പാലക്കാട്:ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് നടപ്പാക്കുന്ന അവര്‍ റെസ്പോണ്സിബിലിറ്റി ടു ചില്‍ഡ്രന്‍ പദ്ധതിയുടെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയിലെ 15 സ്കൂളുകളില്‍ തുടക്കമായി. വിദ്യാര്‍ഥികള്‍ നേരിടുന്ന മാനസിക-സാമൂഹിക-വൈകാരിക പ്രശ്നങ്ങളെ ശാസ്ത്രീയമായി കണ്ടെത്തി പരിഹരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ഹൈസ്കൂള്‍-ഹയര്‍സെക്കന്‍ഡറി-വിഎച്ച്എസ്സി സ്കൂളുകളിലെ നോഡല്‍ അധ്യാപകര്‍ക്കാണ് പദ്ധതി നിര്‍വഹണ ചുമതല. വിദ്യാര്‍ഥികളുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കുന്നതിനും പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിനും ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് അധ്യാപകര്‍ക്ക് പരിശീലനം നല്‍കും. ഘട്ടം-ഘട്ടമായി പദ്ധതി എല്ലാ സ്കൂളുകളിലും നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്.ആദ്യ ഘട്ട പ്രവര്‍ത്തനത്തിന്റെ ഭാഗമായി അഞ്ച് സ്കൂളുകളില്‍ പദ്ധതി നടപ്പാക്കി വരുന്നുണ്ട്. രണ്ടാം ഘട്ട പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ശാന്തകുമാരി നിര്‍വഹിച്ചു. കുട്ടികളുടെ സംരക്ഷണം എല്ലാവരുടെയും ചുമതലയാണെന്നും കുട്ടിയുടെ വ്യക്തിത്വ വികസനത്തിന് രക്ഷാകര്‍തൃ പരിപാലനം അതീവ പ്രാധാന്യമുള്ളതാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. റാഗിങ്, മയക്കുമരുന്ന്, സൈബര്‍ കുറ്റകൃത്യങ്ങള്‍ എന്നിവയില്‍ നിന്ന് രക്ഷനേടാന്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കണം.കുട്ടികളുടെ സംരക്ഷണത്തിനായുള്ള നിയമങ്ങളെക്കുറിച്ച് കുട്ടികളെയും രക്ഷിതാക്കളെയും ബോധവത്കരിക്കണമെന്നും പ്രസിഡന്റ് പറഞ്ഞു.
ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ പ്രമീളാ ശശിധരന് അധ്യക്ഷയായി, സബ് ജഡ്ജി എം.തുഷാര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ കെ.ആനന്ദന്, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗങ്ങളായ വി.പി.കുര്യാക്കോസ്, സിസ്റ്റര്‍ ടെസിന് മൈനാട്ടി, ചൈല്‍ഡ് ലൈന്‍ ജില്ലാ കോഡിനേറ്റര്‍ സൗമ്യ ടിറ്റോ , സ്റ്റേറ്റ് റിസോസ് പേഴ്സണ്‍ ബേബി പ്രഭാകരന്, അധ്യാപകര്‍, സ്റ്റുഡന്റ്സ് പൊലീസ് കെഡറ്റ്സ്, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: