബല്‍റാം, എന്‍.ഷംസുദീന്‍, കെ.ഡി.പ്രസേനന്‍, സബ് കലക്ടര്‍ പി.ബി.നൂഹ്, എന്‍.അനില്‍കുമാര്‍, പി.ഇ.എ.സലാം, എസ്.വിജയന്, ഏലിയാമ്മ നൈനാന്, ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: