മലപ്പുറം: സംസ്ഥാനത്തുനിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് യാത്രയിലും തുടര്‍ന്ന് പുണ്യ സ്ഥലങ്ങളിലും സേവനം നല്‍കുന്നതിനായി സര്‍ക്കാര്‍ ജീവനക്കാരെ വാളണ്ടിയര്‍മാരായി തെരഞ്ഞെടുത്തതില്‍ സ്വജനപക്ഷപാതം നടന്നതായി മലപ്പുറം ജില്ലാ ജനകീയ ആക്ഷന്‍ കമ്മിറ്റി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
സംഭവത്തില്‍ സംസ്ഥാന ഹജ്ജ് വകുപ്പ് മന്ത്രിയുടെയും ചെയര്‍മാന്റെയും പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് കോടതിയെ സമീപിക്കുന്നതിന്റെ ഭാഗമായി വിജിലന്‍സ് ആന്റി കറപ്ഷന്‍ ബ്യൂറോക്ക് ആക്ഷന്‍കമ്മറ്റി പരാതി നല്കി.വോളണ്ടിയര്‍മാരെ തെരഞ്ഞെടുക്കുന്നതിന് 2017 മെയ് ഒന്നിന് മലപ്പുറം കളക്ട്രേറ്റില്‍ ചേര്‍ന്ന സംസ്ഥാന ഹജ്ജ് കമ്മറ്റിയോഗത്തില്‍ എട്ടംഗ ഇന്റര്‍വ്യു ബോര്‍ഡിനെ നിയമിച്ചിരുന്നു. പിന്നീട് സംസ്ഥാന ഹജ്ജ് മന്ത്രിയുടെ താല്പര്യം സംരക്ഷിക്കുന്നതിന് സംസ്ഥാന ആഭ്യന്തര വകുപ്പ്, ഹജ്ജ് കമ്മിറ്റിയുടെ തീരുമാനത്തെ അസ്ഥിരപ്പെടുത്തി പുതിയ ഇന്റര്‍വ്യു ബോര്‍ഡിനെ ഗവ. ഉത്തരവിലൂടെ നിയമിച്ചതായി ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.
ഹജ്ജ് കമ്മറ്റിയുടെ ചെയര്മാന് തൊടിയൂര്‍ കുഞ്ഞിമുഹമ്മദ് മൗലവി, മുന്‍ ഹജ്ജ് കമ്മിറ്റി ചെയര്മാന് പ്രൊഫ. അബ്ദുല്‍ ഹമീദ്, കളക്ടര്‍ അമിത്മീണ എന്നിവരെയാണ് സര്‍ക്കാര്‍ പ്രത്യേക ഉത്തരവിലൂടെ ഇന്റര്‍വ്യു ബോര്‍ഡായി നിയമിച്ചത്. ഇന്റര്‍വ്യു നടക്കുന്നതുവരെ പുതിയ നിയമനത്തെക്കുറിച്ച് എട്ടംഗ ബോര്‍ഡിനെ അറിയിച്ചിരുന്നില്ല.
എന്നാല്‍ ജൂണ്‍ 19, 20 ദിവസങ്ങളില്‍ നടന്ന ഇന്റര്‍വ്യുവില്‍ ബോര്‍ഡംഗമായ ജില്ലാ കളക്ടര്‍ പങ്കെടുത്തിരുന്നില്ല. കളക്ടറുടെ പ്രതിനിധിയെന്ന പേരില്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി അസിസ്റ്റന്റ് ടി.കെ. അബ്ദുറഹ്മാനാണ് പങ്കെടുത്തത്. ഈ വര്‍ഷത്തെ വാളണ്ടിയറായി സേവനമനുഷ്ഠിക്കുന്നവരുടെ പ്രാഥമിക ലിസ്റ്റില്‍ ഉള്ളയാളാണ് ഇദ്ദേഹം. സംഭവം വിവാദമായതോടെ അവസാന നിമിഷം യാത്രയില്‍ നിന്ന് പിന്മാറി.
ഹജ്ജ്കര്‍മ്മം നിര്‍വ്വഹിക്കുന്നതിന് മൂന്നുലക്ഷത്തോളം രൂപ ചിലവഴിക്കുകയും വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടിവരുമ്പോള്‍ ഹജ്ജ് വാളണ്ടിയര്‍ എന്ന കുറുക്കുവഴിയിലൂടെ ചില ഉന്നതര്‍ക്ക് സാമ്പത്തിക സഹായം നല്‍കിയാണ് പലരും അവസരം നേടിയത്. പല വാളണ്ടിയര്‍മാരും യാത്ര പുറപ്പെടുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് ഹജ്ജിനുള്ള അപേക്ഷ ക്യാന്‍സല്‍ ചെയ്തത്. ഇതിലൂടെ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയതായും ആക്ഷന്‍ കമ്മറ്റി ഭാരവാഹികള്‍ പറഞ്ഞു.
ഹജ്ജ് മന്ത്രിയുടെയും ചെയര്‍മാന്റെയും സ്വജനപക്ഷപാതം അന്വേഷിക്കണമെന്നും ഇരുവരും രാജിവെക്കണമെന്നും ആവശ്യപ്പെട്ട് ബലി പെരുന്നാള്‍ ദിവസം സംസ്ഥാന ഹജ്ജ് ഹൗസിന് മുമ്പില്‍ സത്യാഗ്രഹം സംഘടിപ്പിക്കുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത കെപിഎസ് ആബിദ് തങ്ങള്‍, അസൈനാര്‍ ആല്പറമ്പ്, മുസ്തഫ പരതക്കാട് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: