നാടു മുഴുവന്‍ തൃപ്പൂണിത്തുറയിലായിരുന്നു.പുലരിവെട്ടത്തില്‍ വഴികളെല്ലാം രാജകീയമാക്കി ഒഴുകുകയായിരുന്ന ജനം. ഓണാഘോഷത്തിനു വിളംബര ഭേരിമുഴക്കി തൃപ്പൂണിത്തുറയില്‍ ചരിത്രപ്രസിദ്ധമായ അത്തച്ചമയം ഒരുങ്ങി. ഇന്നു മുതല്‍ ഓണംവരെ പത്തുനാള്‍ പൂക്കളസമൃദ്ധിയില് കേരളംമുഴുവന്‍ ഒരുങ്ങിനില്ക്കും. പൂക്കളായ പൂക്കളെല്ലാം മലയാളിയുടെ വീട്ടുമുറ്റത്തും മനസിലുംനിറയും. പൂക്കളുടേയുംകൂടി ആഘോഷമായ ഓണാനന്ദത്തിന്റെ നിറസമൃദ്ധിയില്‍ മലയാളി സ്വയം പൂക്കുന്നതിന്റെയും കൂടി നിറച്ചാര്‍ത്താണ് ഇന്ന് തൃപ്പൂണിത്തുറയില്‍ ആരംഭമായത്.
പാരമ്പര്യത്തിന്റെ സ്വാഭാവികത ചോരാതെ പഴമയുടെ പുണ്യവും പുതുമയുടെ സുഗന്ധവുമായി തൃപ്പൂണിത്തുറയുടെ രാജവീഥികള്‍ സ്മൃതി ലാവണ്യത്തിന്റെ പ്രവാഹത്തിലായിരുന്നു. അത്തച്ചമയത്തിന്റെ കണ്ണുംകാതും കുളിര്‍പ്പിക്കുന്ന കാഴ്ചയില്‍ പങ്കാളികളായിക്കൊണ്ട് പതിനായിരങ്ങള്‍ ഓണാഘോഷത്തിന്റെ ഔദ്യോഗികാരംഭത്തിനു സാക്ഷികളായി. കേട്ടും വായിച്ചും ഭാവനയില്‍ നുണഞ്ഞുമൊക്കെ പഴയ അത്തച്ചമയ സങ്കല്‍പ്പങ്ങളുടെ തേരുകളപ്പോള് ആയിരങ്ങളുടെ മനസില്‍ ഓടിപ്പോയിട്ടുണ്ടാകണം. അക്കാലം കണ്ടും അനുഭവിച്ചുമുള്ള പ്രായമായവരുടെ കണ്ണുകളിലാകട്ടെ അതു കൂടുതല്‍ നിറവാര്ന്നിട്ടുണ്ടാകമം.വലിയൊരു പാരമ്പര്യത്തിന്റെ തുടര്‍ച്ചയും ആചാരങ്ങളുടെ അകമ്പടിയുമായി നടന്ന അത്തച്ചമയം ആഹ്ളാദത്തിന്റെ മാത്രമല്ല ഒത്തൊരുമയുടെ സ്നേഹവും പങ്കുവെക്കലുംകൂടി ഓര്‍മിപ്പിക്കുന്നതാണ്. ലോകത്ത് മലയാളി എവിടെയുണ്ടോ അവിടെയെല്ലാംഅവരുടെ മനസില്‍ ഇന്ന് പൂക്കളം ഒരുങ്ങിയിട്ടുണ്ടാകും.
രാവിലെ ഒന്‍പതുമണിക്ക് മന്ത്രി കടകംപള്ളി സുരേന്ദ്രന് അത്താഘോഷ പരിപാടികള്‍ ഉദ്ഘാടനംചെയ്തു.രാജഭരണകാലത്ത് കൊച്ചി രാജാവിന്റെ കൊട്ടാരമായിരുന്ന ഹില്‍പാലസ് അങ്കണത്തില്‍നിന്നും അത്തപ്പതാക ഏറ്റുവാങ്ങി. അവിടെനിന്നും ആഘോഷപൂര്‍വം അത്തപ്പതാക കൊണ്ടുവന്നു. തുടര്‍ന്ന് അത്തം നഗറായ തൃപ്പൂണിത്തുറ സര്‍ക്കാര്‍ ബോയ്സ് ഹൈസ്ക്കൂള് മൈതാനിയില്‍ പതാക ഉയര്‍ത്തി.
പുലര്‍ച്ചെ അത്തം ഉണര്ത്തലിനുശേഷമാണ് ഘോഷയാത്ര നടന്നത്. ഇരുപുറവും പുരുഷാരം തിങ്ങിനിറഞ്ഞ വീഥിയിലൂടെ ചരിത്രത്തെ തൊട്ടുണര്‍ത്തിയ വന്‍ ഘോഷയാത്ര കടന്നുപോയി. പ്രഛന്നവേഷങ്ങള്‍,വിവിധ പ്േളാട്ടുകള്,ദശാവതാരം,വിവിധ വാദ്യമേളങ്ങള്‍ തുടങ്ങി കേരളത്തിന്റെ സാംസ്ക്കാരികവും കലാപരവുമായ തുടിപ്പുകള്കൊണ്ട് സമ്പന്നമായിരുന്നു ഘോഷയാത്ര.
രാജഭരണകാലത്ത് ചിങ്ങമാസത്തിലെ അത്തംനാളില്‍ രാജാക്കന്മാര് ഘോഷയാത്രയുടെ അകമ്പടിയോടെ നടത്തിയിരുന്ന എഴുന്നള്ളത്തായിരുന്നു അത്തച്ചമയം.പിന്നീടതു നിര്‍ത്തലാക്കി. 1949ല്‍ തിരുവിതാംകൂര്‍-കൊച്ചി സംയോജനത്തോടെയാണ് മഹാരാജാവ് പങ്കെടുത്തുകൊണ്ടുള്ള രാജകീയമായ അത്തച്ചമയം നിര്‍ത്തലാക്കിയത്.ഇതു പിന്നീട് 1961ല്‍ ജനകീയാഘോഷമായി തിരിച്ചെത്തി. കേരള സര്‍ക്കാര്‍ ഓണം സംസ്ഥാനോത്സവമാക്കിയതോടെ അത്തച്ചമയം ബഹുജനാഘോഷമാതി മാറുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: