പാലക്കാട്:മറ്റേതൊരു നഗരത്തോടും കിടപിടിക്കുന്ന വിധത്തില്‍ പാലക്കാടിനെ ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെ ജന്മഭൂമി സംഘടിപ്പിക്കുന്ന വികസനസെമിനാര്‍ ഇന്ന്. 2025ല്‍ നഗരം എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ചുള്ള വിഷയമാണ് അവതരിപ്പിക്കുക. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയും പൊതുജനങ്ങളുടെയും സഹായത്തോടുകൂടി ആധുനിക സൗകര്യങ്ങളുള്ള ഒരു നഗരമാക്കി പാലക്കാടിനെ മാറ്റിയെടുക്കുകയെന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. കോടിക്കണക്കിന് രൂപ വികസനത്തിനായി നീക്കിവയ്ക്കുമ്പോള്‍ അതിനെ ശരിയായ അര്‍ത്ഥത്തിലും രൂപത്തിലും ഫലപ്രദമായി ഉപയോഗിക്കുകയെന്നതാണ് ലക്ഷ്യം.
ജൈനിമേട് എന്‍.എന്‍.എസ് കണ്വെന്ഷന് സെന്ററില്‍ വൈകിട്ട് 3.30ന് നടക്കുന്ന പരിപാടി കേന്ദ്രപാര്‍ലമെന്ററികാര്യ, രാസവസ്തു-രാസവള വകുപ്പ് മന്ത്രി അനന്ത്കുമാര്‍ ഉദ്ഘാടനം ചെയ്യും.ജന്മഭൂമി മാനേജിംഗ് ഡയറക്ടര്‍ എം.രാധാകൃഷ്ണന് അദ്ധ്യക്ഷത വഹിക്കും.
ജില്ലയിലെ പ്രമുഖ വ്യക്തിത്വങ്ങള്‍, ചരിത്രം, സംസ്കാരം, സാഹിത്യം, സംഗീതം, രാഷ്ട്രീയം, കല എന്നീ രംഗങ്ങളുടെ സവിശേഷത വിശദീകരിക്കുന്ന പാലക്കാടന്‍ പെരുമ എന്ന പുസ്തകം ഒ.രാജഗോപാല്‍ എംഎല്‍എ പ്രകാശനം ചെയ്യും. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് മുഖ്യപ്രഭാഷണം നടത്തും.
ജില്ലയില്‍ അറിയപ്പെടാതെ കിടക്കുന്ന അതേസമയം സംസ്കാരത്തിന്റെ തനിമയും പാരമ്പര്യവും ഉള്‍ക്കൊള്ളുന്ന കേന്ദ്രങ്ങള്‍, വിനോദസഞ്ചാരകേന്ദ്രങ്ങള്‍, പാലക്കാടിന്റെ മഹിമ ഉയര്‍ത്തിപ്പിടിക്കുന്ന ഉത്സവാഘോഷങ്ങള്‍, ആരാധനാലയങ്ങള്‍, നൂറുകണക്കിന് സിനിമകളുടെ ചിത്രീകരണം നടന്നയിടങ്ങള്‍,വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഭാരതത്തിന്റെ നാമധേയം ഉള്‍ക്കൊള്ളുന്ന ഏക നദി ഭാരതപ്പുഴ തുടങ്ങി അമ്പതിലധികം വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ചതാണ് പുസ്തകം. മുണ്ടൂര്‍ സേതുമാധവന്,മണ്ണൂര്‍ രാജകുമാരനുണ്ണി, ഡോ. പി.കെ.മാധവന്, കൂമുള്ളി ശിവരാമന്, ഡോ.പി.മുരളി, ഡോ.പി.അച്യുതന് തുടങ്ങി പ്രമുഖ എഴുത്തുകാര്‍ അണിനിരന്നിട്ടുണ്ട്. 150 രൂപാവിലയുള്ള പുസ്തകം ഉദ്ഘാടനത്തോടനുബന്ധിച്ച് 100 രൂപക്ക് ലഭിക്കും.
നഗരസഭ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന്, വൈസ് ചെയര്മാന് സി.കൃഷ്ണകുമാര്‍, ആര്‍എസ്എസ് വിഭാഗ് സംഘചാലക് വി.കെ.സോമസുന്ദരന്‍, ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റ് എന്‍.ശിവരാജന്, ജില്ലാ പ്രസിഡന്റ് അഡ്വ.ഇ.കൃഷ്ണദാസ്, ബിഎംഎസ് ജില്ലാ സെക്രട്ടറി സി.ബാലചന്ദ്രന്, കൗണ്‍സിലര്‍ വി.നടേശന്,ഡോ.സിദ്ദിഖ് ഹസന് എന്നിവര്‍ പങ്കെടുക്കും. വിവിധ രംഗങ്ങളില്‍ പ്രാഗത്ഭ്യം നേടിയ പ്രമുഖ വ്യക്തികളെ ചടങ്ങില്‍ ആദരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: