പാലക്കാട്:ഓണത്തെ വരവേറ്റുകൊണ്ട് ഇന്ന് അത്തം. ഇനി പത്തുനാള്‍ നാടും നഗരവും ഓണലഹിരിയില്‍. മലയാളികളുടെ വസന്തകാലമാണ് ഓണക്കാലം. വസന്തത്തിന്റെ എല്ലാ ഭാവങ്ങളും പ്രകൃതി എടുത്തണിയുന്ന കാലം.പൂവിളിയും ഓണത്തുമ്പിയും ഓണത്തപ്പനും ഊഞ്ഞാലാട്ടവും പുലികളിയും സദ്യവട്ടവും. മലയാളികളില്‍ പകരം വയ്ക്കാനാവാത്ത ഗൃഹാതുരസ്മരണകളുണര്‍ത്തിക്കൊണ്ടാണ് ഓരോ ഓണവും പൂവിതറിയെത്തുന്നത്.
മലയാളികള്‍ക്ക് പൂക്കളമൊരുക്കുന്നതിനായി അന്യസംസ്ഥാനങ്ങളില്‍ നിന്നും ലോഡ് കണക്കിന് പൂക്കള്‍ ജില്ലയില്‍ എത്തിത്തുടങ്ങി. നഗരത്തിലെ പ്രധാന പാതകളിലെല്ലാം തന്നെ പൂക്കച്ചവടക്കാര്‍ സ്ഥാനം ഉറപ്പിച്ച് കഴിഞ്ഞു.അതിലേറെയും അന്യ സംസ്ഥാനത്ത് നിന്നെത്തിയവരാണ്.
കോയമ്പത്തൂര്‍, മധുര, ദിണ്ഡിഗല്‍,തമിഴ്നാട്,കര്‍ണാടക തുടങ്ങിയ ഇടങ്ങളില്‍ നിന്നുമൊക്കെയാണ് ഓണപ്പൂക്കളം ഒരുക്കുന്നതിനായി പൂക്കള്‍ എത്തിയിരിക്കുന്നത്. മഞ്ഞ,ഓറഞ്ച് ചെണ്ടുമല്ലി-120, വാടാമല്ലി-200, വെള്ള, മഞ്ഞ ജമന്തി-300, ചില്ലി റോസ്- 300 എന്നിങ്ങനെയാണ് പൂക്കളുടെ വിലകള്‍. കഴിഞ്ഞ വര്്ഷത്തേതക്കാളും പൂക്കള്‍ക്ക് വില വര്‍ദ്ധിച്ചു.
ദിവസങ്ങള്‍ കഴിയുന്തോറും പൂക്കളുടെ വിലയില്‍ വര്‍ദ്ധനവുണ്ടാകുമെന്നാണ് പൂക്കച്ചവടക്കാര്‍ പറയുന്നത്. ഇന്നലെ നഗരത്തിലെ പൂക്കടകളിലെല്ലാം വലിയ തിരക്കാണ് ഉണ്ടായത്. ഇനിയുള്ള ദിവസങ്ങളില്‍ തിരക്കേറും.
മലയാളികളുടെ പുഷ്പോത്സവ വേള കൂടിയാണ് ഓണം. അത്തം നാളില്‍ ഓണപ്പൂക്കളങ്ങള്‍ക്ക് തുടക്കമാകും.മണ്ണുകൊണ്ട് വൃത്താകൃതിയിലുള്ള തട്ടുകളായാണ് പൂക്കളം ഒരുക്കേണ്ടത്.
മുകളിലേയ്ക്ക് വരുംവണ്ണം പത്ത് തട്ടുകള്‍ വേണം. ഓരോ തട്ടിലും ഓരോ ദേവതാ സാന്നിദ്ധ്യമുണ്ടെന്നാണ് വിശ്വാസം.
ഒന്നാം തട്ടില്‍ മഹാവിഷ്ണു, രണ്ടാമത്തേതില്‍ ഇന്ദ്രന്, മൂന്നാമത്തേതില്‍ അഷ്ടദിക്പാലകര്,നാലാമത്തേതില്‍ ഗുരുക്കള്‍,അഞ്ചാമത്തേതില്‍ പഞ്ചഭൂതങ്ങള്‍,ആറാമത്തേതില്‍ സുബ്രഹ്മണ്യന്,ഏഴാമത്തേതില്‍ ബ്രഹ്മാവ്,എട്ടാമത്തേതില്‍ ശിവന് ഒമ്പതാമത്തേതില്‍ ദേവി, പത്താമത്തേതില്‍ ഗണപതി എന്നിങ്ങനെയാണ് പൂക്കളം ഒരുക്കേണ്ടത്.
പൂക്കളത്തിന് ഉപയോഗിക്കുന്ന പൂക്കളുടെ കാര്യത്തിലും ചിട്ടവട്ടങ്ങളുണ്ട്. എല്ലാ ദിവസവും തുമ്പപ്പൂ നിര്‍ബന്ധം.
ഒന്നാം ദിവസം തുമ്പപ്പൂമാത്രമാണ് പൂക്കളത്തിന്,തുളസിക്കതിര് നടുക്കും. രണ്ടാം ദിവസം വെളുത്തപൂവ് മാത്രമേ പാടുള്ളൂ. മൂന്നാം ദിവസം മുതല്‍ നിറമുള്ള പൂക്കള്‍ കളങ്ങളില്‍ ഉപയോഗിച്ചുതുടങ്ങും. ചോതി നാളില്‍ ചെമ്പരത്തിപ്പൂവും വിശാഖം നാളില്‍ കാക്കോത്തിപ്പൂവും കളങ്ങള്‍ അലങ്കരിക്കാന്‍ ഉപയോഗിക്കുന്നു.തിരുവോണ നാളില്‍ കാശിത്തുമ്പയാണ് പ്രധാനം.അഞ്ചിതള്‍ത്തെറ്റി, ഉപ്പിളിയന്‍, പെരിങ്ങലം, മുക്കുറ്റി,കണ്ണാന്തളി, എന്നീ പൂക്കള്‍ ഓണപ്പൂക്കളത്തിന് ഉപയോഗിച്ചു പോരുന്നവയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: