പാലക്കാട്:ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ അധീനതയിലുള്ള ഷൊര്‍ണൂര്‍ വ്യവസായ വികസന പ്ലോട്ടില്‍ നിര്‍മിക്കുന്ന ബഹുനില വ്യവസായ സമുച്ചയത്തിന്റെ നിര്‍മാണോദ്ഘാടനം മന്ത്രി എ.സി.മൊയ്തീന് ഇന്ന് നിര്‍വഹിക്കും.
ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന പരിപാടിയില്‍ പി.കെ.ശശി എംഎല്‍എ അധ്യക്ഷത വഹിക്കും. എഞ്ചിനീയറിങ് -കാര്‍ഷിക ഉത്പന്ന ഉപകരണങ്ങള്‍ പരമ്പാഗതമായി നിര്‍മിച്ചുവരുന്ന ഷൊര്‍ണ്ണൂര്‍ മേഖലയില്‍ വ്യവസായ വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനും സംരംഭകര്‍ക്ക് അടിസ്ഥാന സൗകര്യങ്ങളോടെ വ്യവസായത്തിനുളള സ്ഥലസൗകര്യം നല്കുന്നതിനുമാണ് ഷൊര്‍ണൂര്‍ വ്യവസായ ഏരിയായില്‍ ബഹുനില വ്യവസായ സമുച്ചയം നിര്‍മ്മിക്കുന്നത്.
84907 ച.അടി വിസ്തീര്‍ണമുളള സമുച്ചയത്തിന് 21.48 കോടിയാണ് നിര്‍മാണചെലവ്. വ്യവസായ സമുച്ചയ നിര്‍മാണം പൂര്‍ത്തയാവുന്നതോടെ 60 ചെറുകിട വ്യവസായ സംരംഭകര്‍ക്ക് ആവശ്യമായ അടിസ്ഥാന സ്ഥലസൗകര്യവും ആയിരത്തില്‍പരം പേര്‍ക്ക് തൊഴില്‍ നല്‍കാനും കഴിയുമെന്ന് ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനെജര്‍ ജി.രാജ്മോഹന്‍ അറിയിച്ചു. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്എല്‍എല്‍ ലൈഫ്കെയര്‍ ലിമിറ്റഡ് ആണ് നിര്‍മാണ പ്രവര്‍ത്തനം ഏറ്റെടുത്തിരിക്കുന്നത്. രണ്ട് വര്‍ഷത്തിനകം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
ജില്ലാ വ്യവസായ കേന്ദ്രത്തിന് കീഴില്‍ ജില്ലയിലുള്ള നാല് വ്യവസായ എസ്റ്റേറ്റുകളില്‍ 300 ല്‍ പരം വ്യവസായ സംരംഭങ്ങള്‍ പ്രവര്‍ത്തിക്കുന്നു. വ്യവസായ ഭൂമിയുടെ ദൗര്‍ലഭ്യം ജില്ലയിലെ വ്യവസായ പുരോഗതിക്ക് ഒരു പരിധിവരെ തടസ്സം സൃഷ്ടിക്കുന്നതിനാലാണ് ശാശ്വത പരിഹാരമെന്ന നിലയ്ക്ക് വ്യവസായ വകുപ്പ് ബഹുനില വ്യവസായ സമുച്ചയങ്ങള്‍ നിര്‍മിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: