ആലത്തൂര്‍:ആലത്തൂര്‍ മോഡേണ്‍ റൈസ് മില്‍ ഏപ്രിലില്‍ വീണ്ടും തുറന്ന് പ്രവര്‍ത്തനം ആരംഭിക്കുമെന്ന് കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍ നിയമസഭയില്‍ പറഞ്ഞത് വെറുതെയായി. ആലത്തൂരിന്റെ സ്വന്തം ”അന്നം” ബ്രാന്‍ഡ് അരി ഓണത്തിനും ലഭ്യമാവില്ല. മില്ലിന്റെ നടത്തിപ്പ് ചുമതല ആലത്തൂര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റിയെയോ സഹകരണ സംഘങ്ങളുടെ കണ്സോര്ഷ്യത്തെയോ ഏല്‍പ്പിക്കുന്നത് സംബന്ധിച്ച് കെ. ഡി. പ്രസേനന്‍ എംഎല്‍എ ഉന്നയിച്ച സബ്മിഷന് മറുപടി പറയുമ്പോള്‍ മാര്‍ച്ച് 16 നായിരുന്നു മന്ത്രിയുടെ ഉറപ്പ്. ന
ഗുണമേന്മയുള്ള അരി ഉത്പാദിപ്പിക്കാന്‍ 50 ലക്ഷം രൂപ വിലവരുന്ന സോര്‍ട്ടെക്സ് മെഷീന് സ്ഥാപിക്കുന്നതിന് നടപടി വൈകുന്നതാണ് പ്രശ്നം. ഇതിനുള്ള തുക സര്‍ക്കാരാണോ കോര്‍പ്പറേഷനാണോ വഹിക്കേണ്ടതെന്ന കാര്യത്തില്‍ തീരുമാനമായില്ല.
ദേശസാത്കൃത ബാങ്കില്‍ നിന്ന് 50 ലക്ഷം രൂപ വായ്പയെടുക്കാനാണ് കോര്പ്പറേഷന് ഇപ്പോള്‍ ശ്രമിക്കുന്നത്. മാലിന്യ സംസ്കരണ പ്ലാന്റിന്റെ ലൈസന്‍സ് പുതുക്കുന്നത് പൊല്യൂഷ്യന്‍ കണ്ട്രോള് ബോര്‍ഡുമായി ബന്ധപ്പെട്ട നടപടിയും പൂര്‍ത്തിയായിട്ടില്ല. കേരള സ്റ്റേറ്റ് വെയര്‍ ഹൗസിംഗ് കോര്‍പ്പറേഷന്റെ കീഴില്‍ 2000 ത്തില്‍ നിര്‍മാണാനുമതി ലഭിക്കുകയും 2008ല്‍ പൂര്‍ത്തീകരിക്കുകയും ചെയ്തതാണ് മില്‍.
മുഖ്യമന്ത്രിയായിരിക്കെ വി.എസ്.അച്ചുതാനന്ദന് 2008 ജനുവരി ഒന്നിനാണ് സ്ഥാപനം ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനം കഴിഞ്ഞ് ഏറെ നാളുകള്‍ക്ക് ശേഷമാണ് മില്ല് പ്രതിസന്ധി നേരിട്ടത്. മില്ലിനാവശ്യമായിരുന്ന നെല്ല് നല്‍കിയിരുന്നത് ആലത്തൂര്‍ കോഓപ്പറേറ്റിവ് മാര്‍ക്കറ്റിംഗ് സൊസൈറ്റി ആയിരുന്നു.
നെല്ലിന്റെ വില വര്‍ധിച്ചപ്പോള്‍ സൊസൈറ്റി കുറഞ്ഞ വിലയ്ക്ക് നെല്ല് നല്കാന് തയ്യാറായില്ല. 2010 ജൂണ്‍ എട്ട് മുതല്‍ മില്ലിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. 2009 ല്‍ ആലത്തൂര്‍ മോഡേണ്‍ റൈസ് മില്‍ വിപണിയിലെത്തിച്ച ”അന്നം” ബ്രാന്‍ഡ് നാടന്‍ മട്ടയരിക്ക് പ്രിയമേറെയായിരുന്നു. അഞ്ച്, പത്ത്, ഇരുപത് കിലോഗ്രാം ബാഗുകളില്‍ ഇറങ്ങിയ അരിക്ക് കിലോയ്ക്ക് ഒരു രൂപ കുറച്ചായിരുന്നു ചില്ലറ വില്‍പ്പന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: