യമഹ ഫേസര്‍ 25 ഇന്ത്യന്‍ വിപണിയില്‍. 1,29,335 രൂപയാണ് ഡെല്‍ഹി എക്സ് ഷോറൂം വില. യമഹയുടെ 250 സിസി നേക്ഡ് ബൈക്കായ യമഹ എഫ്ഇസഡ്25 ന്റെ ഫുള്‍ ഫെയേഡ് വേര്‍ഷനാണ് യമഹ ഫേസര്‍ 25.
എഫ്ഇസഡ്25 ന്റെ നിരവധി വാഹന ഘടകങ്ങളും സൈക്കിള്‍ പാര്‍ട്സുകളും നല്‍കിയിട്ടുണ്ടെങ്കിലും പുതിയ യമഹ ഫേസര്‍ 25 കൂടുതല്‍ മനോഹരമാണ്. ഫ്രണ്ട് ഫെയറിംഗും ചെറിയ വ്യത്യാസം വരുത്തിയ ടെയ്ല് ഭാഗവുമാണ് യമഹ ഫേസര്‍ 25-നെ വ്യത്യസ്തമാക്കുന്നത്.
രണ്ട് വ്യത്യസ്ത നിറങ്ങളിലാണ് ഫേസര്‍ 25 ലഭിക്കുക. സിംഗ്ള്‍ സിലിണ്ടര്‍ 249 സിസി എന്‍ജിനാണ് ഫേസര്‍ 25 ബൈക്കിനെ കുതിച്ചുപായാന്‍ സഹായിക്കും. ഈ എന്ജിന് 8,000 ആര്‍പിഎമ്മില്‍ പരമാവധി 20 ബിഎച്ച്പി കരുത്തും 6,000 ആര്‍പിഎമ്മില്‍ പരമാവധി 20 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കും.
എഫ്ഇസഡ്25 നേക്കാള്‍ അല്‍പ്പം ഭാരം കൂടുതലാണ് യമഹ ഫേസര്‍ 25 ന്. ഫുള്‍ ഫെയറിംഗാണ് ഈ ഭാരം വരുത്തിവെച്ചത്. 154 കിലോഗ്രാമാണ് കെര്‍ബ് വെയ്റ്റ്. എഫ്ഇസഡ്25 നേക്കാള്‍ 6 കിലോഗ്രാം കൂടുതല്‍.
ഫ്യൂവല്‍ ടാങ്ക്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് പാനല്‍, എക്സ്ഹോസ്റ്റ്, ടെയ്ല്‍ലൈറ്റ് എന്നിവ എഫ്ഇസഡ്25 ലേതുപോലെ തന്നെ. ചക്രങ്ങള്‍, സസ്പെന്ഷന്, ബ്രേക്കുകള്‍, ഷാസി എന്നിവയും എഫ്ഇസഡ്25 ല്‍നിന്ന് വ്യത്യസ്തമല്ല. 14 ലിറ്ററാണ് ഫേസര്‍ 25 ന്റെ ഇന്ധന ടാങ്ക് ശേഷി. 43 കിലോമീറ്ററാണ് ഇന്ധനക്ഷമത.
എഫ്ഇസഡ്25 ല്‍നിന്ന് വ്യത്യസ്തമായി ഫേസര്‍ 25 ല്‍ ഇരട്ട ഹോണുകള്‍, പുതിയ സ്ഥാനത്ത് ഘടിപ്പിച്ച പൈലറ്റ് ലാംപുകള്‍, വ്യത്യസ്തമായ വസ്തുകൊണ്ടു നിര്‍മ്മിച്ച സീറ്റ്, ഫെയറിംഗ് എന്നിവ കാണാം.
എര്‍ഗണോമിക്സ്, സീറ്റിംഗ് പൊസിഷന്‍ എന്നിവ എഫ്ഇസഡ്25 ന് സമാനമാണ്. ബജാജ് പള്‍സര്‍ ആര്‍എസ്200, ഹീറോ കരിസ്മ ഇസഡ്എംആര്‍ എന്നിവയാണ് യമഹ ഫേസര്‍ 25 ന്റെ എതിരാളികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: