ഹര്‍ഷാരവത്തോടെയുള്ള കൈയടിയോടെ കോട്ടയം തിരുനക്കര മൈതാനത്തെ ജനം ഗായകനെ അഭിനന്ദിച്ചു. അതിലും വലിയ ഒരു പ്രയോജനം ആ പാട്ടുകൊണ്ട് ഉണ്ടായി.
അന്ന് തിക്കുറിശ്ശി സുകുമാരന്‍ നായര്‍ കോട്ടയത്തു ക്യാമ്പുണ്ട്. അക്കാലത്ത് അദ്ദേഹം ഒരു സൂപ്പര്‍ താരമാണ്. പാര്‍ക്ക് വ്യൂ ഹോട്ടലില്‍ മംഗളം പിക്ചേഴ്സിന്റെ ഒരു സിനിമയുടെ ആലോചന നടക്കുന്നു. ജോസഫ് അവിടെയും ഒരുത്സാഹിയാണ്. സ്വരാജ് ബാലനും ശങ്കുചേട്ടനും പിന്നെയൊരഭിഭാഷകനും ഒക്കെയാണ് മറ്റ് ഉത്സാഹികള്‍. ജോസഫിന്റെ ശുപാര്‍ശയില്‍ തിക്കുറിശ്ശി ബേബിയെ വിളിപ്പിച്ചു.
ഒരു പാട്ടുപാടാനാവശ്യപ്പെട്ടു. തന്നോടൊപ്പം മറ്റ് മൂന്നുപേര്‍ കൂടി അവസരം പ്രതീക്ഷിച്ചു എത്തിയിട്ടുണ്ട്. വി. ദക്ഷിണമൂര്‍ത്തിയാണ് സംഗീത സംവിധായകന്. അദ്ദേഹവുമുണ്ട്. കൂട്ടത്തില്‍ ഇരുവര്‍ക്കും പുറമെ അന്ന് കോട്ടയത്തെ മുന്‍സിപ്പല്‍ പ്രസിഡന്റായിരുന്ന ഗോപാലകൃഷ്ണ പണിക്കരും മുറിയിലുണ്ടായിരുന്നു. മറ്റു മൂന്നുപേരും പാടി. സ്വാമിയുടെ മുഖത്തൊരു തെളിച്ചമില്ല. തന്റെ ഊഴമെത്തിയപ്പോള്‍ ബേബി ഒന്നു പരുങ്ങി.
”ഞാന്‍ സംഗീതം…സപസ…പഠിച്ചിട്ടില്ല.”
”വേണ്ട അറിയാവുന്നതുപോലെ പാടിയാല്‍ മതി.”
ഹാര്‍മ്മോണിയം മുന്നിലേക്ക് നീക്കിവച്ചുകൊണ്ട് സ്വാമി പറഞ്ഞു.
”പാടിയ്ക്കോ അതിനൊത്തു ഞാന്‍ വായിച്ചോളാം.”
”ഹിന്ദി പാട്ടേ അറിയാവൂ…”
സ്വാമി മുറുക്കാന്‍ വായിലേക്കിട്ട് ചവയ്ക്കുന്നതിനിടയില്‍ സഹജപ്രകൃതത്തോടെ ഒന്നു കാറിയശേഷം മതിയെന്ന് തലയാട്ടി.
പാടി.
പാടിക്കഴിഞ്ഞപ്പോള്‍ സ്വാമിയുടെ മുഖം തെളിഞ്ഞു. മുഖവുര കൂടാതെ സ്വാമി തിക്കുറിശ്ശിയോടു പറഞ്ഞു.
”ഇതേ ഈ ചെറുക്കന്റെ ശബ്ദം കൊള്ളാം.”
അങ്ങനെ ബേബി മദിരാശിയിലെത്തി പാട്ട്, അല്ല, പാട്ടുകള്‍ റിക്കാര്‍ഡ് ചെയ്തു.
”താരമേ താണു വരൂ… എന്നാരംഭിക്കുന്ന ആദ്യ ഗാനം.
മറ്റൊന്ന് ഒരു യുഗ്മഗാനം, പി. ലീലയോടൊത്ത്.
”വാര്‍മഴവില്ലേ വാ…
ലീല അന്നു ബഹുഭാഷാ ഗായികയാണ്. നിര്‍മ്മലയായിരുന്നു ആദ്യ മലയാള ചലച്ചിത്രം. (അതിന് മുന്‍പേ തമിഴില്‍ പിന്നണിഗായികയായി അരങ്ങേറ്റം കുറിച്ചിരുന്നു. ശരിയോ തെറ്റോ (1952-1953) കാലഘട്ടമാകുമ്പോഴേക്കും പതിനഞ്ചോളം മലയാള ചിത്രങ്ങളില്‍ പാടിക്കഴിഞ്ഞിരുന്നു)
മൂന്നാമതൊരു സോളോ കൂടി പാടാന്‍ ബേബിക്കവസരം കിട്ടി.
”കണ്ണുനീര് നീ ചൊരിയാതെ…
ചിത്രത്തിലാകെ 16 പാട്ടുകള്‍ ഉണ്ടായിരുന്നു. മീനാ സുലോചനയും (പിന്നീട് തിക്കുറിശ്ശിയുടെ ഭാര്യ) ദക്ഷിണാമൂര്‍ത്തിയുമായിരുന്നു ഗായകര്‍.
റിക്കാര്‍ഡിറക്കുമ്പോള്‍ ഡിസ്ക്കില്‍ പേരു ചേര്‍ക്കണം. ”ബേബി” എന്ന പേരിനു പകിട്ടുപോരെന്നു തോന്നി തിക്കുറിശ്ശിക്ക്. അതില്‍നിന്നും ജോസിനെ പ്രകാശിപ്പിച്ചെടുത്ത് തിക്കുറിശ്ശി ബേബിയെ ”ജോസ് പ്രകാശ്” എന്ന് ജ്ഞാനസ്നാനം ചെയ്തു.
ശരിയോ തെറ്റോ എന്ന ചിത്രത്തിനുവേണ്ടിയാണ് ആദ്യം പാടിയതെങ്കിലും ആ ചിത്രം പുറത്തിറങ്ങുവാന്‍ ഒരു വര്‍ഷം വൈകിയെന്നു മുന്‍പേ സൂചിപ്പിച്ചിരുന്നു. അതിന് മുന്‍പേ ജോസ് പ്രകാശിന്റെ ഗാനവുമായി 1952 ല്‍ തന്നെ വിശപ്പിന്റെ വിളി ഇറങ്ങി. (അഭയദേവിന്റെ രചനയ്ക്കു പി.എസ്. ദിവാകറിന്റെ സംഗീതം). ”ചിന്തയില്‍ നീറുന്ന…” എന്നാരംഭിക്കുന്ന ഗാനം. ചിത്രത്തില്‍ ആ ഗാനരംഗത്തില്‍ പാടി അഭിനയിച്ചത് പ്രേംനസീറാണ്. നസീറിന്റെയും തുടക്കകാലം. ഇരുവരും പെട്ടെന്ന് സുഹൃത്തുക്കളായി. ആ സൗഹൃദം നസീറിന്റെ മരണം വരെ അഭംഗുരം തുടര്‍ന്നു. ”അളിയാ…” എന്നാണിരുവരും പരസ്പരം വിളിക്കാറുണ്ടായിരുന്നത്.
പാടുന്നതോടൊപ്പം ചിത്രങ്ങളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിക്കുവാനും അവസരങ്ങള്‍ ലഭിച്ചിരുന്നു. പ്രേമലേഖ, ദേവസുന്ദരി, അല്‍ഫോണ്‍സ, അവന് വരുന്നു അങ്ങനെ കുറെ ചിത്രങ്ങള്‍. അതിനിടയില്‍ ഒരു ബഹുഭാഷാ ചിത്രവും. ടി.ആര്. മഹാലിംഗമായിരുന്നു സംഗീതസംവിധായകന്. അദ്ദേഹത്തോടൊപ്പം ചിത്രത്തിന്റെ തമിഴ്-മലയാളം പതിപ്പുകളില്‍ ഒരു വേഷത്തില്‍ അഭിനയിക്കുകയും ചെയ്തു! വേലക്കാരില്‍ യേശുദാസിന്റെ പിതാവ് അഗസ്റ്റിന് ജോസഫിനോടൊപ്പം അഭിനയിച്ചു.
ആ ചിത്രത്തില്‍ പക്ഷെ പാടിയില്ല.
ഗായകനായും പിന്നെ നടനായും സിനിമയില്‍ പ്രശസ്തനാകുന്നതിനു മുന്‍പുള്ള നാളുകളില്‍ ബേബിയും കോട്ടയം ജോസഫും കെപിഎസിയിലൂടെ പിന്നീട് പ്രശസ്തനായ ജോണ്‍സണും ക്ലാരനറ്റ് ജോസഫുമൊക്കെ ചേര്‍ന്ന് ഒരു ക്ലബ് സ്ഥാപിച്ചു. കോട്ടയം ആര്‍ട്സ് ക്ലബ് തുടര്‍ച്ചയായി ഗാനമേളകള്‍ നടത്തി. ഹിന്ദി ഗാനങ്ങളുടെ കുത്തക ബേബിയ്ക്കായിരുന്നു. അതിലൊരു ഗാനം ബേബിയുടെ മാസ്റ്റര്‍പീസ്സായി പ്രശസ്തമായി. മുഹമ്മദ് റഫിയുടെ മനോഹരമായ ഗാനം ”മേരി കഹാനീ…” എന്നാരംഭിക്കുന്ന ആ ഗാനത്തോടെ ബേബിയ്ക്കു കിട്ടിയ ഇരട്ടപേരാണ് ”മേരി കഹാനി ബേബി!”
ആയിടയ്ക്കു കോടിമതയില്‍ പെരുന്ന ലീലാമണിയുടെ ഒരു നൃത്തപരിപാടി അരങ്ങേറി. കോട്ടയം ആര്‍ട്സ് ക്ലബ്ബില്‍നിന്നും ബേബിയെയാണ് പിന്നണി പാടുവാന്‍ വിളിച്ചത്. അത് ജി. ദേവരാജനുമായി പരിയപ്പെടുവാന്‍ അവസരം ഉണ്ടാക്കി. ലീലാമണി ദേവരാജന്റെ പത്നി ആയിരുന്നു.
കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഒരു വലിയ തൊഴിലാളി യൂണിയന്റെ ദേശീയ പ്ലീനം കൊച്ചിയില്‍ മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ നടക്കുന്നു. ഒരവതരണ ഗാനം ഒരുക്കേണ്ട ചുമതല ദേവരാജനെ ഏല്‍പ്പിച്ചു. പതിവായി ഗാനമെഴുതി വന്നത് ഒഎന്‍വിയാണ്. കമ്യൂണിസ്റ്റ് സഹയാത്രികനായിരുന്നതിന്റെ പേരില്‍ പോലീസ് വെരിഫിക്കേഷന് വരുത്തിയ പ്രതികൂല റിപ്പോര്‍ട്ട് കാരണം വൈകിയ അധ്യാപന നിയമനം ഗവര്‍ണര്‍ ഇടപെട്ട് ഉറപ്പിച്ചെടുത്ത് ഉദ്യോഗത്തില്‍ കയറിയിട്ട് നാളുകളായതേയുള്ളൂ. ഉടനെ വിപ്ലവാഭിമുഖ്യ പ്രകടനം വേണ്ട എന്നാണ് ലഭിച്ചിട്ടുള്ള ഉപദേശം. അതുകൊണ്ട് ഒഎന്‍വി എഴുതുന്നില്ല. പകരം മനസ്സിനിണങ്ങുന്ന വരികള്‍ ആരില്‍നിന്നെഴുതിക്കിട്ടും എന്നതില്‍ വ്യഥ പൂണ്ട ദേവരാജനെയും കൂട്ടി ഒഎന്‍വി വയലാറില്‍ രാഘവപ്പറമ്പില്‍ രാമവര്‍മ്മയുടെ അടുത്തുചെന്നു രചനാ ദൗത്യമേല്‍പ്പിച്ചു. പിന്നീട് ചരിത്രമായി മാറിയ വയലാര്‍-ദേവരാജന്‍ ദ്വയത്തിന്റെ തുടക്കം കുറിച്ച സന്ദര്‍ഭമായിരുന്നു അത്.
എറണാകുളത്ത് മഹാരാജാസ് കോളജില്‍ അധ്യാപകനായിരുന്ന ഒഎന്‍വി താമസിച്ചിരുന്നത് ടിഡി റോഡിലെ ബോസ്ബിഗ് ലോഡ്ജിലാണ്. തന്റെ മുറിയില്‍ വയലാറിനെയും ദേവരാജനെയും ഗാന സൃഷ്ടിക്കായി അടയിരുത്തി. ഒഎന്‍വി കോളജില്‍ പോയി. വൈകിട്ട് മടങ്ങിയെത്തുമ്പോള്‍ ആദ്യത്തെ വയലാര്‍-ദേവരാജന്‍ ഗാനം പിറന്നിരുന്നു. പാട്ട് എല്ലാവര്ക്കും ഇഷ്ടമായി.
ലീലാമണി വഴി പരിചയമുണ്ടായിരുന്ന ജോസ് പ്രകാശിനെയും സുലോചനയെയും സംഘത്തെയും ഗാനം പരിശീലിപ്പിച്ചു. അവരതു ഭംഗിയായി വേദിയില്‍ പാടി.
ഈ ഗാനത്തിനൊരനുബന്ധ കഥ കൂടിയുണ്ട്. 1857 ലെ ഝാന്‍സി ലഹള, സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ആദ്യ പ്രത്യക്ഷ സമരമായി പരിഗണിച്ചു. 1957 ല്‍ അതിന്റെ ശതാബ്ദി വിപുലമായി ആഘോഷിക്കുവാന്‍ തീരുമാനമായി. തിരുവനന്തപുരത്തെ ആഘോഷങ്ങള്‍ പ്രഥമ രാഷ്ട്രപതിയായ ഡോ. രാജേന്ദ്രപ്രസാദാണ് ഉദ്ഘാടനം ചെയ്യുന്നത്. ആ വേദിയില്‍ കലാപരിപാടികള്‍ ഏകോപിപ്പിച്ചത് പൊന്‍കുന്നം വര്‍ക്കിയുടെ നേതൃത്വത്തിലാണ്. അവതരണഗാനത്തിന്റെ റിഹേഴ്സല്‍ തുടങ്ങി. അതിനിടയിലാണ് പോലീസ് ഐജിയുടെ വരവ്. രാഷ്ട്രപതി പങ്കെടുക്കുന്ന ചടങ്ങില്‍ അവതരിപ്പിക്കുന്ന പരിപാടികളുടെ സ്ക്രിപ്റ്റ് പരിശോധിക്കണം. പരിശോധിച്ചപ്പോള്‍ വരികളില്‍ രണ്ടിടത്ത് ‘ചെങ്കൊടി’ എന്ന് കണ്ടു.
അതനുവദിക്കാന്‍ പറ്റില്ലെന്നായി ഐജി ക്ഷുഭിതനായി. പൊട്ടിത്തെറിച്ച പൊന്‍കുന്നം വര്‍ക്കിയെ വയലാറും ദേവരാജനും പിടിച്ചൊതുക്കി. വയലാര്‍ ഒരു സങ്കോചവും കൂടാതെ ചെങ്കൊടിയ്ക്കു പകരം വേറെ വാക്ക് എഴുതി. ഐജിയ്ക്കു സന്തോഷം. ചടങ്ങില്‍ ഗാനാലാപനത്തിനായി ഗായകര്‍ വേദിയിലേയ്ക്കു നീങ്ങും മുന്‍പേ വയലാര്‍ ജോസ് പ്രകാശിന്റെയും സുലോചനയുടെയും കാതില്‍ പറഞ്ഞു. ”പാടുമ്പോള്‍ ചെങ്കൊടി തന്നെ പാടണം” അവര്‍ അനുസരിച്ചു പാടി. അധികൃതരാരും ശ്രദ്ധിച്ചില്ല. ആ ഗാനം പിന്നീട് മലയാളക്കര മുഴുവന്‍ ഏറ്റുപാടി.
”ബലികൂടീരങ്ങളേ… ബലി കൂടീരങ്ങളേ…
ഇവിടെ ജനകോടികള്‍ ചാര്‍ത്തുന്നു നിങ്ങളില്‍
സമരപുളകങ്ങള്‍ തന് സിന്ദൂരമാലകള്‍….”
വേദിയില്‍ ആ ഗാനം ആലപിച്ചത് സുലോചനയും ജോസ് പ്രകാശും ആയിരുന്നു എങ്കിലും പിന്നീട് ഈ ഗാനം കെപിഎസി നാടകങ്ങളുടെ അവതരണഗാനമാക്കി റിക്കാര്‍ഡ് ചെയ്തപ്പോള്‍ പാടിയത് കെ. എസ്. ജോര്‍ജ്ജും സുലോചനയുമായി. അല്‍പ്പാല്‍പ്പമായി ജോസ് പ്രകാശ് സംഗീതലോകത്തുനിന്നും പിന്‍വാങ്ങി. അതില്‍ അസാധാരണമായൊന്നും അദ്ദേഹം കണ്ടതുമില്ല. സംഗീതത്തില്‍ തന്നേക്കാള്‍ പശ്ചാത്തലജ്ഞാനവും മുഴുവന്‍ സമയവും അതിനായി സമര്‍പ്പിക്കുവാനുള്ള മനസ്സും സാവകാശവുമുള്ള നല്ല ഗായകര്‍ വരുമ്പോള്‍ അതു സ്വാഭാവികമാണ് എന്നാണ് അദ്ദേഹം അതെക്കുറിച്ചു പറയുന്നത്. നാടകത്തിന്റെ പിന്‍ബലവുമായി സിനിമയിലെത്തിയവരുടെ കഥകള്‍ക്കിടയില്‍ ഒരപവാദമാണ് സിനിമയിലെ യശസ്സുമായി നാടകരംഗത്തെത്തിയ ജോസ് പ്രകാശിന്റെ കഥ.
അന്നു പാടാനറിയുന്ന നടന്മാര്ക്കായിരുന്നു നാടകത്തില്‍ ഡിമാന്റ്. നാടകട്രൂപ്പിലേക്കു ക്ഷണിച്ചുകൊണ്ട് കെപിഎസിയില്‍നിന്നു ക്ഷണം വന്നു. ഒപ്പം മണര്‍കാടു പാപ്പന്റെ പിതാവ് കുഞ്ഞിപ്പാപ്പന്റെ ട്രൂപ്പിലേക്കുള്ള ക്ഷണവും. കുഞ്ഞിപ്പാപ്പന്‍ കുന്നേല്‍ ഔസേപ്പച്ചന്റെ ചങ്ങാതിയായിരുന്നു. ചങ്ങാതിയുടെ മകന് കെപിഎസിയുടെ മോഹവലയില്‍ പെടാതിരിക്കുവാന്‍ കുഞ്ഞിപ്പാപ്പന്‍ ഔസേപ്പച്ചന്റെ കാതില്‍ കെപിഎസി കമ്യൂണിസ്റ്റുകാരുടെ ട്രൂപ്പാണെന്നു പറഞ്ഞതോടെ ഔസേപ്പച്ചന് പ്രഖ്യാപിച്ചു.
”ബേബി കെപിഎസിയില്‍ പോകുന്നില്ല!”
അങ്ങനെ മണര്‍കാടു കുഞ്ഞിന്റെ ഐക്യകേരളം നടനകലാസമിതി ജോസ് പ്രകാശിന്റെ നാടകപ്രവേശനത്തിന് അരങ്ങായി. തിരുവിതാംകൂറും കൊച്ചിയും മലബാറും പ്രത്യേകം പ്രത്യേകം സംസ്ഥാനങ്ങളായിരുന്ന ആ കാലത്ത് തന്റെ നാടകട്രൂപ്പിന് ‘ഐക്യകേരളം’ എന്ന് പേരിട്ടത് കുഞ്ഞിപ്പാപ്പന്റെ ദീര്‍ഘദര്‍ശിത്വം കൊണ്ടാവണം. സിനിമയില്‍ ഒരു മുഴുവന്‍സമയനടനാകുന്നതുവരെ നാടകവുമായുള്ള ബന്ധം ജോസ് പ്രകാശ് തുടര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: