മങ്കര:രണ്ടു പതിറ്റാണ്ടുകളായിട്ടും പട്ടയം ലഭിക്കാതെ ഇരുപതോളം കുടുംബങ്ങള്‍ ദുരിതത്തില്‍. തെങ്കര പഞ്ചായത്തില്‍ കല്ലൂര്‍ രാജീവ്ഗാന്ധി ദശലക്ഷം പാര്‍പ്പിട പദ്ധതിയില്‍ ഉള്‍പ്പെട്ട ഇരുപതു കുടുംബങ്ങള്‍ പട്ടയത്തിനായി മുട്ടാത്തവാതിലുകളില്ല. വോട്ടുതേടിയെത്തുന്നവരോട് പലകുറി ആവശ്യമുന്നയിച്ചെങ്കിലും വാഗ്ദാനങ്ങള്‍ നല്കിയതല്ലാതെ ഇതുവരെ പാലിച്ചിട്ടില്ല.
പട്ടയമില്ലാത്തതുമൂലം വായ്പ അടക്കമുള്ള കാര്യങ്ങള്‍ക്ക് ബാങ്കിനെ സമീപിക്കാന്‍ കഴിയുന്നില്ലെന്ന് ഇവര്‍ പറയുന്നു. ജനപ്രതിനിധികള്‍ക്കും ജില്ലകളക്ടര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെല്ലാം നിരവധി തവണ നിവേദനവും പരാതികളും നല്‍കിയിട്ടും ഒരു പ്രയോജനവുമില്ല. രാജീവ്ഗാന്ധി ദശലക്ഷം പാര്‍പ്പിടപദ്ധതി പ്രകാരം നിര്‍മിച്ച വീടാണെങ്കിലും ഇവര്‍ക്ക് സൗജന്യമായല്ല വീടുനല്കിയിരിക്കുന്നതെന്നാണ് സത്യം.
സ്ഥലത്തിനും വീടിനുമായി 21,850രൂപ ഭവന നിര്‍മാണ ബോര്‍ഡില്‍ ഓരോ കുടുംബവും അടച്ചിട്ടുണ്ട്. അതും വായ്പാതുക തിരിച്ചടവ് കാലയളവുള്ളതിനാല്‍ 12.5 ശതമാനം പലിശ ചേര്‍ത്താണ് കൂലിപ്പണിക്കാരായ കുടുംബംഗങ്ങള്‍ അടച്ചുതീര്‍ത്തത്.
199495 വര്‍ഷത്തിലാണ് സംസ്ഥാന ഭവനനിര്‍മാണ ബോര്‍ഡ് കല്ലൂര്‍ പാരീസ് കവലയില്‍ രാജീവ് ദശലക്ഷം പദ്ധതിയില്‍ ലെയ്ന്‍ വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. രണ്ടരയേക്കര്‍ മിച്ചഭൂമിയാണ് ഇതിനായി കണ്ടെത്തിയത്. രണ്ടു സെന്റ് സ്ഥലത്ത് 250 ചതുരശ്രയടിയില്‍ വെട്ടുകല്ല് ഉപയോഗിച്ച് രണ്ടു മുറികളുള്ള 20 വീടുകളിലായി നൂറിനു പുറത്ത് ആളുകളാണ് താമസിക്കുന്നത്.
എന്നാല്‍ വീടുകളുടെ അതിര്‍ത്തി വേര്‍തിരിച്ചതും അടുപ്പും ഗേറ്റും ഉള്‍പ്പെടെയുള്ള സൗകര്യം ഉണ്ടാക്കിയതും ഇവിടത്തെ താമസക്കാരാണ്. മാത്രമല്ല മിക്ക വീടുകളിലും ശുചിമുറികളും ഇല്ല. വാര്പ്പുകഴിഞ്ഞ് ഉടനെ വീടുകൈമാറി ഭവനിര്‍മാണ ബോര്‍ഡ് കൈയൊഴിഞ്ഞു.
വാതിലുകള്‍, ജനലുകള്‍ എന്നിവ വച്ചതും തേപ്പു നടത്തിയതും താമസക്കാര്‍ക്ക്. താങ്കള്‍ക്ക് ഭവനനിര്‍മാണ ബോര്‍ഡ് നിശ്ചയിച്ച വീടിന്റെ വിലപ്രകാരം 21,850 രൂപയ്ക്ക് വീട് അനുവദിച്ചിരിക്കുന്നുവെന്ന ഒരു അലോട്ട്മെന്റ് ലെറ്ററല്ലാതെ വീട് സ്വന്തമാണെന്ന് വ്യക്തമാക്കാന്‍ ഒരു രേഖയും ഈ വീട്ടുകാരുടെ കൈവശമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: